കള്ളാടി മണ്ണിടിച്ചിൽ: തിരച്ചിൽ ഇന്നും തുടരും; കൊങ്കൺ റെയിൽവേയുടെ വിദഗ്‍ധ സംഘം ഇന്നെത്തും

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
കള്ളാടി മണ്ണിടിച്ചിൽ: തിരച്ചിൽ ഇന്നും തുടരും; കൊങ്കൺ റെയിൽവേയുടെ വിദഗ്‍ധ സംഘം ഇന്നെത്തും
ANI

'അവതാരങ്ങള്‍' ഇനി പടിക്കു പുറത്ത്

ശബരിമല സ്വര്‍ണക്കൊള്ളയുടെ പശ്ചാത്തലത്തിൽ പൊളിച്ചെഴുതാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇനി മുതല്‍ സന്നിധാനത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിക്കുക കോര്‍പറേറ്റ് കമ്പനികളുടെയും പ്രമുഖ സ്ഥാപനങ്ങളുടെയും സ്പോണ്‍സര്‍ഷിപ്പ് മാത്രം. അന്നദാന ഫണ്ടിലേക്ക് മാത്രം വ്യക്തി കേന്ദ്രീകൃത സംഭാവനകള്‍ അനുവദിക്കും. സ്പോൺസർഷിപ്പ് നൽകാൻ താത്പര്യമുള്ള വ്യക്തികളോ സ്ഥാപനങ്ങളോ സമർപ്പിക്കുന്ന അപേക്ഷകൾ ദേവസ്വം വിജിലൻസ് പരിശോധിക്കും. ഇന്ന് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും .

ഖമനേയിക്ക് വിട; ട്രംപിനെതിരെ ബാനറുമായി ഇറാന്‍ ജനത

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിക്ക് വിട നല്‍കി ഇറാന്‍. ഒരാഴ്ച നീണ്ട വിലാപയാത്രയ്ക്കും പൊതുദര്‍ശനങ്ങള്‍ക്കുംശേഷം ജന്മനാടായ മഷ്ഹദിലായിരുന്നു സംസ്കാര ചടങ്ങുകള്‍. മഷ്ഹദിൽ ഇമാം റെസയുടെ ശവകുടീരത്തോട് ചേർന്നാണ് ഖമനേയിക്കും അന്ത്യവിശ്രമമൊരുക്കിയത്. പ്രത്യേക കറുത്ത വസ്ത്രത്തിലായിരുന്നു ജനങ്ങള്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. ഖമനേയിയുടെ ചിത്രങ്ങളും, ഇറാന്‍ പതാകകളും കൈയിലേന്തിയിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവർക്കെതിരായ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ഉയര്‍ന്നു. 'യുഎസിന് നാശം', Hey TRUMP We will kill You എന്ന കൂറ്റന്‍ ബാനറും ജനങ്ങള്‍ ഉയര്‍ത്തി.

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും

സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും. ​ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേശിന്റെ മേൽനോട്ടത്തിൽ, ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആസൂത്രണ ബോർഡിലെ രണ്ട് ചീഫ് തസ്തികകളിലേക്ക് നടന്ന പരീക്ഷകളിലെ ക്രമക്കേടുകളും, ഇതിനു പുറമെ പി.എസ്.സിക്ക് എതിരെ ഉയർന്നിട്ടുള്ള മറ്റ് ഗുരുതര ആരോപണങ്ങളും വിശദമായി അന്വേഷിക്കാനാണ് സർക്കാരിന്റെ കർശന നിർദേശം.

സർക്കാർ നിയോഗിച്ച വിദഗ്‍ധ സമിതിയും സ്ഥലത്തെത്തി അന്വേഷണം നടത്തും

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി തിരച്ചിൽ ഇന്നും തുടരും. മീനാക്ഷിപുഴ കേന്ദ്രീകരിച്ചും സോൺ ഒന്നിലും മൂന്നിലുമാണ് തിരച്ചിൽ നടത്തുക. കൊങ്കൺ റെയിൽവേ കോർപ്പറേഷന്റെ ഡൽഹിയിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് വയനാട് എത്തും. സംഘം മണ്ണിടിച്ചിൽ മേഖലയിൽ വിശദമായ പരിശോധന നടത്തും. സർക്കാർ നിയോഗിച്ച വിദഗ്‍ധ സമിതിയും സ്ഥലത്തെത്തി അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറും. ഇന്നലെ നടത്തിയ തിരച്ചിലിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. അവശേഷിക്കുന്ന രണ്ടുപേർക്കായുള്ള തിരച്ചിലാണ് ഇന്ന് നടത്തുക.

News Malayalam 24x7
newsmalayalam.com