

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആഴ്ചയില്‍ ഒരിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമിന് പകരം കളര്‍ ഡ്രസ് ഉപയോഗിക്കാമെന്ന കാര്യം പരികണനയിലാണെന്ന വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്റെ പ്രസ്താവനയ്‌ക്കെതിരെ കെഎസ്‌യു. പ്രഖ്യാപനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്റ് ആന്‍ സെബാസ്റ്റ്യന്‍ ആണ് മന്ത്രിയെ കണ്ട് കത്ത് നല്‍കിയത്.
കളര്‍ ഡ്രസ് നല്‍കാന്‍ അനുമതി നല്‍കുന്നത് പ്രയോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്നും അത് കുട്ടികളില്‍ വേര്‍തിരിവുണ്ടാക്കുമെന്നും കെഎസ്‌യു മന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു. അതുപോലെ തന്നെ പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയും പ്ലസ്ടു പരീക്ഷയും ഒരേസമയം നടക്കുന്നതിനാല്‍ അത് കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും പ്രസ്തുത പരീക്ഷകളുടെ സമയക്രമം പുനര്‍നിര്‍ണയിക്കേണ്ടതുണ്ട് എന്നും കത്തില്‍ പറയുന്നു.
'സ്‌കൂളുകളില്‍ യൂണിഫോം നടപ്പിലാക്കിയതിന്റെ പ്രധാന ലക്ഷ്യം കുട്ടികള്‍ക്കിടയിലെ സാമ്പത്തികവും സാമൂഹികവുമായ പശ്ചാത്തല വ്യത്യാസങ്ങള്‍ പ്രകടമാകാതിരിക്കുക എന്നതാണ്. ധനികനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസമില്ലാതെ, എല്ലാവരും തുല്യരാണെന്ന ബോധം കുട്ടികളില്‍ വളര്‍ത്താന്‍ യൂണിഫോം സമ്പ്രദായം വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍ ആഴ്ചയില്‍ ഒരു ദിവസം കളര്‍ ഡ്രസ്സ് അനുവദിക്കുമ്പോള്‍ അത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളില്‍ അപകര്‍ഷതാബോധം ഉണ്ടാക്കാന്‍ കാരണമായേക്കാം,' എന്നാണ് കത്തില്‍ വിശദീകരിക്കുന്നത്.
പ്രസ്തുത രണ്ട് വിഷയങ്ങളും പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനെ നേരില്‍ കണ്ട് സംസാരിക്കുകയും കത്ത് നല്‍കുകയും ചെയ്തു. അനുഭാവപൂര്‍വം രണ്ട് വിഷയങ്ങളും പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയെന്നും ആന്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ആനിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളത്തിലെ സ്‌കൂളുകളില്‍ ആഴ്ചയില്‍ ഒരു ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് കളര്‍ ഡ്രസ്സ് ( യൂണിഫോം അല്ലാത്ത വസ്ത്രങ്ങള്‍ ) ധരിക്കാന്‍ അനുമതി നല്‍കുമെന്നുള്ള പൊതുവിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണ്. സ്‌കൂളുകളില്‍ യൂണിഫോം നടപ്പിലാക്കിയതിന്റെ പ്രധാന ലക്ഷ്യം കുട്ടികള്‍ക്കിടയിലെ സാമ്പത്തികവും സാമൂഹികവുമായ പശ്ചാത്തല വ്യത്യാസങ്ങള്‍ പ്രകടമാകാതിരിക്കുക എന്നതാണ്.
ധനികനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസമില്ലാതെ, എല്ലാവരും തുല്യരാണെന്ന ബോധം കുട്ടികളില്‍ വളര്‍ത്താന്‍ യൂണിഫോം സമ്പ്രദായം വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍ ആഴ്ചയില്‍ ഒരു ദിവസം കളര്‍ ഡ്രസ്സ് അനുവദിക്കുമ്പോള്‍ അത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളില്‍ അപകര്‍ഷതാബോധം ഉണ്ടാക്കാന്‍ കാരണമായേക്കാം.
അതുപോലെതന്നെ പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് എക്‌സാമും പ്ലസ് ടു എക്‌സാമും ഒരേസമയം നടക്കുന്നത് കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ആയതുകൊണ്ട് പ്രസ്തുത പരീക്ഷകളുടെ സമയക്രമം പുനര്‍നിര്‍ണയിക്കേണ്ടതുണ്ട്.
പ്രസ്തുത രണ്ട് വിഷയങ്ങളും പൊതുവിദ്യാഭ്യാസ മന്ത്രി ശ്രീ. എന്‍ ഷംസുദ്ദീനെ നേരില്‍ കണ്ട് സംസാരിക്കുകയും കത്ത് നല്‍കുകയും ചെയ്തു. അനുഭാവപൂര്‍വം രണ്ട് വിഷയങ്ങളും പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.