കാസർഗോഡ്: ദേശീയപാത നിർമാണം നടക്കുന്ന വീരമലക്കുന്നിൽ വീണ്ടും മണ്ണിടിഞ്ഞു. രാവിലെ പത്തുമണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. വലിയ തോതിൽ പാറയും മണ്ണും റോഡിലേക്ക് പതിച്ചു. റോഡിലൂടെ കടന്നുപോവുകയായിരുന്ന കാർ യാത്രിക തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
മണ്ണിടിഞ്ഞ് വീണതോടെ ദേശീയ പാതയിലെ ഗതാഗതം നിർത്തിവച്ചു. വീരമലക്കുന്നിൽ വിളളലുണ്ടെന്ന് കളക്ടറുടെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. മണ്ണിടിച്ചിൽ ഉണ്ടായതിനാൽ അടിയന്തിര നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നിർദേശം നൽകി.
തലനാരിഴയ്ക്കാണ് വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് കാർ യാത്രികയായിരുന്ന എസ്എൻഡിടി സ്കൂൾ അധ്യാപികയായ സിന്ധു പ്രതികരിച്ചു.