കോഴിക്കോട്: കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് പിന്നാലെ അത്തോളിയിലെ വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെയും നിക്ഷേപകരുടെ പരാതി. ജോലി വാഗ്‌ദാനം നൽകി സ്ഥിര നിക്ഷേപം വാങ്ങി കബളിപ്പിച്ചുവെന്നാണ് ആരോപണം.
പൊലീസിന് പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല. പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ സൊസൈറ്റി പ്രസിഡൻ്റിൻ്റെ ഭർത്താവ് ഗിരീഷ് മൊടകല്ലൂർ ഭീഷണിപ്പെടുത്തിയതായും ബാലഗോപാലൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. എന്നാൽ സൊസൈറ്റി പ്രസിഡൻ്റ് പ്രബിത ആരോപണം നിഷേധിച്ചു.
വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്താനും, ചെറുകിട സമ്പാദ്യങ്ങൾ പ്രോത്സാഹിപ്പിക്കാനും, കുറഞ്ഞ പലിശനിരക്കിൽ വായ്പകൾ ലഭ്യമാക്കാനും 18 വർഷം മുൻപ് ആരംഭിച്ചതാണ് അത്തോളി വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി. എന്നാൽ ഗുരുതര ആരോപണങ്ങളാണ് സൊസൈറ്റിക്കെതിരെ ഉയരുന്നത്. മരുമകൾക്ക് സൊസൈറ്റിയിൽ ക്ലർക്ക് തസ്തികയിൽ സ്ഥിരം നിയമനം ലഭിക്കാനായി 25 ലക്ഷം രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടെന്ന് നടുവണ്ണൂർ സ്വദേശി ബാലഗോപാലൻ ആരോപിച്ചു.
റവന്യൂ വകുപ്പിൽ നിന്ന് വിരമിച്ച ബാലഗോപാലൻ പെൻഷൻ തുകയിൽ നിന്നുള്ള 6 ലക്ഷം അടക്കം ആകെ 19 ലക്ഷം രൂപയും നിക്ഷേപമായി നൽകി. എന്നാൽ വാഗ്ദാനം ചെയ്ത ജോലി നൽകാതെ കബളിപ്പിച്ച സൊസൈറ്റി, 2 ലക്ഷം രൂപ മാത്രമാണ് തിരിച്ചു നൽകിയത്. പലതവണ നിക്ഷേപത്തുക തിരിച്ച് ചോദിച്ചെങ്കിലും പല കാരണങ്ങൾ പറഞ്ഞ് മടക്കി അയക്കുകയായിരുന്നു എന്നും ബാലഗോപാലൻ പറഞ്ഞു.
നിരന്തരമായി നിക്ഷേപത്തുക തിരിച്ച് ചോദിച്ചതിന് പിന്നാലെ ഗിരീഷ് മൊടകല്ലൂർ മൂന്നുലക്ഷം രൂപയുടെ ചെക്ക് നൽകിയെന്നും എന്നാൽ ചെക്ക് മടങ്ങിയെന്നും ബാലഗോപാലൻ പറഞ്ഞു. എന്നാൽ അത്തരമൊരു ചെക്കിനെ കുറിച്ച് അറിയില്ലെന്നാണ് സൊസൈറ്റി പ്രസിഡൻ്റ് പ്രബിതയുടെ വിശദീകരണം. കടത്തനാട് ലേബർ സൊസൈറ്റിക്ക് സമാനമായ തട്ടിപ്പാണ് അത്തോളിയിലും നടന്നിരിക്കുന്നതെന്നും അന്വേഷണം വേണമെന്നും നിക്ഷേപകർ ആവശ്യപ്പെടുന്നു.