
എറണാകുളം: കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. നഗരസഭാ അധ്യക്ഷ വിജയാ ശിവനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. സിപിഐഎം വിമത കൗൺസിലർ കലാ രാജുവും സ്വതന്ത്രൻ പി.ജി. സുനിൽകുമാറും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു.
12ന് എതിരെ 13 വോട്ടുകൾക്കാണ് യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായത്. പിന്നാലെ, എല്‍ഡിഎഫ് കൗൺസിലർമാർ നഗരസഭാ കൗൺസിൽ ഹാളിൽ പ്രതിഷേധിച്ചു.
മനസാക്ഷിക്ക് അനുസരിച്ചാണ് വോട്ട് ചെയ്തതെന്നായിരുന്നു കലാ രാജുവിന്റെ പ്രതികരണം. തുടർന്നും യുഡിഎഫുമായി സഹകരിക്കുമെന്ന് കൗണ്‍സിലർ വ്യക്തമാക്കി. എൽഡിഎഫ് ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്നും ഇത് ചോദിച്ചുവാങ്ങിയ പരാജയമാണെന്നും കലാ രാജു കൂട്ടിച്ചേർത്തു.
എൽഡിഎഫ് കൗൺസിലറെ സിപിഐഎം തട്ടിക്കൊണ്ടു പോയതിനെ തുടർന്ന് വിവാദത്തിലായ അവിശ്വാസ പ്രമേയത്തിന് ശേഷമാണ് ഇന്ന് കൂത്താട്ടുകുളം നഗരസഭയിൽ വീണ്ടും അവിശ്വാസ പ്രമേയ ചർച്ച നടന്നത്. ജനുവരി 18നാണ് നഗരസഭാ അധ്യക്ഷയ്‌ക്കും ഉപാധ്യക്ഷനുമെതിരെ യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നതും കൗൺസിലർ കലാ രാജുവിനെ സിപിഐഎം നടുറോഡിൽ നിന്ന് തട്ടിക്കൊണ്ടു പോയതും. പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെയായിരുന്നു തട്ടിക്കൊണ്ടുപോകൽ. അന്നത്തെ അവിശ്വാസപ്രമേയത്തിനിടെ നഗരസഭാ അധ്യക്ഷ ഉൾപ്പെടെയുള്ള ഇടത് വനിതാ കൗൺസിലർമാര്‍ക്ക് മർദനമേറ്റിരുന്നു.
സിപിഐഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിയാണ് 25 അംഗ നഗരസഭാ കൗൺസില്‍ ഭരിച്ചിരുന്നത്. യുഡിഎഫിന് 11 പേരും എൽഡിഎഫ് ന് 13 പേരുമായിരുന്നു അംഗനില. ഒരു സ്വതന്ത്രനുമുണ്ട്. എന്നാൽ, കഴിഞ്ഞ ജനവരി 18ന് അവിശ്വാസപ്രമേയ ചർച്ചയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളെ തുടർന്ന് എൽഡിഎഫിലെ സിപിഐഎം അംഗം കലാരാജു, സ്വതന്ത്രനായ പി.ജി. സുനിൽകുമാർ എന്നിവർ എൽഡിഎഫ് ഭരണസമിതിയുടെ നിലപാടുകളോട് വിയോജിപ്പ് രേഖപ്പെടുത്തുന്നവരായി മാറി. ഇവരുടെ പിന്തുണ കൂടി ലഭിച്ചതോടെയാണ് അവിശ്വാസ പ്രമേയം പാസായത്.