തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിന് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുഗതൻ നൽകിയ ഹർജിയിൽ കോടതി ഇന്ന് ഉത്തരവ് പറയും. നെടുമങ്ങാട് മജിസ്റ്റേറ്റ് കോടതിയെയാണ് സുഗതൻ സമീപിച്ചിരുന്നത്. സത്യപ്രതിജ്ഞയ്ക്കായി പരോൾ നൽകണമെന്നും സുഗതൻറെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെ പ്രോസിക്യൂഷൻ കോടതിയിൽ എതിർത്തു. മജിസ്ട്രേറ്റ് കോടതിയല്ല ഹൈക്കോടതിയാണ് വിഷയം പരിഗണിക്കേണ്ടതെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്.
ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിന് സുഗതന്റെ ഉൾപ്പെടെ 20 കൗസിലർമാരുടെ സത്യപ്രതിജ്ഞയാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. കാപ്പ ചുമത്തി ജയിലിലായതിനാൽ സുഗതന് മറ്റ് കൗൺസിലർമാർക്ക് ഒപ്പം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല. ആറുമാസത്തെ കാപ്പാ തടവ് കാപ്പ ഉപദേശക സമിതിയും ശരി വെച്ചിരുന്നു. ഇതോടെ സുഗതന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. കോടതിയുടെ അനുമതിയോടെ സത്യപ്രതിജ്ഞ ചെയ്യാനായില്ലെങ്കിൽ സുഗതൻ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടും. ഇത് കോർപ്പറേഷൻ ഭരിക്കുന്ന ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക...