കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ അപകടാവസ്ഥയിൽ; 80% തൂണുകൾക്കും ബലക്ഷയമെന്ന് റിപ്പോർട്ട്

കെട്ടിട നിർമാണത്തിൽ അപാകതയുണ്ടെന്നും, അഴിമതി നടന്നെന്നും കോഴിക്കോട് നോർത്ത് മണ്ഡലം എംഎൽഎ അഡ്വ. കെ. ജയന്ത്...
കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ അപകടാവസ്ഥയിൽ; 80% തൂണുകൾക്കും ബലക്ഷയമെന്ന് റിപ്പോർട്ട്
Source: News Malayalam 24x7
Published on
Updated on

കോഴിക്കോട്: കെഎസ്ആർടിസി ബസ് ടെർമിനലിലെ 80 ശതമാനം തൂണുകൾക്കും ബലക്ഷയമെന്ന് റിപ്പോർട്ട്. 11 വർഷം മുൻപ് 74 കോടി ചിലവഴിച്ച് നിർമിച്ച കെട്ടിടമാണ് അപകടാവസ്ഥയിലായിരിക്കുന്നത്. അതേസമയം, കെട്ടിട നിർമാണത്തിൽ അപാകതയുണ്ടെന്നും, അഴിമതി നടന്നെന്നും കോഴിക്കോട് നോർത്ത് മണ്ഡലം എംഎൽഎ അഡ്വ. കെ. ജയന്ത് ആരോപിച്ചു. അറ്റകുറ്റപ്പണികള്‍ കൊണ്ട് പ്രശ്ന പരിഹാരമാകില്ലെന്നും, ടെർമിനല്‍ പൊളിച്ചുകളയേണ്ട സാഹചര്യമാണെന്നും കെ. ജയന്ത് ന്യൂസ് മലയാളത്തോട് പറഞ്ഞു.

പതിനൊന്ന് വർഷം മുൻപ് 74.63 കോടി രൂപ ചെലവഴിച്ചാണ് കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ നിർമാണം പൂർത്തിയാക്കിയത്. കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്നും അപകടാവസ്ഥയിലാണെന്നും മദ്രാസ് ഐഐടിയുടെ പഠന റിപ്പോർട്ടിൽ വ്യക്തമാണ്. 37 കോടി രൂപ ചിലവഴിച്ച് അറ്റകുറ്റപ്പണി നടത്തണമെന്ന് റിപ്പോർട്ട് നിർദേശിച്ചിട്ടും തുടർ നടപടി എങ്ങുമെത്തിയിട്ടില്ല.

കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ അപകടാവസ്ഥയിൽ; 80% തൂണുകൾക്കും ബലക്ഷയമെന്ന് റിപ്പോർട്ട്
ചിറ്റാറിലെ യുവാവിൻ്റെ മരണം കൊലപാതകം? അവശനിലയിൽ കണ്ടെത്തിയത് വീടിന് സമീപത്തെ കുഴിയിൽ

കെട്ടിടത്തിലെ 80 ശതമാനം തൂണുകൾക്കും ബലക്ഷയം ഉണ്ട്. സീലിങ്ങിലെ ചോർച്ചയും അപകട സാധ്യത വർദ്ധിപ്പിക്കുന്നു. ടെർമിനലിന് ബലക്ഷയമുണ്ടെന്ന ഗൗരവമേറിയ പഠന റിപ്പോർട്ട് നിലനിൽക്കെ ആര് അറ്റകുറ്റപ്പണി ഏറ്റെടുക്കുമെന്ന തർക്കമാണ് മറുവശത്ത്. എന്നാൽ അറ്റകുറ്റപ്പണികള്‍ കൊണ്ട് പരിഹരിക്കാവുന്നതല്ല നിലവിലെ പ്രശ്നങ്ങളെന്നാണ് കോഴിക്കോട് നോർത്ത് എംഎൽഎ കെ ജയന്ത് പറയുന്നത്.

2015ൽ കെഎസ്ആർടിസി ടെർമിനൽ ഉദ്ഘാടനം ചെയ്യുമ്പോൾ കെട്ടിടത്തിലെ കടകളിൽ നിന്നും വലിയ വരുമാനം പ്രതീക്ഷിച്ചിരുന്നെങ്കിലും, വ്യാപാരികള്‍ മാറി നിന്നത് തിരിച്ചടിയായി. നിർമാണത്തിലും രൂപകൽപനയിലും അപാകതകള്‍ ഏറെയുള്ള ടെർമിനലിലെ ദുരിതവും, അപകടഭീഷണിയും മഴക്കാലത്ത് ഇരട്ടിയാകും. മഴ ശക്തമായാല്‍ മുകള്‍ നില മുതൽ പാർക്കിംഗ് സ്ഥലം വരെ വെള്ളക്കെട്ടുണ്ടാകുന്നത് പതിവാണ്.

ടെർമിനലുമായി ബന്ധപ്പെട്ട ആശങ്ക വകുപ്പ് മന്ത്രി ധരിപ്പിച്ചിട്ടുണ്ടെന്നും, പരിഹാര മാർഗങ്ങള്‍ തേടുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു. ടെർമിനൽ നിർമാണത്തിലെ അപാകതയും അഴിമതിയും പുറത്തുകൊണ്ടുവരുമെന്നും കെ. ജയന്ത് വ്യക്തമാക്കി. ബലക്ഷയമുണ്ടെന്ന ഗൗരവമേറിയ പഠന റിപ്പോർട്ടില്‍ അവഗണന തുടരുന്നത് ഒഴിവാക്കാവുന്ന ദുരന്തത്തെ ക്ഷണിച്ചുവരുത്തുകയാണെന്ന ആശങ്ക സൃഷ്ടിക്കുകയാണ്.

News Malayalam 24x7
newsmalayalam.com