എൽഡിഎഫ് സർക്കാർ എല്ലാ കാലത്തും വിശ്വാസികൾക്കൊപ്പമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ശബരിമല വിഷയത്തിൽ അയ്യപ്പന്റെ ഒരു തരി സ്വത്തും നഷ്ടമാകരുത് എന്നാണ് സർക്കാർ നയം. അതിന്റെ ഭാഗമായാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും പിടികൂടുമെന്നും എം.വി. ഗോവിന്ദൻ പ്രതികരിച്ചു.
സംഘർഷങ്ങൾ ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. അതിനുദാഹരണമാണ് പേരാമ്പ്രയിൽ ഉണ്ടായത്. സർവകലാശാലകളിലെ എസ്എഫ്ഐയുടെ ജയം യുഡിഎഫിനെ വിറളി പിടിപ്പിച്ചു. പേരാമ്പ്രയിൽ യുഡിഎഫ് ആണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത്. ഇത് ജനം മനസിലാക്കിയപ്പോൾ പൊലീസിന് എതിരെ തിരിഞ്ഞു. ഒരു എംപി തന്നെ ഇതിനു നേതൃത്വം നൽകി. കലാപം സൃഷ്ടിക്കാനുള്ള മനഃപൂർവ ശ്രമമാണ് നടന്നത്. കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷം. അതുകൊണ്ട് വർഗീയ കലാപങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
സെൻ്റ് റീത്താസ് സ്കൂളിലെ പ്രശ്നം വർഗീയവൽക്കരിക്കാനാണ് കോൺഗ്രസ് ശ്രമമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. മതവിദ്വേഷം ഉണ്ടാക്കാനാണ് ശ്രമം. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് യുഡിഎഫ് നീക്കം. സർക്കാരിനെതിരായ നീക്കം ജനം തിരിച്ചറിയുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ജി. സുധാകരൻ്റെ പരസ്യപ്രതികരണത്തിൽ 75 വയസ് കഴിഞ്ഞ സഖാക്കള്‍ക്ക് ചിലപ്പോള്‍ നിരാശാബോധം ഉണ്ടാകാം, അത് സ്വാഭാവികമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. അവരെ കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പാര്‍ട്ടി ആണ് സിപിഐഎമ്മെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.