കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സസ്പെൻഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല. പാർട്ടിക്ക് പരാതി ലഭിച്ചിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളെ ഗൗരവമായി കാണുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
എംഎൽഎ സ്ഥാനത്തുനിന്നും രാജി ആവശ്യപ്പെടാനുള്ള ധാർമികത രാഷ്ട്രീയ എതിരാളികൾക്കില്ല. അവർ പറയുന്നതിൽ ഒരു യുക്തിയിമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. എഫ്ഐആറും ചാർജ് ഷീറ്റും ഉണ്ടായിട്ട് പോലും സ്ത്രീപീഡന കേസുകളിൽ രാഷ്ട്രീയ എതിരാളികൾ എംഎൽഎ സ്ഥാനം രാജി വച്ചിട്ടില്ല. അത്തരത്തില്‍ ആവശ്യം ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് ധാര്‍മികതയും ഇല്ലെന്നും സണ്ണി ജോസഫ് വിമർശിച്ചു.
ഇനി മുതൽ രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിൻ്റെ നിയമസഭാ കക്ഷി അംഗമല്ല. എല്ലാവരും ഒരേ സ്വരത്തില്‍ എടുത്ത തീരുമാനമാണ് രാഹുലിന്‍റെ സസ്പെന്‍ഷന്‍. ഇക്കാര്യം രാഹുൽ മാങ്കൂട്ടത്തിലിനെ നേരിട്ട് അറിയിച്ചുവെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. പാർട്ടിക്ക് ഉള്ളിൽ നിന്ന് ഉയർന്ന രാഹുലിൻ്റെ രാജി ആവശ്യം നേതൃത്വം പരിശോധിച്ചിരുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ചാണ് നിലവിൽ സസ്പെൻഡ് ചെയ്തത്. രാജിവയ്ക്കുക എന്ന കീഴ്വഴക്കം കേരളത്തിൽ ഇല്ലെന്നും, രാഷ്ട്രീയ ശത്രുക്കളുടെ ഉദ്ദേശ്യം എന്താണ് എന്ന് അറിയാമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.