തൃശൂർ: മറ്റത്തൂരിലെ കോൺഗ്രസ്-ബിജെപി സഖ്യ വിവാദത്തിൽ സമവായവുമായി കെപിസിസി. ബിജെപി പിന്തുണയിൽ വൈസ് പ്രസിഡന്റായ നൂർജഹാൻ നവാസ് നാളെ രാജിവെക്കും. ബിജെപിയുമായി സഖ്യം ചേർന്ന് വോട്ട് ചെയ്ത പഞ്ചായത്ത് അംഗങ്ങൾ തെറ്റ് ഏറ്റുപറയും, ഇവർക്ക് പാർട്ടിയിലേക്ക് തിരിച്ച് വരാൻ അവസരം ഒരുക്കാനും തീരുമാനമായി. വിമത വിഭാഗം നേതാക്കൾ ഉന്നയിച്ച പരാതികളിൽ അന്വേഷണം നടത്തുമെന്നും കെപിസിസി ഉറപ്പ് നൽകി.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇടപെട്ട് വിമത വിഭാഗം നേതാക്കളുമായി ഇന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം. സണ്ണി ജോസഫിന്റെ പ്രതിനിധി റോജി എം. ജോൺ എംഎൽഎയുമായി വിമത നേതാവ് ടി. എം. ചന്ദ്രൻ അടക്കമുള്ളവരാണ് ചർച്ച നടത്തിയത്. മറ്റത്തൂരിൽ ഡിസിസി നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും വിമതർക്ക് കെപിസിസി ഉറപ്പ് നൽകിയിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി വയനാട് നടക്കുന്ന ചിന്തൻ ശിബിരിന് മുൻപ് പ്രശ്നം പരിഹരിക്കണമെന്ന നേതാക്കളുടെ പൊതു അഭിപ്രായത്തിലാണ് ധാരണയായത്. വിമത നേതാക്കളോട് അതൃപ്തി പരസ്യമാക്കിയ പഞ്ചായത്ത് അംഗം അക്ഷയ് സന്തോഷ് നേരത്തെ തന്നെ രാജിവച്ചിരുന്നു. തെറ്റ് തിരുത്തി പാർട്ടിക്കൊപ്പം തുടരാനാണ് താൽപ്പര്യമെന്ന് പരാമർശിച്ചായിരുന്നു അക്ഷയ് സന്തോഷിൻ്റെ രാജി.
ഡിസിസി അധ്യക്ഷന് പിഴവുണ്ടായെന്നായിരുന്നു തുടക്കം മുതൽക്കെ വിമത നേതാവ് ടി.എൻ. ചന്ദ്രൻ്റെ പക്ഷം. ഡിസിസി പ്രസിഡന്റിന്റെ തീരുമാനങ്ങളാണ് പാർട്ടിക്ക് ഇത്രയേറെ അവമതിപ്പുണ്ടാക്കിയത്. ബിജെപിക്ക് വേണ്ടി വോട്ടുപിടിച്ചവരെ ചേർത്തുപിടിക്കുകയും ബിജെപിയുടെ വോട്ട് സ്വീകരിച്ചവരെ പുറത്താക്കുകയും ചെയ്യുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടാൽ ഉടൻ രാജി വയ്ക്കുമെന്നും ചന്ദ്രൻ പറഞ്ഞിരുന്നു.