
രൂപീകരിച്ച കാലം മുതൽ ഇടതു മുന്നണി ഭരിച്ച തദ്ദേശ സ്ഥാപനമാണ് കൊല്ലം കോർപ്പറേഷൻ. തദ്ദേശ തെരഞ്ഞെടുപ്പിന് കളമൊരുങ്ങവെ, വിജയം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. കോർപ്പറേഷനിൽ വലിയ മേൽക്കൈ ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിന് യുഡിഎഫും തയ്യാറായി കഴിഞ്ഞു. ബിജെപിയും കച്ചമുറുക്കി രംഗത്തെത്തുന്നതോടെ, മത്സരം മുറുകുമെന്നാണ് കണക്കൂക്കുട്ടല്‍.
ആകെ 55 സീറ്റാണ് കോര്‍പ്പറേഷനിലുള്ളത്. എൽഡിഎഫ് 38, യുഡിഎഫ് 10, ബിജെപി 6, എസ്‍ഡിപിഐ -1 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. മൃഗീയ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് കൊല്ലം കോർപ്പറേഷൻ ഭരിക്കുന്നത്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം.
എന്നാൽ മേയർ സ്ഥാനത്തെ ചൊല്ലിയുണ്ടായ സിപിഐഎം -സിപിഐ ഏറ്റുമുട്ടൽ, മാലിന്യ പ്രശ്നം, തെരുവ് വിളക്ക് വിഷയം ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടി നേട്ടം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. പാളയത്തിലെ പടയെ അതിജീവിക്കാൻ കോൺഗ്രസിന് കഴിയുമോ എന്നതിനെ ആശ്രയിച്ചായിരിക്കും യുഡിഎഫിന്റെ ഫലം.
അതേസമയം, തിരുവനന്തപുരത്തിനും, തൃശൂരിനുമൊപ്പം കൊല്ലം കോർപ്പറേഷനും ലക്ഷ്യമിടുകയാണ് ബി.ജെ.പി. കോൺഗ്രസ്, എൻഎസ്എസ്, ക്രിസ്ത്യൻ ശക്തികേന്ദ്രങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിലവിൽ യുഡിഎഫിനൊപ്പം നിൽക്കുന്ന സീറ്റുകൾ പിടിച്ചെടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.