പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചു; പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ യഥാസമയം ചികിത്സ ലഭിച്ചില്ലെന്ന് പരാതി

ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചു

പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചു. പാലക്കാട് ഒലവക്കോട് സ്വദേശി തൻസീർ- ഷഹബാനത്ത് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

തിങ്കളാഴ്ചയാണ് ആശുപതിയിൽ എത്തിച്ചത്. യഥാസമയം ചികിത്സ നൽകിയില്ലെന്നാണ് പരാതി. പാലക്കാട് എംഎല്‍എ രാഹുൽ മങ്കൂട്ടത്തിൽ സ്ഥലത്ത് എത്തി കുടുംബത്തെ കണ്ടു.

പൊലീസ് കസ്റ്റഡിയിൽനിന്നും ഓടിപ്പോയ പ്രതി പിടിയിൽ

കോഴിക്കോട് പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ. ഫറോക്ക് ചന്ത സ്ക്കൂളിലെ ശുചിമുറിയിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. അസം സ്വദേശി പ്രസൺജിത്ത് ആണ് ഇന്നലെ ഫറോക്ക് പൊലീസ് സ്റ്റേഷനിൽ നിന്നും ഓടിപ്പോയത്. സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

ആവേശത്തിൽ ആരാധകർ; കൂലി തിയേറ്ററുകളില്‍

തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ കാത്തിരിപ്പിന് വിരാമം. രജനികാന്ത്-ലോകേഷ് കനകരാജ് ചിത്രം കൂലി തിയേറ്ററുകളില്‍. ആദ്യ പ്രദര്‍ശനത്തിന് ആവേശോജ്ജ്വലമായ വരവേല്‍പ്പ്. ചിത്രത്തില്‍ അണിനിരക്കുന്നത് ആമിര്‍ ഖാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍.

പുനഃസംഘടനയ്ക്ക് ശേഷം നടക്കുന്ന ആദ്യ ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍

പുനഃസംഘടനയ്ക്ക് ശേഷം നടക്കുന്ന ആദ്യ ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍. രാവിലെ 11ന് എറണാകുളം വൈഎംസിഎയിലാണ് യോഗം. രണ്ട് ക്ഷണിതാക്കള്‍ ഉള്‍പ്പെടെ 24 പേരടങ്ങുന്ന കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചിരുന്നു. ക്രൈസ്തവ വിഷയത്തിലെ ആഭ്യന്തര ഭിന്നത അടക്കമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയിലാണ് ഇന്നത്തെ കോര്‍ കമ്മിറ്റി യോഗം. കോര്‍ കമ്മിറ്റി യോഗത്തില്‍ മുന്‍ അധ്യക്ഷന്‍മാരായ വി. മുരളീധരനും കെ. സുരേന്ദ്രനും പങ്കെടുക്കുമോ എന്നതില്‍ വ്യക്തതയില്ല.

പുനഃസംഘടനയ്ക്ക് ശേഷമുള്ള ബിജെപിയുടെ ആദ്യ കോർ കമ്മിറ്റി യോഗം ഇന്ന്

പുനഃസംഘടനയ്ക്ക് ശേഷം നടക്കുന്ന ആദ്യ ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയിൽ. രാവിലെ 11ന് എറണാകുളം വൈഎംസിഎ യിലാണ് യോഗം. രണ്ട് ക്ഷണിതാക്കൾ ഉൾപ്പെടെ 24 പേരടങ്ങുന്ന കോർ കമ്മിറ്റി പുനഃസംഘടിപ്പിച്ചിരുന്നു. ക്രൈസ്തവ വിഷയത്തിലെ ആഭ്യന്തര ഭിന്നത അടക്കമുള്ള രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലാണ് ഇന്നത്തെ കോർ കമ്മിറ്റി യോഗം. കോർ കമ്മിറ്റി യോഗത്തിൽ മുൻ അധ്യക്ഷൻമാരായ വി. മുരളീധരനും കെ. സുരേന്ദ്രനും പങ്കെടുക്കുമോ ഇല്ലയോ എന്നതിൽ വ്യക്തതിയില്ല.

