കോഴിക്കോട്: ബസിൽ ലൈംഗിക അതിക്രമം നടത്തിയെന്ന പ്രചാരണത്തിന് പിന്നാലെ ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയതിൽ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തത്. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് കേസെടുത്തത്. കോഴിക്കോട്ടെ ദീപക്കിൻ്റെ വീട്ടിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തി. സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
അതേസമയം, കേസിൽ പൊലീസിന് മെല്ലപ്പോക്കെന്ന് കുടുംബം ആരോപിച്ചു. ദീപക് ജീവനൊടുക്കാൻ കാരണം കടുത്ത മാനസിക സമ്മർദമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ചുള്ള ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ യുവതിയുടെ വീഡിയോ ദീപക്കിനെ തളർത്തിയിരുന്നുവെന്ന് സുഹൃത്തുക്കളും പറയുന്നു. ഇതോടെയാണ് യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ദീപകിന്റെ കുടുംബം തീരുമാനിച്ചത്. യുവതിയുടേത് കരുതി കൂട്ടിയുള്ള പ്രവർത്തിയാണെന്നും കൊലക്കുറ്റം ചുമത്തണമെന്നുമാണ് ആവശ്യം . മറ്റ് പ്രശ്നങ്ങളൊന്നും ദീപക്കിനുണ്ടായിരുന്നില്ലെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ദൃശ്യങ്ങൾ മാനസികമായി തളർത്തിയതാണ് മരണത്തിലേക്ക് നയിച്ചെതെന്നും കുടുംബം പരാതിയിൽ ചൂണ്ടിക്കാട്ടി.
സാമൂഹ്യ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസിൽവെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ദുരുദ്ദേശ്യത്തോടെ യുവാവ് ശരീരത്തിൽ സ്പർശിച്ചെന്ന് കാണിച്ച് വടകര പൊലീസിൽ പരാതിയും നൽകിയിരുന്നു.
പിന്നാലെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി ദീപകിനെതിരെ സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവച്ചിരുന്നു. ഇത് വലിയ രീതിയിൽ പ്രചരിച്ചു. 20 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. നിരവധിയാളുകൾ ഇത് പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ ദീപക്ക് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്ന് കുടുംബം പറയുന്നു. സമൂഹമാധ്യമങ്ങളിൽ റീച്ച് കൂട്ടുക എന്ന നിലയിലാണ് പെൺകുട്ടി വീഡിയോ ചിത്രീകരിച്ചതെന്നും ദീപകിന്റെ കുടുംബം ആരോപിക്കുന്നു.