ശബരിമല സ്വർണ്ണ കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് നിലവിലെ ദേവസ്വം ബോർഡ് ഭരണസമിതിക്ക് കാലാവധി നീട്ടി കൊടുക്കാനുള്ള നീക്കമെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ. തെളിവ് നശിപ്പിക്കുന്നതിന് സമയവും സാഹചര്യവും നൽകിയത് ഗുരുതര വീഴ്ചയാണ്. ഈ കേസിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണം ഒരു മാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ ഒരു പുരോഗതിയുമില്ല.സർക്കാരിന്റെത് ദേവസ്വം ബോർഡ് അംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരെ സംരക്ഷിക്കുന്ന നിലപാടാണ്.
കാര്യക്ഷമമായ ചോദ്യം ചെയ്യൽ നടക്കുന്നില്ല.നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കുന്നില്ല. അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്. ഹൈക്കോടതിയുടെ നിരീക്ഷണവും മേൽനോട്ടവും ഇല്ലായിരുന്നെങ്കിൽ ഇത് തെളിയിക്കപ്പെടാത്ത കേസായി ഒതുങ്ങുമായിരുന്നു. കാലാവധി നീട്ടി നിൽക്കുന്നതിന് പകരം ബോർഡ് പിരിച്ചുവിട്ടു കുറ്റക്കാരെ അറസ്റ്റ് ചെയ്തു തെളിവുകൾ ശേഖരിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
സ്വർണക്കൊള്ളയിൽ നിലവിലുള്ള ദേവസ്വം ബോർഡിന് പങ്കുണ്ടോ എന്ന സംശയം ഹൈക്കോടതി ഉന്നയിച്ചിരുന്നു. തിരുവതാംകൂർ ദേവസ്വം ബോർഡിൻ്റെ മിനുട്സ് ബുക്കിൽ പിശകുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി.ശബരിമലയിലെ പരമാധികാരി ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നെന്ന പ്രതിപക്ഷ ആരോപണത്തിനും ഹൈക്കോടതി അടിവരയിട്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചത്. നിലവിലെ ദേവസ്വം ബോര്‍ഡിന് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. കൊള്ളസംഘത്തെ ചവിട്ടി പുറത്താക്കുന്നതിനു പകരം അവരുടെ കാലാവധി നീട്ടി നല്‍കാനാണ് സര്‍ക്കാരും സി.പി.എമ്മും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിനെ അറസ്റ്റ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വാസു കുടുങ്ങിയാല്‍ മന്ത്രിമാരും സിപിഐഎം നേതാക്കളും കുടുങ്ങും. സ്വര്‍ണക്കൊള്ളയില്‍ പങ്കുള്ള നിലവിലെ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്നും സതീശൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.