

കോഴിക്കോട്: ഇന്ത്യൻ കായിക ഭൂപടത്തിൽ ബോക്സിങ് ഗ്രാമം എന്ന് അടയാളപ്പെടുത്തിയ കോഴിക്കോട് പൂളാടിക്കുന്നിലെ പരിശീലനം പ്രതിസന്ധിയിൽ. ആധുനിക ബോക്സിങ് റിങ്ങെന്ന ആവശ്യത്തിന് പുല്ലുവില കൽപ്പിച്ച് തള്ളിയതിന് പുറമെ അടിസ്ഥാന സൗകര്യങ്ങൾക്കും നിലവിൽ തിരിച്ചടി നേരിടുകയാണ്.
രാജ്യാന്തര തലത്തിൽ നിരവധി ചാമ്പ്യന്മാരെ സമ്മാനിച്ച പരിശീലന കളരിയാണ് അവഗണന നേരിടുന്നത്. ജീവിതകാലം മുഴുവൻ ബോക്സിങ്ങിനായി മാറ്റിവെച്ച പുത്തലത്ത് രാഘവൻ, രാജ്യത്തുതന്നെ ആദ്യമായി ഒരു ബോക്സിങ് ഗ്രാമം സൃഷ്ടിച്ച കായിക പ്രേമിയാണ്. സംസ്ഥാനത്ത് ആദ്യമായി പെൺകുട്ടികൾക്ക് ബോക്സിങ് പരിശീലനം നൽകിയ രാഘവൻ നിരവധി ദേശീയ താരങ്ങളെയാണ് കേരളത്തിന് സമ്മാനിച്ചത്.
ദേശീയ ചാമ്പ്യന്മാരുൾപ്പെടെ നൂറുകണക്കിന് ബോക്സിങ് താരങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്. പുത്തലത്ത് രാഘവൻ തയ്യാറാക്കിയ മൈതാനത്തായിരുന്നു ആദ്യ കാലങ്ങളിൽ പരിശീലനം. പിന്നീട് ദേശീയ പാതാ നിർമാണത്തിൻ്റെ ഭാഗമായി സ്ഥലം വിട്ടുനൽകേണ്ടി വന്നതോടെ പരിശീലനം കോർപ്പറേഷൻ നിർമിച്ച ഗ്രൗണ്ടിലേക്ക് മാറ്റി.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകണം എന്ന ആവശ്യം പലപ്പോഴായി അധികാരികളെ ധരിപ്പിച്ചിട്ടും അനുകൂല നിലപാട് ഉണ്ടായില്ല. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ബോക്സിങ് റിങ് നിർമിച്ച് നൽകണമെന്നാണ് ആവശ്യം. പരിശീലനത്തിനിടെ ശക്തമായൊരു മഴ പെയ്താൽ, ഇടുങ്ങിയ മുറിയിലേക്ക് മാറണം.
പെൺകുട്ടികൾക്ക് ഡ്രസിങ് റൂം പോലുമില്ല എന്നതും വലിയ പ്രതിസന്ധിയാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകിയാൽ ലോക നിലവാരത്തിലുള്ള താരങ്ങളെ സൃഷ്ടിക്കാനാകും എന്ന പ്രതീക്ഷ ഈ ഗ്രാമത്തിനുണ്ട്.