ഇന്നും നാളെയും ശക്തമായ മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടുള്ളത്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. 

കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ഡോ. ഹാരിസ്

മനഃപൂർവം ശസ്ത്രക്രിയ മുടക്കിയിട്ടില്ലെന്ന് ഡോ. ഹാരിസിന്‍റെ വിശദീകരണം. ശസ്ത്രക്രിയ മുടങ്ങിയത് സർക്കാർ വക പ്രോബില്ലാത്തതിനാൽ പ്രോബ് ഇല്ലെന്ന് പറഞ്ഞതിന്റെ പിറ്റേന്ന് ശസ്ത്രക്രിയ നടന്നത് മറ്റൊരു ഡോക്ടറുടെ പ്രോബ് ഉപയോഗിച്ച് കള്ളം പറഞ്ഞിട്ടില്ലെന്നും സർക്കാരിനെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഡോ. ഹാരിസിന്റെ മറുപടി

ഡാര്‍ക്ക് വെബ്ബ് വഴിയുള്ള ലഹരികടത്ത്

ഡാര്‍ക്ക് വെബ്ബ് വഴിയുള്ള ലഹരികടത്തില്‍ മുഖ്യപ്രതിയും ഓസ്‌ട്രേലിയയില്‍ കഴിയുന്ന വാഴക്കാല സ്വദേശിയെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറി കെറ്റാമൈലോണ്‍ എന്ന എഡിസണ്‍ബാബു. ഇന്നലെയാണ് എഡിസണെ ഉദ്യോഗസ്ഥര്‍ വീണ്ടും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്. ഓസ്‌ട്രേലിയയില്‍ കഴിയുന്ന വാഴക്കാലസ്വദേശിയെ കൊച്ചിയില്‍ എത്തിക്കാനുള്ള നീക്കം എന്‍സിബി ആരംഭിച്ചു. ഡാര്‍ക്ക് വെബിലെ ലഹരികച്ചവടം നിയന്ത്രിച്ചിരുന്നത് ഇയ്യാളെന്നുംഎഡിസണ്‍ന്റെ മൊഴി

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത. ഇന്ന് ആറ് ജില്ലകളിലും നാളെ നാല് ജില്ലകളിലും യെല്ലോ അലേർട്ട്.

എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ടുള്ളത്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട്.

ഉത്തരേന്ത്യയില്‍ കനത്ത മഴ, ഹിമാചലില്‍ മിന്നല്‍ പ്രളയം

ഹിമാചലിലെ മിന്നല്‍ പ്രളയത്തില്‍ ഷിംലയിലെ ഖല്‍തുനാലയില്‍ സ്ഥിതി ചെയ്യുന്ന ഒരു പെട്രോള്‍ പമ്പ് പൂര്‍ണമായും തകര്‍ന്നു. 325 ഓളം റോഡുകള്‍ അടച്ചിട്ടുണ്ട്.

കപ്പൽ യാത്രയ്ക്കിടെ അഭിനന്ദിനെ കാണാതായ സംഭവം; അന്വേഷണം ആരംഭിച്ച് സിബിഐ

കപ്പൽ യാത്രക്കിടെ കാണാതായ കുണ്ടറ സ്വദേശി അഭിനന്ദിനായുള്ള അന്വേഷണം ആരംഭിച്ച് സിബിഐ. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ഈജിപ്തിൽ നിന്ന് ജിദ്ദയിലേക്കുള്ള യാത്രക്കിടെ 2017 മാർച്ച് 22 നാണ് അഭിനന്ദിനെ കാണാതായത്. കപ്പലിലെ ജീവനക്കാരനിൽ നിന്ന് മകന് ഭീഷണിയുണ്ടായിരുന്നതായി അമ്മ പറഞ്ഞു.

