നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിക്കൽ ഉത്തരവിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ. ഉമ്മൻചാണ്ടിയുടെ ആഗ്രഹമാണ് സഫലമാകുന്നതെന്നായിരുന്നു ചാണ്ടി ഉമ്മൻ്റെ പ്രസ്താവന. നിമിഷപ്രിയ തിരിച്ചുവരുമെന്നാണ് വിശ്വാസമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. കൂട്ടായ പരിശ്രമമാണ് വിജയം കാണുന്നതെന്നും ഗവർണർ ഉൾപ്പെടെ എല്ലാവരും മോചനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
നിമിഷപ്രിയയുടെ ശിക്ഷ മരവിപ്പിച്ചതിൽ കാന്തപുരം മുസ്ലിയാർക്കും വലിയ പങ്കുണ്ടെന്ന് ചാണ്ടി ഉമ്മൻ പറയുന്നു. സാജൻ ലത്തീഫ് എന്ന വ്യവസായിയും വിഷയത്തിൽ ഇടപ്പെട്ടു. ദീപ ജോസഫ്, സുഭാഷ് ചന്ദ്രൻ തുടങ്ങിയവർ മോചനത്തിനായി വർഷങ്ങളായി പരിശ്രമിക്കുകയാണ്. വിഷയത്തിൽ ഗവർണർ മനുഷ്യസ്നേഹിയായി ഇടപെട്ടുവെന്ന് പറഞ്ഞ അദ്ദേഹം എല്ലാവരോടും നന്ദി എന്നും കൂട്ടിച്ചേർത്തു.
ശ്രമം അടുത്തഘട്ടത്തിലേക്ക് കടക്കണമെന്ന് ചൂണ്ടികാണിക്കുകയാണ് ചാണ്ടി ഉമ്മൻ. കൊല്ലപ്പെട്ട ആളുടെ കുടുംബവുമായി ചർച്ച അടിയന്തരമായി നടത്തേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയുന്നില്ലെന്നും ഗവർണറുടെ ഇടപെടൽ വളരെ വലുതായിരുന്നെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരിന്റെ നിർദേശ പ്രകാരം സൂഫി പണ്ഡിതൻ ശൈഖ് ഹബീബ് ഉമറിൻ്റെ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിക്കാൻ ധാരണയായത്. യെമൻ കോടതിയുടെ ഉത്തരവ് ഇന്ത്യൻ ഗവൺമെന്റിന് അയച്ച് നൽകിയിട്ടുണ്ടെന്ന് കാന്തപുരം വ്യക്തമാക്കി. പ്രധാനമന്ത്രിക്ക് ഈ വിഷയം സംബന്ധിച്ച് കത്ത് അയച്ചിട്ടുണ്ട്. മനുഷ്യത്വത്തിന്റെ പേരിലാണ് നിമിഷപ്രിയയുടെ മോചനത്തിന് ഇടപെട്ടതെന്നും ഇനിയും ഇടപെടലുകൾ ഉണ്ടാകുമെന്നും കാന്തപുരം പുറഞ്ഞു.
നാളെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരുന്നത്. യെമൻ ജഡ്ജിമാരുമായും മതപണ്ഡിതരുമായും കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ ചർച്ച നടത്തിയിരുന്നു.