നിലമ്പൂർ വോട്ടെടുപ്പ് പുരോഗമിക്കുന്ന സമയം തന്നെ കോൺഗ്രസ് നേതൃത്വത്തിന് എതിരെ വെടി പൊട്ടിച്ച് ശശി തരൂർ. വിളിച്ചിരുന്നെങ്കിൽ നിലമ്പൂരിൽ പോയി പ്രചാരണത്തിൽ പങ്കെടുക്കുമായിരുന്നു. എന്നാൽ ഒരു മിസ്ഡ് കോളിലൂടെ പോലും ആരും തന്നെ ക്ഷണിച്ചിട്ടില്ലെന്നും തരൂർ തുറന്നടിച്ചു. കോൺഗ്രസ് തന്നെ വിളിച്ചില്ല, എന്നാൽ കേന്ദ്രസർക്കാർ രാജ്യത്തിനുവേണ്ടി തൻ്റെ സേവനം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആരേയും ക്ഷണിക്കേണ്ട കാര്യമില്ല എന്നായിരുന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിൻ്റെ പ്രതികരണം.
കോൺഗ്രസ് നേതൃത്വത്തിലെ ഒട്ടെല്ലാവരും നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നു. പ്രവർത്തകസമിതി അംഗവും മുതിർന്ന എംപിയുമായ തരൂരിൻ്റെ അസാന്നിദ്ധ്യം അന്നേ വാർത്തയായിരുന്നു. വിദേശത്തുനിന്ന് മടങ്ങിയെത്തിയിട്ടും തരൂർ നിലമ്പൂരിലേക്കെത്തിയില്ല. അതിനുള്ള വിശദീകരണം വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ആരോപണമാക്കി ആഞ്ഞടിച്ച് തരൂർ നേതൃത്വത്തെ ഒരിക്കൽക്കൂടി വെട്ടിലാക്കി.
അകത്ത് പുകയുന്ന അതൃപ്തി തുറന്നടിക്കാൻ തീരുമാനിച്ചുറപ്പിച്ച് തന്നെയായിരുന്നു തരൂർ. പ്രതികരണത്തിനായി സമീപിച്ച മാധ്യമപ്രവർത്തകരോട് ഞാൻ വാർത്താസമ്മേളനമൊന്നും വിളിച്ചിട്ടില്ലല്ലോ, എന്നാലും ചോദിച്ചോളൂ പറയാം എന്ന് പുഞ്ചിരിയോടെ പറഞ്ഞാണ് തുടങ്ങിയത്. നിലമ്പൂരിലേക്ക് പോകാതിരുന്നത് എന്തേയെന്ന ചോദ്യം കാത്തിരുന്നതുപോലെ തരൂർ പ്രതികരിച്ചു.
"വിളിച്ചാൽ പോകുമായിരുന്നു, പക്ഷേ ആരും വിളിച്ചില്ല. വിളിക്കാതെ പോകാറില്ല.ഇടിച്ചുകയറി പരിപാടികൾക്ക് പോകുന്ന പതിവ് എനിക്കില്ല, മര്യാദയോട് പെരുമാറുന്ന വ്യക്തിയാണ് ഞാൻ, ക്ഷണിച്ചാൽ പോകുമായിരുന്നു"തരൂർ പറഞ്ഞു. വിദേശരാജ്യങ്ങളിൽ ഇന്ത്യൻ നിലപാട് വിശദീകരിച്ച പഹൽഗാം മിഷനിലേക്ക് കേന്ദ്രസർക്കാർ തൻ്റെ സേവനം ആവശ്യപ്പെട്ടു. അത് സ്വീകരിച്ചു. പക്ഷേ നിലമ്പൂരിൽ തന്നെ വലിയ ആവശ്യമില്ല എന്ന് പാർട്ടി കരുതിയിട്ടുണ്ടാകും. തരൂർ കൂട്ടിച്ചേർത്തു.
നിലമ്പൂരിൽ കോൺഗ്രസ് പ്രവർത്തകർ ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ് നിന്നടക്കം നേതാക്കൾ നിലമ്പൂരിൽ നേരിട്ട് എത്തി പ്രവർത്തിച്ചു. അതിനുള്ള ഫലം കിട്ടട്ടെ. തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് നൽകിയ താര പ്രചാരകരുടെ പട്ടികയിൽ എട്ടാമതായി തരൂരിനേയും ഉൾപ്പെടുത്തിയിരുന്നു. പക്ഷേ നിലമ്പൂരിലെ തെരഞ്ഞെടുപ്പ് പരിപാടികളെക്കുറിച്ച് യാതൊരു വിവരവും പാർട്ടി അറിയിച്ചിരുന്നില്ലെന്ന് തരൂർ പലവട്ടം ആവർത്തിച്ചു.
നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂരിൻ്റെ പ്രസ്താവന വിവാദമായിരിക്കെയാണ് കോൺഗ്രസിൻ്റെ താര പ്രചാരകരുടെ പട്ടിക പുറത്തുവന്നത് . പട്ടികയിൽ എട്ടാമതായാണ് തരൂരിന്റെ പേര് ചേർത്തിരിക്കുന്നത്. തരൂരിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ക്ഷണിക്കേണ്ട കാര്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. പക്ഷേ തരൂർ വന്നിരുന്നെങ്കിൽ നന്നായേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയുമായി അടുക്കുന്നു എന്ന അഭ്യൂഹം തരൂർ തള്ളി. സർക്കാർ തന്ന ഉത്തരവാദിത്തത്തിൽ ആത്മാർത്ഥതയോടെ പ്രവർത്തിച്ചു. തൻ്റെ ലൈൻ മാറിയിട്ടില്ലെന്നും തരൂർ വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വവുമായി തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. തെരഞ്ഞെടുപ്പ് സമയമായതുകൊണ്ട് കൂടുതൽ പറയുന്നില്ലെന്നും ബാക്കി പിന്നെയെന്നും തരൂർ പറഞ്ഞു.