തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിലെ തർക്കം പരിഹരിക്കാൻ ഹൈക്കമാൻഡ്. ഡൽഹിയിലേക്ക് വിളിപ്പിച്ച നേതാക്കളുമായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഇന്ന് കൂടിക്കാഴ്ച നടത്തും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വർക്കിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുക്കുക. കെപിസിസി യോഗം പോലും ചേരാനാകാതെ വന്നതോടെയാണ് നടപടി.
അതേസമയം, തിരുവനന്തപുരം ഡിസിസി അധ്യക്ഷ നിയമനത്തെ ചൊല്ലി വിവാദം. വി.ഡി. സതീശന്റെ നോമിനിയായ ചെമ്പഴന്തി അനിലിനെതിരെ പരാതി പ്രവാഹം. അനിൽ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും സിബിഐ അന്വേഷണം നേരിടുന്ന ആളെന്നുമാണ് പരാതി. വ്യാജ രേഖ നിർമിച്ചതിന് ഉൾപ്പെടെ കേസുകളിൽ പ്രതിയാണ് ചെമ്പഴന്തി അനിൽ. എന്നാൽ പാർട്ടി പരിപാടികളിൽ സജീവമല്ലാത്ത ചെമ്പഴന്തി അനിലിനായി കടുംപിടുത്തത്തിലാണ് വി.ഡി.സതീശൻ