
കോഴിക്കോട്: മൂന്ന് പതിറ്റാണ്ടായി പാലത്തിനു വേണ്ടി കാത്തിരിക്കുന്ന ഒരു ഗ്രാമമുണ്ട്. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പള്ളിക്കടവ് നിവാസികളാണ് പാലത്തിനു വേണ്ടി കാലങ്ങളായി മുറവിളി തുടരുന്നത്. ചാലിയാറിൽ നിന്ന് മാമ്പുഴയിലേക്ക് നിർമിച്ച ബി കെ കനാലിലാണ് പാലമില്ലാത്തത്.
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഒടുംമ്പ്രയെയും കോഴിക്കോട് കോർപ്പറേഷനിൽ ഉൾപ്പെട്ട കോട്ടുമ്മലിനെയും ബന്ധിപ്പിച്ച് പാലം നിർമിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ കയറിയിറങ്ങാത്ത വാതിലുകളില്ല. ഇന്ന് കണ്ണെത്തുന്ന ദൂരത്ത് പോകണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണ്. വർഷങ്ങൾക്കു മുമ്പ് ഇരുകരകളെയും ബന്ധിപ്പിച്ച് കടത്ത് തോണി ഉണ്ടായിരുന്നെങ്കിലും അത് അവസാനിപ്പിച്ചിട്ട് ഏറെക്കാലമായി.
1996ൽ പാലത്തിനു വേണ്ടി നാട്ടുകാർ ഒത്തുകൂടി, ജനകീയ കമ്മിറ്റി രൂപീകരിച്ചു. പിന്നാലെ പണം സ്വരൂപിച്ച് പാലത്തിനു വേണ്ടി ബി കെ കനാലിന്റെ ഒത്ത നടുക്ക് തൂണ് നിർമിച്ചു.തൊട്ടടുത്ത വർഷം കനാലിന് ഇരുവശത്തും അപ്പ്രോച്ച് റോഡ് ബന്ധിപ്പിക്കുന്നതിന് ബണ്ടുകളും നിർമിച്ചു. അതിനുശേഷം താൽക്കാലിക മരപ്പാലം നിർമ്മിക്കാൻ ഫണ്ട് വകയിരുത്തിയെങ്കിലും പ്രവൃത്തി നടക്കാതെ പണം നഷ്ടമായിപ്പോയി.
അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച ചില തർക്കങ്ങൾ കാരണം പല ഫണ്ടും നഷ്ടമാവുകയാണെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. നിലവിൽ 19.18 കോടി രൂപയുടെ ഭരണാനുമതി വീണ്ടും പാലത്തിനു വേണ്ടി തേടിയിട്ടുണ്ട്. എന്നാൽ സ്ഥലമേറ്റടുക്കൽ സംബന്ധിച്ച പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അതിലും അനിശ്ചിതാവസ്ഥയാണ്.