കണ്ണൂർ: മുൻമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസിൽ കെഎസ്‌യു പ്രവർത്തകർക്ക് എസ്ഐടിയുടെ ക്ലീൻചിറ്റ്. പ്രതികൾക്ക് എതിരായ വകുപ്പുകൾ നിലനിൽക്കില്ലെന്ന് വ്യക്തമാക്കി കൊണ്ടുള്ള അന്തിമ അന്വേഷണ റിപ്പോർട്ട് എസ്ഐടി കോടതിയിൽ സമർപ്പിച്ചു. കുറ്റപത്രത്തിലുള്ള ഒരു കുറ്റവും കെഎസ്‌യു പ്രവർത്തകർ ചെയ്തിട്ടില്ല. പൊലീസിന്‍റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെട്ടിട്ടില്ലെന്നും കരിങ്കൊടി പ്രതിഷേധം കുറ്റകൃത്യമല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ ഗൺമാൻ അഭിലാഷിൻ്റെ മൊഴിയായിരുന്നു നിർണായകമായത്. അഭിലാഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ആയുധം ഉപയോഗിച്ച് പ്രതിഷേധക്കാര്‍ മന്ത്രിയെ അക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ തിരുത്തിയിരുന്നു.
വീണയെ കെഎസ്‌യു പ്രവര്‍ത്തകര്‍ അക്രമിക്കുന്നത് കണ്ടിട്ടില്ലെന്ന് എസ്ഐടിക്ക് മുന്നിൽ അഭിലാഷ് വ്യക്തമാക്കുകയായിരുന്നു. ആയുധം ഉപയോഗിച്ച് അക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി നല്‍കിയത് വീണ ജോർജ് നിർദേശിച്ച പ്രകാരമാണെന്നും അഭിലാഷ് എസ്ഐടിയോട് പറഞ്ഞു.
അതേസമയം, ആദ്യ അന്വേഷണസംഘത്തിന് എതിരെ വനിതാ എസ്ഐയും മൊഴി നൽകിയിരുന്നു. തൻ്റെ പേരിൽ കള്ളമൊഴിയാണ് രേഖപ്പെടുത്തിയതെന്ന് കണ്ണൂർ ടൗൺ എസ്ഐ ദീപ്തി എസ്ഐടിക്ക് മൊഴി നൽകി. കെഎസ്‍യു അക്രമത്തിനിടെ മന്ത്രി തെറിച്ച് പോയെന്ന് അന്വേഷണ സംഘം തന്‍റെ പേരില്‍ കള്ളമൊഴി രേഖപ്പെടുത്തി എന്ന് ദീപ്തി വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കെഎസ്‌യു പ്രവർത്തകർക്ക് എസ്ഐടി ക്ലീൻചിറ്റ് നൽകിയത്.