മഞ്ചേശ്വരത്ത് കെ.ആർ ജയാനന്ദ മത്സരിച്ചേക്കും; കാസർഗോഡ് ഇടതുമുന്നണി സ്ഥാനാർഥികളിൽ ധാരണയായി
നിയമസഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിൽ ഇടതുമുന്നണിയിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് ധാരണയായി. മഞ്ചേശ്വരത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗംകെ.ആർ. ജയാനന്ദ എൽഡിഎഫ് സ്ഥാനാർഥിയാകും .സിപിഐഎം കാസർഗോഡ് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നേരത്തെ ഷാനവാസ് പാദൂറിനെ മത്സരിപ്പിക്കാൻ ആലോചനയുണ്ടായിരുന്നു. എന്നാൽ ഇത് ബിജെപിക്ക് അനുകൂലമാകുമെന്നും ഹിന്ദുവോട്ടുകളിൽ ധ്രുവീകരണം ഉണ്ടാകുമെന്നും വിലയിരുത്തലുണ്ടായതിനെ തുടർന്നാണ് സ്ഥാനാർഥിയെ മാറ്റുവാൻ തീരുമാനിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തുളു അക്കാദമി ചെയർമാനുമാണ് കെ.ആർ.ജയാനന്ദ.
സംസ്ഥാന കമ്മിറ്റി മഞ്ചേശ്വരത്തെ സാഹചര്യം ചർച്ച ചെയ്യാൻ ജില്ലാ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ സംസ്ഥാന സമിതി തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. ഉദുമയിൽ സി. എച്ച് കുഞ്ഞമ്പു ഒരുവട്ടം കൂടി മത്സരിക്കും. തൃക്കരിപ്പൂരിൽ വി.പി.പി. മുസ്തഫയായിരിക്കും സ്ഥാനാർഥി. കാഞ്ഞങ്ങാട് സിപിഐ മുൻ ജില്ലാ പ്രസിഡൻറ് ഗോവിന്ദൻ പള്ളിക്കാപ്പിൽ സ്ഥാനാർഥിയാകും. കാസർഗോഡ് ഐഎൻഎൽ ന് തന്നെ ഇത്തവണയും അവസരം നൽകും.
സംസ്ഥാന കമ്മിറ്റിയംഗം എം.വി ജയരാജന്റെ സാന്നിധ്യത്തിൽ ആയിരുന്നു ജില്ലാ കമ്മറ്റി യോഗം. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും നിലവിൽ ഇവർ തന്നെയായിരിക്കും കാസർകോട് ജില്ലയിലെ എൽഡിഎഫ് സ്ഥാനാർഥികൾ എന്നാണ് വ്യക്തമാകുന്നത്.