നൃത്ത പരിപാടിക്കിടയിൽ ഉമ തോമസ് എംഎൽഎയ്ക്ക്  അപകടം പറ്റിയ സംഭവം; കുറ്റപത്രം സമർപ്പിക്കാതെ പൊലീസ്

തൃക്കാക്കര എംഎൽഎ ഉമ തോമസ് അപകടത്തിൽപ്പെട്ട കേസിൽ എട്ടുമാസം പിന്നിട്ടും കുറ്റപത്രം സമർപ്പിക്കാതെ പൊലീസ്. നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷനെതിരെ രണ്ട് കേസുകളാണ് എടുത്തിരുന്നത്. എന്നാൽ അന്വേഷണം അവസാന ഘട്ടത്തിലെന്നാണ് പൊലീസിന്റെ വിശദീകരണം. ദിവ്യ ഉണ്ണിയുടെ മൊഴി ഇതുവരെ എടുത്തിട്ടില്ല.

കോഴിക്കോട് പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂര മർദനം

കോഴിക്കോട് സാമൂതിരി ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂര മർദനം. ഒന്നര മാസത്തോളം സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കിയെന്നാണ് പരാതി. നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. വിദ്യാർഥി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

തൃശൂർ കുന്നംകുളത്ത്‌ മിന്നൽ ചുഴലി

തൃശൂർ കുന്നംകുളത്ത്‌ മിന്നൽ ചുഴലി. ചൊവ്വന്നൂർ കല്ലഴി മേഖലകളിലാണ്‌ ഇന്ന് രാവിലെ 9.30ടെ മിന്നൽ ചുഴലി ആഞ്ഞടിച്ചത്‌. മിന്നൽ ചുഴലിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക്‌ മുകളിലേക്ക്‌ ഇലക്ട്രിക്‌ പോസ്റ്റ്‌ ഒടിഞ്ഞ്‌ വീണു. തലനാരിഴക്കാണ്‌ ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത്‌. പന്തല്ലൂരിൽ മാത്രം 10 ഇലക്ട്രിക്‌ പോസ്റ്റുകളും ഒരു ട്രാൻസ്ഫോർമറും ഒടിഞ്ഞ്‌ വീണു. നിരവധി വീടുകൾക്ക്‌ മരങ്ങൾ വീണ്‌ നാശനഷ്ടം സംഭവിച്ചു.

വോട്ട് അധികാർ യാത്രയ്ക്ക് രാഹുൽ ഗാന്ധി; ഓഗസ്റ്റ് 17 മുതൽ ബിഹാറിൽ തുടക്കം

വോട്ടർ പട്ടിക ക്രമക്കേടിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. ക്രമക്കേടിൽ തുറന്ന യുദ്ധം തുടങ്ങുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇതിനായി വോട്ട് അധികാർ യാത്ര നടത്തും. ഓഗസ്റ്റ് 17 മുതൽ ബിഹാറിന്റെ മണ്ണിൽ നിന്ന് പോരാട്ടം തുടങ്ങും. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും രാഹുൽ എക്സിൽ കുറിച്ചു. യുവാക്കളും കർഷകരും തൊഴിലാളികളും അണിചേരണമെന്നും വോട്ട് കൊള്ളക്കാർ തോൽക്കുമെന്നും രാഹുൽ പറഞ്ഞു.

രേണുകാ സ്വാമി കൊലപാതക കേസ്: ദർശൻ തൂഗുദീപൻ്റേയും പവിത്ര ഗൗഡയുടേയും ജാമ്യം സുപ്രീം കോടതി റദ്ദാക്കി 

രേണുകാ സ്വാമി കൊലപാതക കേസിൽ കന്നഡ നടന്‍ ദർശൻ തൂഗുദീപന്‍റേയും നടി പവിത്ര ഗൗഡയുടേയും ജാമ്യം റദ്ദാക്കി സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരിന്‍റെ അപ്പീലിലാണ് നടപടി. പ്രതി എത്ര വലിയവനായാലും അയാൾ നിയമത്തിന് അതീതനല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. മറ്റ് അഞ്ച് പേര്‍ക്ക് കര്‍ണാടക ഹൈക്കോടതി നല്‍കിയ ജാമ്യവും സുപ്രീം കോടതി റദ്ദാക്കി.

