ചതിച്ച പാർട്ടിക്കൊപ്പം തുടരാനില്ലെന്ന് കലാരാജു; കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ടം

ഭരണം അട്ടിമറിച്ചതാണെന്നും ഇതിനുപിന്നിൽ രാഷ്ട്രീയ കുതിരക്കച്ചവടവും പണാധിപത്യവുമാണെന്നും എൽഡിഎഫ് ആരോപിച്ചു.
koothattukulam
എൽഡിഎഫ് ചോദിച്ചു വാങ്ങിയ പരാജയമാണിതെന്നായിരുന്നു കലാ രാജുവിൻ്റെ പ്രതികരണംSource: News Malayalam 24x7
Published on

എറണാകുളം: ആറുമാസത്തെ നാടകീയ സംഭവങ്ങൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് ഭരണം നഷ്ടപ്പെട്ടത്. സിപിഐഎം വിമത കലാ രാജുവിൻ്റെ വോട്ടും സ്വതന്ത്രൻ്റെ പിന്തുണയും ലഭിച്ചതോടെയാണ് അവിശ്വാസ പ്രമേയം പാസായത്. വൈസ് ചെയർമാനെതിരെ നടന്ന അവിശ്വാസ പ്രമേയത്തിൽ കലാ രാജുവിന്റെ വോട്ട് അസാധുവാണെന്ന് എൽഡിഎഫ് ആരോപിച്ചെങ്കിലും വരണാധികാരി ഇത് നിഷേധിച്ചു.

സിപിഐഎമ്മിനോട് ഇടഞ്ഞുനിന്ന കൗൺസിലർ കലാ രാജു യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. സ്വതന്ത്രൻ പി. ജി. സുനിൽകുമാറും നേരത്തെ തന്നെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാവിലെ പൊലീസ് സംരക്ഷണയിലാണ് കലാ രാജു കൗൺസിൽ ഹാളിൽ എത്തിയത്. അവിശ്വാസ ചർച്ചകളിൽ പങ്കെടുത്തെങ്കിലും വോട്ടെടുപ്പുകളിൽനിന്ന് ഇടത് അംഗങ്ങൾ വിട്ടുനിന്നു. ഇതോടെ നഗരസഭയുടെ ഭരണം യുഡിഎഫ് പിടിച്ചു.

koothattukulam
കൂത്താട്ടുകുളം നഗരസഭയിൽ നാടകീയ രംഗങ്ങൾ; പ്രതിപക്ഷ പ്രതിഷേധത്തിനൊപ്പം ചേർന്ന് കലാ രാജു

ഭരണം അട്ടിമറിച്ചതാണെന്നും ഇതിനുപിന്നിൽ രാഷ്ട്രീയ കുതിരക്കച്ചവടവും പണാധിപത്യവുമാണെന്നും എൽഡിഎഫ് ആരോപിച്ചു. എന്നാൽ മനഃസാക്ഷിക്ക് അനുസരിച്ചാണ് തന്റെ പ്രവർത്തികളെന്ന് പറഞ്ഞ കലാ രാജു, എൽഡിഎഫ് ചോദിച്ചു വാങ്ങിയ പരാജയമാണിതെന്നും പ്രതികരിച്ചു. ഇനി യുഡിഎഫിനൊപ്പമായിരിക്കുമെന്നും കലാ രാജു വ്യക്തമാക്കി.

പണാധിപത്യമെന്നത് സിപിഐഎമ്മിന്റെ സ്ഥിരം പ്രചാരവേലയെന്നായിരുന്നു ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിൻ്റെ പ്രതികരണം. കലാ രാജുവിന് എല്ലാ നിയമ സംരക്ഷണവും ഒരുക്കുമെന്നും യുഡിഎഫ് പറഞ്ഞു. ഉച്ചയ്ക്ക് ശേഷം വൈസ് ചെയർമാനെതിരെ നടന്ന അവിശ്വാസ പ്രമേയത്തിൽ കലാ രാജുവിന്റെ വോട്ട് അസാധുവാണെന്ന് ആരോപിച്ച് എൽഡിഎഫ് പ്രതിഷേധിച്ചു. എന്നാൽ വോട്ട് സാധുവാണെന്ന് വരണാധികാരി അറിയിച്ചതോടെ എൽഡിഎഫ് പ്രതിഷേധം തെരുവിലേക്ക് മാറ്റി. ചുരുങ്ങിയ കാലയളവിലെ ഭരണ നിർവഹണം യുഡിഎഫിന് തലവേദന ഉണ്ടാക്കിയേക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com