കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രായപരിധി വെക്കുന്നതിൽ ആശയക്കുഴപ്പത്തിലായ കോൺഗ്രസിനെ കടന്നാക്രമിച്ച് മുൻ കേന്ദ്ര മന്ത്രി കെ.വി. തോമസ്. പ്രായത്തിന്റെ പേരിൽ തന്നെ ഒഴിവാക്കിയവർ നിലപാട് മാറ്റിയോ എന്നാണ് കെ.വി. തോമസിന്റെ ചോദ്യം. എൺപത് കഴിഞ്ഞവർ ഇപ്പോൾ മത്സരിക്കാനിറങ്ങുന്നുണ്ടെന്നും കോൺഗ്രസ് നിലപാട് മാറ്റിയോ എന്നുമാണ് കെ.വി. തോമസിൻ്റെ ചോദ്യം.
72ാം വയസിലായിരുന്നു മുൻ കേന്ദ്ര മന്ത്രികൂടിയായിരുന്ന കെ.വി. തോമസിനെ പ്രായപരിധിയുടെ പേരിൽ കോൺഗ്രസ് മാറ്റി നിർത്തിയത്. "38 വയസിലാണ് പാർലമെൻ്റിലേക്ക് പോകുന്നത്. 2019ൽ തെരഞ്ഞെടുപ്പിൽ നിന്നും, പാർട്ടിയിൽ നിന്നും എന്നെ മാറ്റി നിർത്തിയത് എന്തിനാണ്? നിലവിൽ എന്നേക്കാൾ പ്രായമുള്ളവർ വരെ മത്സരിക്കുന്നുണ്ട്. അതിൽ പ്രശ്നമില്ല. എന്നാൽ കോൺഗ്രസ് നിലപാട് മാറ്റിയോ എന്നാണ് അറിയേണ്ടത്," കെ.വി. തോമസ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ 50:50 നയം നടപ്പിലായോ എന്നാണ് കെ.വി. തോമസിൻ്റെ ചോദ്യം. സതീശൻ തീരുമാനിച്ചാൽ കോൺഗ്രസിൽ ഒന്നും നടക്കില്ലെന്നും, മറ്റു ചിലരാണ് അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും കെ.വി. തോമസ് വിമർശിക്കുന്നു. അതേസമയം പാർലമെന്ററി രംഗത്തേക്കില്ലെന്നും, താനിപ്പോഴും കോൺഗ്രസുകാരനാണെന്നും കെ.വി. തോമസ് വ്യക്തമാക്കി.