വീണ ജോർജിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടു; സിപിഐഎം ഏരിയ കമ്മിറ്റിയംഗത്തിനെതിരെ നടപടി

മന്ത്രി വീണ ജോർജിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ഇരവിപേരൂർ ഏരിയ കമ്മിറ്റിയംഗത്തെ തരംതാഴ്ത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റും സിഡബ്ല്യുസി ചെയർമാനുമായിരുന്ന എൻ. രാജീവിനെതിരെയാണ് നടപടി. ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ജോൺസനെയും മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തു.കോട്ടയം മെഡി. കോളേജ് അപകടമരണത്തിൽ ഇരുവരും ഫേസ്ബുക്കിലിട്ട പോസ്റ്റിനെ തുടർന്നാണ് നടപടി.

സ്കൂളിലെത്താൻ വൈകി; വിദ്യാർഥിയെ ഇരുട്ടു മുറിയിലാക്കി കൊച്ചിൻ പബ്ലിക് സ്കൂൾ അധികൃതർ

സ്കൂളിലെത്താൻ വൈകിയതിന് അഞ്ചാം ക്ലാസ് വിദ്യാർഥിയെ ഇരുട്ടുമുറിയിലിരുത്തി സ്കൂൾ അധികൃതർ. തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിലാണ് സംഭവം. കുട്ടിയെ ടിസി തന്ന് പറഞ്ഞു വിടുമെന്ന് അധികൃതർ പറഞ്ഞെന്നും പരാതിയിൽ പറയുന്നു

വിഭജന ദിനാചരണം; കാസർഗോഡ് ഗവ. കോളേജിൽ എസ്എഫ്ഐ-എബിവിപി സംഘർഷം

കാസർഗോഡ് ഗവൺമെൻ്റ് കോളേജിൽ എസ്എഫ്ഐ എബിവിപി സംഘർഷം. എബിവിപി പ്രവർത്തകരുടെ വിഭജന ഭീതി ദിനാചരണ പരിപാടിക്ക് ഇടെയാണ് ഏറ്റുമുട്ടലുണ്ടായത്. സാമുദായിക സ്പർധയിടയാക്കുന്നതിനാൽ ക്യാംപസുകളിൽ വിഭജന ദിനം ആചരിക്കരുതെന്ന് ഉന്നത വിഭ്യാഭ്യാസമന്ത്രി ആർ. ബിന്ദു നിർദേശം നൽകിയിരുന്നു 

സംസ്ഥാനത്തെ അധ്യാപക സംഘടനകളുടെ എണ്ണം കുറയ്ക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ അധ്യാപക സംഘടനകളെ കുറയ്ക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. സംഘടനകളുടെ എണ്ണം കൂടിയത് സ്കൂളുകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ കണ്ടെത്തൽ. 42 അധ്യാപക സംഘടനകളാണ് നിലവിലുള്ളത്. ഹിത പരിശോധന നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എല്ലാ വിഭാഗം അധ്യാപകരെയും പ്രതിനിധീകരിക്കുന്ന സംഘടനകൾക്ക് മാത്രമായിരിക്കും ഹിത പരിശോധനയിൽ പങ്കെടുക്കാൻ അവസരം. സംഘടനകളുടെ ആദ്യ യോഗം ഈ മാസം 19ന് ചേരും.

തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം നേമം പുന്നമൂട്ടിലാണ് സംഭവം. കുരുവിക്കാട് സ്വദേശി ബിൻസിയാണ് (35) കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ ആയിരുന്നു കൊലപാതകം. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. സംഭവത്തിൽ പ്രതി സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരന്തരം വീട്ടിൽ വഴക്കുണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി.

