കൊല്ലം: ഇരവിപുരത്തും ചവറയിലും സിറ്റിങ്ങ് എംഎൽഎമാരെ തന്നെ മത്സരിപ്പിക്കാൻ ഇടതുമുന്നണിയിൽ ധാരണ. ഇതുസംബന്ധിച്ച് എം. നൗഷാദുമായും സുജിത് വിജയൻ പിള്ളയുമായും മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും സംസ്ഥാന സമിതി അംഗങ്ങളുമുള്ള യോഗത്തിലായിരുന്നു ചർച്ച. സുജിത് വിജയൻ പിള്ള ഇടത് സ്വതന്ത്രനായിട്ടായിരിക്കും ഇത്തവണയും മത്സരിക്കുക. ആർഎസ്പിക്കെതിരെയാണ് ഇരുവരും മത്സരിക്കുക.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റ കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചുപിടിക്കാനാണ് എൽഡിഎഫ് നീക്കം. കൊല്ലം മണ്ഡലത്തിലെ സ്ഥാനാർഥി നിർണയ ചർച്ചകളും പാർട്ടി സജീവമാക്കിയിട്ടുണ്ട്. ആദ്യഘട്ട സ്ഥാനാർഥിപട്ടികയിൽ അഞ്ച് പേരാണ് ഇടംപിടിച്ചത്.
ആക്ടിങ് ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ, കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.കെ. ഗോപൻ, സംസ്ഥാന സമിതി അംഗം ചിന്ത ജെറോം എന്നിവരാണ് പരിഗണനയിലുള്ളത്. അതേസമയം എം. മുകേഷിന് വീണ്ടും അവസരം നൽകുന്നതും സിപിഐഎം പരിഗണനയിലുണ്ട്.
സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവും കാഷ്യു ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാനുമാണ് എസ്. ജയമോഹൻ. സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മാവേലിക്കര മുൻ എംപിയുമായിരുന്നു സി.എസ്. സുജാത. പി കെ ഗോപൻ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമാണ്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും യുവജന കമ്മീഷൻ മുൻ ചെയർപേഴ്സണുമാണ് ചിന്താ ജെറോം. രണ്ടുതവണയായി കൊല്ലം എംഎൽഎയാണ് എം. മുകേഷ്.