

തിരുവനന്തപുരം: കേരളമൊഴികെയുള്ള സംസ്ഥാനങ്ങൾ വ്യവസായ നിക്ഷേപങ്ങളും നികുതിവരുമാന വർദ്ധനവും വികസനവും സാധ്യമാക്കുമ്പോൾ, കേരളത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ‘സരൾ കേരളം’ പൂർണ പരിഹാരമാണെന്ന് കെ.പി നൗഷാദ് അലി എം.എൽ.എ. നിയമസഭയിൽ ബില്ലിനെ പിന്തുണച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങൾ തേങ്ങയുടക്കുമ്പോൾ ഒരു ചിരട്ട ഉടക്കാനെങ്കിലും കേരളത്തെ പ്രതിപക്ഷം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിനു നികുതിയും തൊഴിലും ലഭിക്കേണ്ട വൻകിട നിക്ഷേപങ്ങളും കേരളവിപണി ലക്ഷ്യമിട്ടുള്ള സംരംഭങ്ങളും വിപണന കേന്ദ്രീകൃത വ്യവഹാരങ്ങളും വാളയാറിനും കോയമ്പത്തൂരിനും ഇടയിൽ മാത്രമായി നൂറുകണക്കിനുണ്ട്. സരൾ നിയമമാവുന്നതോടെ കേരളം അനാകർഷകമാവുന്ന സ്ഥിതി അവസാനിക്കുമെന്നും നൗഷാദ് ആലി പറഞ്ഞു.
സരൾ നിയമം നിലവിൽ വന്നാൽ വ്യവസായങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നത് അതിവേഗത്തിലാകും. സെക്രട്ടറിയേറ്റിൽ അപേക്ഷ വന്നാൽ 10 ദിവസത്തിനകം ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി, 30 ദിവസത്തിനകം വകുപ്പുകൾ അപ്രൈസൽ കമ്മറ്റിക്കും, 15 ദിവസത്തിനും അപ്രൂവൽ കമ്മറ്റിക്കും കൈമാറും. തുടർന്ന് 20 ദിവസത്തിനകം തീരുമാനമെടുത്ത് അന്നേ ദിവസം തന്നെ ലൈസൻസ് അനുവദിക്കുന്ന പുതിയ നിയമം കേരളത്തെ ബഹുദൂരം മുന്നോട്ടു നയിക്കും. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയും, ഉത്തരവാദിത്തം നിർവ്വഹിച്ച ഉദ്യോഗസ്ഥർക്ക് പ്രതികാര നടപടികളിൽ നിന്നുള്ള സംരക്ഷണവും നിയമം ഉറപ്പുവരുത്തുന്നു. - അദ്ദേഹം പറഞ്ഞു.
സംരംഭകൻ്റെ വീഴ്ചകൾക്ക് ബന്ധപ്പെട്ട വകുപ്പുകൾ നടപടി കൈകൊള്ളുന്നതിനു പകരം അംഗീകാര കമ്മറ്റിക്ക് ശുപാർശകൾ സമർപ്പിക്കുകയാണ് വേണ്ടത്. സമാനമായി ജില്ലാതീർപ്പിലെ അന്യായം സംസ്ഥാന സമിതിക്ക് അപ്പിലായി നൽകാനും അതിൽ 45 ദിവസത്തിനകം തീരുമാനമെടുക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. ഘട്ടം ഘട്ടമായി വിശദീകരണം ചോദിക്കുന്നതിനു പകരം കൺസോളിഡേറ്റഡ് ഡിഫക്ട് മെമ്മോ നൽകാൻ നിയമം അനുശാസിക്കുന്നു. ബില്ലിനെ എതിർത്ത് കേരളത്തെ ദ്രോഹിക്കരുതെന്നും കെപി നൗഷാദ് അലി ആവശ്യപ്പെട്ടു.