അനധികൃത സ്വത്ത് സമ്പാദനക്കേസ്: എഡിജിപി അജിത് കുമാറിന് തിരിച്ചടി

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി അജിത് കുമാറിന് തിരിച്ചടി. അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയുള്ള വിജിലൻസിൻ്റെ റിപ്പോർട്ട് തള്ളി വിജിലൻസ് കോടതി. കേസ് കോടതി നേരിട്ട് അന്വേഷിക്കും

ബിൽ അടച്ചില്ല; വൈദ്യുതി വിച്ഛേദിച്ചു ; കെഎസ്ഇബി ജീവനക്കാരന് മർദനം

കോഴിക്കോട് നല്ലളത്ത് കെഎസ്ഇബി ജീവനക്കാരന് മർദനം. ഇലക്ട്രിസിറ്റി ബിൽ അടക്കാത്തതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിക്കാൻ എത്തിയ ജീവനക്കാരനു നേരെയാണ് ആക്രമണം. അരീക്കോട് കെഎസ്ഇബി ലൈൻമാൻ റിയാസിനാണ് മർദനമേറ്റത്. ജീവനക്കാരൻ വീട്ടുടമ ജുനീഷിനെതിരെ നല്ലളം പൊലീസിൽ പരാതി നൽകി

കുപ്പിക്കഴുത്ത് പോലെയാണ് ദേശീയപാത; നാഷണൽ ഹൈവേ അതോറിറ്റിക്ക് സുപ്രീം കോടതിയുടെ വിമർശനം

പാലിയേക്കരയിലെ ടോൾ പിരിവൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. കുപ്പിക്കഴുത്ത് പോലെയാണ് ദേശീയപാതയിലെ ഗതാഗത സൗകര്യം. ആംബുലന്‍സിന് പോലും എളുപ്പം കടന്നുപോകാനാവുന്നില്ലെന്നും കോടതി പറഞ്ഞു. എത്രയും വേഗം പ്രശ്‌നം പരിഹരിക്കണമെന്നും ദേശീയപാതാ അതോറിറ്റിയോട് സുപ്രീം കോടതി വ്യക്തമാക്കി.

നിമിഷപ്രിയ കേസ് രണ്ട് മാസത്തേക്ക് മാറ്റിവച്ച് സുപ്രീം കോടതി

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയ കേസ് രണ്ട് മാസത്തേക്ക് മാറ്റിവച്ച് സുപ്രീം കോടതി. കൊല്ലപ്പെട്ട യമൻ പൗരൻ്റെ കുടുബവുമായി ചർച്ചകൾ നടുക്കുകയാണെന്ന് ആക്ഷൻ കൗൺസിൽ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്നാണ് കേസ് പരിഗണിക്കുന്നത് രണ്ട് മാസത്തേക്ക് മാറ്റി വെച്ചത്.

ബന്ധുവായ യുവതിയുടെ പീഡന പരാതി; മിനു മുനീർ അറസ്റ്റിൽ

ബന്ധുവായ യുവതിയുടെ പീഡന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. ചെന്നൈ പൊലീസാണ് അറസ്റ്റ് ചെയ്തത്. 2014 ലാണ് കേസിനാസ്പദമായ സംഭവം.

"അടിയന്തര സഹായങ്ങൾക്കായി 112 ലേക്ക് വിളിക്കാം"; 'കൂലി' മോഡലിൽ കേരളാ പൊലീസിൻ്റെ പോസ്റ്റ്

രജനികാന്ത് - ലോകേഷ് കനകരാജ് ചിത്രം കൂലി തീയേറ്ററിലെത്തിയതിന് പിന്നാലെ പോസ്റ്ററിന് സമാനമായ രീതിയിൽ പോസ്റ്ററുമായി കേരളാ പൊലീസ്. ചിത്രത്തിൽ നിന്നുള്ള രജനികാന്ത് ഫോട്ടേ എടുത്താണ് കേരളാ പൊലീസ് പോസ്റ്റർ ഇറക്കിയത്. അടിയന്തര സഹായങ്ങൾക്കായി 112 ലേക്ക് വിളിക്കാമെന്നുള്ള പോസ്റ്ററാണ് കേരളാ പൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.

