"ഇത്രയും വോട്ട് കിട്ടുന്ന ആളെ തള്ളാന്‍ പറ്റില്ലല്ലോ"; അൻവറിൻ്റെ യുഡിഎഫ് പ്രവേശന സാധ്യതകള്‍ മങ്ങിയിട്ടില്ലെന്ന സൂചന നല്‍കി കെപിസിസി പ്രസിഡൻ്റ്

"അൻവറിന് ജനങ്ങള്‍ക്കിടയില്‍ ബന്ധങ്ങളുണ്ടെന്ന് വോട്ടിലൂടെ തെളിയിച്ചു"
Sunny Joseph and P.V. Anvar
സണ്ണി ജോസഫ്, പി.വി. അൻവർSource: Facebook
Published on

അന്‍വറിന്റെ യുഡിഎഫ് പ്രവേശന സാധ്യതകള്‍ മങ്ങിയിട്ടില്ലെന്ന സൂചന നല്‍കി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. "സർക്കാരിനെതിരെ ശക്തമായ കാര്യങ്ങള്‍ ഉന്നയിച്ചാണ് അന്‍വർ രാജിവെച്ചത്. അദ്ദേഹത്തിന് ജനങ്ങള്‍ക്കിടയില്‍ ബന്ധങ്ങളുണ്ടെന്ന് വോട്ടിലൂടെ തെളിയിച്ചു. ഇത്രയും വോട്ട് കിട്ടുന്ന ആളെ തള്ളാന്‍ പറ്റില്ലല്ലോ," സണ്ണി ജോസഫ് പറഞ്ഞു.

അന്‍വറിന്റെ യുഡിഎഫ് പ്രവേശനം താന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ലെന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. "അന്‍വറിനെ തള്ളുമോ കൊള്ളുമോ എന്ന് ആലോചിച്ച് തീരുമാനിക്കും. അടഞ്ഞ വാതില്‍ വേണമെങ്കില്‍ തുറക്കാം. പിന്നെന്തിനാ താക്കോല്‍, അത് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേർത്തു.

Sunny Joseph and P.V. Anvar
News Malayalam 24x7 I Live Updates | Kerala Latest News | Malayalam News Live

അതേസമയം, പിണറായിസത്തിനെതിരെയുള്ള വോട്ടാണ് പിടിച്ചുകൊണ്ടിരിക്കുന്നതെന്ന് പി.വി. അന്‍വർ പ്രതികരിച്ചു. വോട്ട് പിടിക്കുന്നത് എല്‍ഡിഎഫ് ക്യാംപില്‍ നിന്നാണെന്ന് അന്‍വർ വ്യക്തമാക്കി. നടക്കുന്നത് പിണറായിസവും ജനകീയസവും തമ്മിലുള്ള പോരാട്ടമെന്നും അന്‍വർ പറഞ്ഞു. "ഞാന്‍ പറയുന്ന പിണറായിസം കേരളം മുഴുവന്‍ നിലനില്‍ക്കുകയാണ്. മലയോര വിഷയം 63 മണ്ഡലങ്ങളില്‍ സജീവമാണ്. വന്യജീവി വിഷയത്തില്‍ പരിഹാരമുണ്ടാക്കാതെ 2026ല്‍ എളുപ്പത്തില്‍ സർക്കാർ രൂപീകരിക്കാമെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അത് നടക്കില്ല. മലയോര മേഖലയിലെ മുഴുവന്‍ കർഷക സംഘടനകളേയും കൂട്ടി ശക്തമായ ഇടപെടല്‍ നടത്തും. ശക്തമായ നിലപാട് സ്വീകരിച്ചാല്‍ യുഡിഎഫിന് ഒപ്പം. അല്ലെങ്കില്‍, ഇവിടെ ഒരു ജനകീയ മൂന്നാം മുന്നണിയായി ഈ വിഷയം ഉയർത്തിക്കാട്ടി മുന്നോട്ട് പോകും. കണ്ണടച്ച് ഇരുട്ടാക്കുന്നതിന് പകരം കണ്ണ് തുറന്ന് കാണാന്‍ യുഡിഎഫ് നേതൃത്വം തയ്യാറായാല്‍ എല്ലാവർക്കും നല്ലത്," അന്‍വർ പറഞ്ഞു.

അതേസമയം, വോട്ടെണ്ണലിൻ്റെ ഒൻപതാം റൗണ്ട് കടന്നപ്പോൾ ആര്യാടൻ ഷൗക്കത്തിൻ്റെ ലീഡ് 5814 ആയി. ഒൻപത് റൗണ്ടുകളിൽ ആകെ ഒരു റൗണ്ടിൽ മാത്രമാണ് സ്വരാജിന് ഒന്നാമതെത്താനായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com