
തൃശൂരിലെ വേട്ട് ചോരി ആരോപണത്തിന് തെളിവുകളുണ്ടെന്ന് വ്യക്തമായതോടെ വോട്ടർ പട്ടികകളുടെ വിശദ പരിശോധന ആരംഭിച്ച് മുന്നണികൾ. തദ്ദേശ - നിയമസഭ - പാർലമെൻറ് മണ്ഡലങ്ങളുടെ പട്ടികകൾ പരിശോധിച്ചു ക്രമക്കേടുകളും വ്യാജ വോട്ടുകളും കണ്ടെത്തുകയാണ് എൽഡിഎഫ്-യുഡിഎഫ് മുന്നണികളുടെ ലക്ഷ്യം.
വ്യാജ മേൽവിലാസത്തിൽ വോട്ടുകൾ ചേർത്തവർ , മണ്ഡലത്തിനും ജില്ലക്കും പുറത്ത് വോട്ടുള്ളവർ , ഒരേ മേൽവിലാസത്തിൽ വോട്ടു ചേർത്ത ആളുകൾ തുടങ്ങി ആരോപണങ്ങളെ സാധൂകരിക്കുന്ന നിരവധി തെളിവുകളാണ് ഇതിനോടകം പുറത്തുവന്നത്. എതിർ വിഭാഗങ്ങളുടെ ക്രമക്കേടുകൾ കണ്ടെത്താൻ ബിജെപിയും തിരക്കിട്ട നീക്കങ്ങളിലാണ്.ന്യൂസ് മലയാളം നടത്തിയ വാർത്ത അന്വേഷണത്തോടും പുറത്തുകൊണ്ടുവന്ന വാർത്തകളോട് പ്രതികരിക്കാനോ വിശദീകരണം നൽകാനോ ബിജെപി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.
തൃശൂർ കോർപ്പറേഷനിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് വോട്ടർ പട്ടികിയിൽ നടന്നത് വൻ ക്രമക്കേടുകളാണ്. തൃശൂർ കോർപ്പറേഷനും പാർലമെന്റ് മണ്ഡലത്തിനും പുറത്ത് നിന്നള്ളവർക്ക് വ്യാജ മേൽവിലാസം ഉണ്ടാക്കി വോട്ട് ചേർത്തിരുന്നു. അടഞ്ഞ് കിടക്കുന്നതും വോട്ടർ പട്ടികയിലെ പേരുകാർ താമസമില്ലാത്തതുമായ വാട്ടർലില്ലി ഫ്ലാറ്റിൽ നിന്നുമാത്രം 30 പേരാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിലെ വോട്ടർ പട്ടികയിൽ ഇടം പിടിച്ചത്.കോർപ്പറേഷനും ലോക്സഭാ മണ്ഡലത്തിനും പുറത്ത് നിന്നുള്ള ഇവരാരും ഇപ്പോൾ ഈ ഫ്ലാറ്റിൽ താമസക്കാരല്ലെന്നും കണ്ടെത്തി.
എന്നാൽ പൂങ്കുന്നത്തെ ഇൻ ലാന്റ് ഉദയ നഗർ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഓരേ ഫ്ലാറ്റ് നമ്പർ ഉപയോഗിച്ചും ഫ്ലാറ്റ് നമ്പർ കൃത്യമായി രേഖപ്പെടുത്താതെയും വോട്ടർ പട്ടികയിൽ ഇടം നേടിയവരെയാണ്. ബൂത്ത് നമ്പർ 37 ൽ ഫോറം 6 പ്രകാരം വോട്ടർ പട്ടികയിൽ പുതുതായി ഇടം നേടിയ 190 പേരിൽ 24 പേരും മണ്ഡലത്തിന് പുറത്ത് നിന്നുള്ളവരാണ്.രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലോടെ പുറത്ത് വരികയും തൃശൂരിൽ എൽഡിഎഫും, യുഡിഎഫും പരാതികൾ ഉന്നയിക്കുകയും ചെയ്ത തെരഞ്ഞെടുപ്പ് ക്രമക്കേടിന്റെ കൂടുതൽ വിവരങ്ങളായിരുന്നു പുറത്തുവന്നത്