അങ്കൺവാടികളിൽ നിർബന്ധമായും രക്ഷാബന്ധൻ കെട്ടിക്കണമെന്ന് നിർദ്ദേശം

കാസർഗോഡ് കോഡോം ബേളൂർ പഞ്ചായത്ത് അങ്കണവാടികളിൽ രക്ഷാബന്ധൻ രാഖി കെട്ടിക്കണമെന്ന് നിർദേശം. ചിത്രങ്ങൾ നാളെ ഉച്ചയ്ക്ക് മുമ്പ് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ നൽകണമെന്നും ഐസിഡിഎസ് കോർഡിനേറ്ററുടെ നിർദേശം.

മലയാളികൾക്ക് സ്വാതന്ത്ര്യദിന ആശംസയുമായി ഗവര്‍ണർ

79-ാമത് സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ. മാതൃരാജ്യം 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കേരളത്തിലെ എല്ലാ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഹൃദയംഗമമായ സ്വാതന്ത്ര്യദിന ആശംസകൾ നേരുന്നുവെന്ന് ഗവർണർ പറഞ്ഞു.

നമ്മുടെ നാടിന്‍റെ സ്വാതന്ത്ര്യത്തിനായി ജീവൻ നല്കിയ ധീര ദേശാഭിമാനികളുടെ സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികൾ അര്‍പ്പിക്കുന്നതോടൊപ്പം, കൂടുതല്‍ വികസിതവും സ്വയം പര്യാപ്തവും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായ ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിനായി നമുക്ക് പുനരര്‍പ്പണം ചെയ്യാമെന്നും ഗവർണർ പറഞ്ഞു.

"കോഴിക്കോട് കോർപ്പറേഷനിൽ 25,000 ലേറെ വ്യാജവോട്ടുകൾ"; ആരോവണവുമായി കോൺ​ഗ്രസ്

കോഴിക്കോട് ജില്ലയിലെ തദ്ദേശ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നതായി കോൺഗ്രസ് ജില്ലാ കമ്മറ്റി. ജില്ലയിൽ ഒരു ലക്ഷത്തിലേറെ വ്യാജവോട്ട് കണ്ടെത്തിയതായി ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ പറഞ്ഞു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ മാത്രം 25,000 ലേറെ വ്യാജ വോട്ടുകളുണ്ടെന്നും പ്രവീൺകുമാർ ആരോപിച്ചു. ഒരേ തിരിച്ചറിയൽ കാർഡിൽ ഒന്നിലേറെ ആളുകൾക്ക് വോട്ട് ഉള്ളതായും തിരുത്താൻ നടപടി വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

തൃശൂരിലെ ബിജെപി ഓഫീസ് കേന്ദ്രീകരിച്ചും വോട്ടർപട്ടിക ക്രമക്കേട് നടന്നതായി കണ്ടെത്തൽ

തൃശൂരിലെ ബിജെപി ഓഫീസ് കേന്ദ്രീകരിച്ചും വോട്ടർപട്ടിക ക്രമക്കേട് നടന്നതായി കണ്ടെത്തൽ. മുൻ തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസായ ദീൻദയാൽ സ്മൃതി മന്ദിരത്തിൻ്റെ പേരിൽ ചേർത്തത് ഒൻപത് വോട്ടുകൾ. പാർട്ടി ഓഫീസിൽ സ്ഥിരതാമസക്കാരായി ചിത്രീകരിച്ചാണ് ഇവരുടെ വോട്ടുകൾ ചേർത്തത്. എന്നാൽ ഇവർ ആരും പാർട്ടി ഓഫീസിൽ താമസക്കാർ അല്ലെന്ന് മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ഓഫീസിന്റെ മേൽവിലാസം ഉപയോഗിച്ച് പേര് ചേർത്തതിൽ ഒരാളെ മാത്രം അറിയാമെന്നും, നിയോജക മണ്ഡലം സംഘടന സെക്രട്ടറി മാത്രമാണ് അവിടെ താമസിച്ചിരുന്നതെന്നും സതീശ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

ഒരിടത്തും എൽഡിഎഫ് ഇരട്ട വോട്ട് ചേർത്തിട്ടില്ല; എൽഡിഎഫ് കോർപ്പറേഷൻ കമ്മറ്റി നേതാക്കൾ

കോഴിക്കോട് കോർപ്പറേഷനിൽ വ്യാജ വോട്ടുകളുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് എൽഡിഎഫ് കോർപ്പറേഷൻ കമ്മറ്റി നേതാക്കൾ. എൽഡിഎഫിനെതിരെ യുഡിഎഫ്-ബിജെപി നേതാക്കൾ നടത്തുന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. കോർപ്പറേഷൻ വോട്ടർ പട്ടിക രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വ്യാപക ക്രമക്കേട് എന്ന ആക്ഷേപം ശുദ്ധ അസംബന്ധവും ഗുഢാലോചനയുമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ വിജയം മുന്നിൽ കണ്ടുള്ള പരിഭ്രാന്തിയാണ് ഇതിനു പിന്നിൽ. ഒരിടത്തും എൽഡിഎഫ് ഇരട്ട വോട്ട് ചേർത്തിട്ടില്ലെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കൊയിലാണ്ടി തോരായിക്കടവിൽ നിർമാണത്തിലിരുന്ന പാലം തകർന്നു

കൊയിലാണ്ടി തോരായിക്കടവിൽ നിർമാണത്തിലിരുന്ന പാലം തകർന്നു. പാലത്തിന്റെ തൂണുകളാണ് തകർന്നു വീണത്. കിഫ്ബി പദ്ധതിയിൽ 23.8 കോടി ചെലവിൽ നിർമിക്കുന്ന പാലമാണ് തകർന്നു വീണത്. ടിഎംആർ കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡിനാണ് നിർമാണ ചുമതല. 265 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലമാണിത്. തൂണുകൾക്കടിയിൽ ആരും കുടുങ്ങിയിട്ടില്ലെന്ന് നാട്ടുകാർ. നിർമാണത്തിലെ അപാകതയാണ് തകർച്ചയ്ക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

തകർന്ന പാലം
തകർന്ന പാലം

തോരായിക്കടവ് പാലം തകർന്നതിൽ റിപ്പോർട്ട് തേടി മന്ത്രി മുഹമ്മദ് റിയാസ്

കൊയിലാണ്ടി തോരായിക്കടവിൽ നിർമാണത്തിലിരുന്ന പാലം തകർന്ന സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസ്. കെആർഎഫ്ബി-പിഎംയു പ്രൊജക്റ്റ്‌ ഡയറക്ടറോടാണ് റിപ്പോർട്ട്‌ ആവശ്യപ്പെട്ടത്. റിപ്പോർട്ട്‌ ലഭിച്ച ശേഷം തുടർനടപടികൾ നടപടികൾ സ്വീകരിക്കുമെന്നും മുഹമ്മദ് റിയാസ് പറ‍ഞ്ഞു.

