
കേരള സർവകലാശാലയിലെ പ്രതിസന്ധിക്ക് കാരണം സിൻഡിക്കേറ്റ് എന്ന രാജൻ ഗുരുക്കളുടെ പ്രസ്താവനക്കെതിരെ ഇടത് അധ്യാപക സംഘടനകൾ. കേരള സർവകലാശാലയിൽ താൽക്കാലിക വിസി നിയമങ്ങൾക്ക് മുകളിൽ പ്രവർത്തിക്കുന്നത് ഗുരുക്കൾ കാണുന്നില്ല. വിസിയാണ് അവസാനവാക്ക് എന്ന് പറയുന്നത് നിയമങ്ങളെക്കുറിച്ച് ധാരണ ഇല്ലാത്തത് മൂലമാണെന്നും ഇടത് അധ്യാപക സംഘടനകൾ സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു.
സിൻഡിക്കേറ്റിനെ വെല്ലുവിളിച്ച് വിസി ഇറങ്ങിയത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണമെന്നും അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു. വിസി ആരുടെ കൈയിലെ പകിട ആണെന്ന് മനസിലാക്കണം. അശാന്തി പടർത്തുന്നവർക്ക് ഊർജ്ജം നൽകുന്ന പ്രസ്താവനകൾ പ്രതിഷേധകരമാണെന്നും അധ്യാപക സംഘടനകൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
സർവകലാശാലയുടെ നിയമവും സ്റ്റാറ്റ്യൂട്ടും സിൻഡിക്കേറ്റ് അവഗണിച്ചുവെന്നായിരുന്നു രാജൻ ഗുരുക്കൾ പറഞ്ഞത്. സിൻഡിക്കേറ്റിനെയും വൈസ് ചാൻസലറെയും വ്യത്യസ്ത സ്ഥാപനങ്ങളായി കണ്ടു. വിസിയുടെ അഭാവത്തിൽ സിൻഡിക്കേറ്റിന് തീരുമാനങ്ങൾ എടുക്കാൻ അധികാരമില്ലെന്നും രാജൻ ഗുരുക്കൾ പറഞ്ഞിരുന്നു.
വിസി സസ്പെൻഡ് ചെയ്ത ആളെ സിൻഡിക്കേറ്റ് തിരിച്ചെടുത്തത് നിയമപരമായ അജ്ഞത കാരണമാണ്. വിസിയാണ് സർവകലാശാലയുടെ ഏക ചീഫ് എക്സിക്യൂട്ടീവും അക്കാദമിക് മേധാവിയും. കൂട്ടായ തീരുമാനത്തിനപ്പറുത്ത് സിൻഡിക്കേറ്റിന് വ്യക്തിഗത അധികാരമില്ലെന്നും ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ രാജൻ ഗുരുക്കൾ വിമർശിച്ചിരുന്നു. എംജി സർവകലാശാല മുൻ വിസിയും, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനുമാണ് രാജൻ ഗുരുക്കൾ.