തൃശൂർ: ലാലി ജെയിംസിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ഡിസിസി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യ പ്രതികരണം കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയതിനെ തുടർന്നാണ് ഡിസസിയുടെ നീക്കം. ലാലി ജെയിംസിനെതിരായ നടപടി കെപിസിസിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് ഡിസിസി അറിയിച്ചു. താഴെത്തട്ടിൽ നിന്നും പ്രവർത്തിച്ച വരുന്നവരെ കോൺഗ്രസ് തഴയുന്നുവെന്നും, തൻ്റെ കയ്യിൽ പണമില്ലെന്നും, പണം നൽകി പാർട്ടിയെ സഹായിക്കാൻ കഴിയുന്നവരെയാണോ പരിഗണിക്കുന്നത് എന്ന് അറിയില്ലെന്നുമായിരുന്നു ലാലി ജെയിംസ് പറഞ്ഞത്.
മേയർ സ്ഥാനത്തെ സംബന്ധിച്ച് നഗരത്തി ഒരു സർവേ നടത്തിയാൽ അതിൽ മുന്നിൽ താനുണ്ടാകും. പാർട്ടിയുടെ നിലപാട് കേന്ദ്ര ഇടപെടൽ- കേരള ഇടപെടൽ എന്നൊക്കെയാണ് പറയുന്നത്. കെ.സി. വേണുഗോപാലും ദീപ ദാസ് മുൻഷിയുമാണ് ഇതിന് നേതൃത്വം കൊടുത്ത പ്രമുഖർ എന്ന് അറിയാൻ സാധിച്ചു. ദീപാ ദാസ് മുൻഷി വേണുഗോപാലിനോ വാർഡുകളെ കുറിച്ചോ പ്രയത്നിച്ചവരെ കുറിച്ചോ, കഷ്ടപ്പെട്ടവരെ കുറിച്ചോ അറിയില്ല. കഷ്ടപ്പെട്ടവരെ കുറിച്ച് അറിയാതെ പോകുന്നത് ദുഃഖകരമാണെന്നും ലാലി ജെയിംസ് ചൂണ്ടിക്കാട്ടിയിരുന്നു.
മേയർ പ്രഖ്യാപനത്തിന് മൂന്ന് ദിവസം മുമ്പ് നേതാക്കൾ വിളിച്ച് സംസാരിച്ചിരുന്നു. ടേം വ്യവസ്ഥയ്ക്ക് താല്പര്യമുണ്ടോ എന്ന് ചോദിക്കാൻ വേണ്ടിയായിരുന്നു അന്ന് വിളിച്ചത്. എന്നാൽ ടേം വ്യവസ്ഥയ്ക്ക് തനിക്ക് താൽപ്പര്യമില്ലെന്നും, ആർക്കായാലും പോസ്റ്റ് കൈമാറാമെന്നുമായിരുന്നു അന്ന് അവരോട് പറഞ്ഞത്.