കൽപ്പറ്റ മണ്ഡലത്തെപ്പറ്റി അനുരാഗ് ഠാക്കൂർ നടത്തിയ പരാമർശം ക്രിമനൽ കുറ്റം - ടി. സിദ്ധീഖ്

വയനാട് കൽപ്പറ്റ മണ്ഡലത്തെപ്പറ്റി അനുരാഗ് ഠാക്കൂർ നടത്തിയ പരാമർശം ക്രിമനൽ കുറ്റംമാണെന്ന് കൽപ്പറ്റ എംഎൽഎ ടി. സിദ്ധീഖ്. തൻ്റെ മണ്ഡലത്തിലെ യഥാർത്ഥ വോട്ടർമാരെ വ്യാജവോട്ടർമാരായി ചിത്രീകരിക്കുയാണ് അനുരാഗ് താക്കൂർ ചെയ്തത്. വയനാട്ടിലെ യഥാർത്ഥ വോട്ടർമാരെ കരിവാരി തേച്ചു.

ഇലക്ഷൻ കമ്മീഷൻ നടപടി സ്വീകരിക്കണം.ബിഎൻഎസ് അനുസരിച്ചും നടപടികൾ സ്വീകരിക്കണം. കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നും കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ വ്യക്തമാക്കി.

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ തുടങ്ങി

സന്ദീപ് സേനനും സോഫിയ പോളും വൈസ് പ്രസിഡന്റ്മാർ. ജോയിൻ്റ് സെക്രട്ടറിമാരായി ഹംസ എം.എം., അൽവിൻ ആന്റണി എന്നിവരെ തെരഞ്ഞെടുത്തു.

വിനായകനെതിരെ കേസെടുക്കാൻ വനിതാ കമ്മീഷന്റെ നിർദേശം

നടൻ വിനായകനെതിരെ കേസെടുക്കാൻ സംസ്ഥാന വനിതാ കമ്മീഷന്റെ നിർദേശം. സംസ്ഥാന പൊലീസ് മേധാവിക്കാണ് നിർദേശം നൽകിയത്. ന്യൂസ് 18 ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ അപർണാ കുറുപ്പിനെതിരായ അസഭ്യ വർഷത്തിലാണ് ഇടപെടൽ.

സിനിമാ നിർമാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് ജയം

സിനിമാ നിർമാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് ജയം. ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറിയായും ബി. രാകേഷ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് മത്സരിച്ച സാന്ദ്ര തോമസ് തോറ്റു.

"സുരേഷ് ഗോപിയുടെ വീട്ടിലെ പട്ടിയും പൂച്ചയും വരെ തൃശൂർ വോട്ടർ പട്ടികയിൽ" - പരിഹാസവുമായി കെ. മുരളീധരൻ

ആലപ്പുഴയില്‍ മദ്യലഹരിയില്‍ മകന്‍ മാതാപിതാക്കളെ കുത്തിക്കൊന്നു

ആലപ്പുഴ കൊമ്മാടിയിൽ മാതാപിതാക്കളെ മകൻ കുത്തിക്കൊന്നു. തങ്കരാജ്, ആഗ്നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന മകൻ ബാബു കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ടു.

കോഴിക്കോട് നാലാം ക്ലാസുകാരി പനി ബാധിച്ച് മരിച്ചു

അനയ (9)
അനയ (9)

കോഴിക്കോട് നാലാം ക്ലാസുകാരി പനി ബാധിച്ച് മരിച്ചു. താമരശ്ശേരി കോരങ്ങാട് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിൻ്റെമകൾ അനയ (9) ആണ് മരിച്ചത്.

പനി മൂർച്ഛിച്ചതിനെ തുടർന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരത്തോടുകൂടിയാണ് മരണം സംഭവിച്ചത്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്ന ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.

ഒറ്റ ദിവസം കൊണ്ട് പനി മൂർച്ഛിച്ച് മരണം സംഭവിക്കാൻ സാധ്യത ഇല്ലാ എന്ന ആരോഗ്യ പ്രവർത്തകരുടെ അഭിപ്രായത്തെ തുടർന്ന് വീട്ടിലെ മറ്റ് പനി ലക്ഷണങ്ങളുള്ള രണ്ടു കുട്ടികളേയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

News Malayalam 24x7
newsmalayalam.com