കെണി വച്ചത് കാട്ടുപന്നിക്ക്; വീണുകുടുങ്ങി ചത്തത് പുലി

രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടയിൽ കെണി മുറുകി ഉണ്ടായ ഗുരുതരമായ ആന്തരിക ക്ഷതമാണ് മരണകാരണം
കെണി വച്ചത് കാട്ടുപന്നിക്ക്;   വീണുകുടുങ്ങി ചത്തത് പുലി
Published on
Updated on

കണ്ണൂർ: മട്ടന്നൂർ മാലൂരിൽ കാട്ടുപന്നിയെ പിടിക്കാൻ സ്ഥാപിച്ച കെണിയിൽ കുടുങ്ങിയ പുലി ചത്തു. മയക്കുവെടി വെച്ച് പിടികൂടി ആറളത്തെ ആർആർടി കേന്ദ്രത്തിലേക്ക് മാറ്റിയ പുലി ഉച്ചയോടെയാണ് ചത്തത്. കെണിയിൽ കുരുങ്ങിയതുമൂലമുണ്ടായ ആന്തരിക പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൃഷിയിടത്തിന്റെ ഉടമയെ പ്രതിയാക്കി കേസെടുക്കാനാണ് വനംവകുപ്പ് തീരുമാനം.

കെണി വച്ചത് കാട്ടുപന്നിക്ക്;   വീണുകുടുങ്ങി ചത്തത് പുലി
തിരുവനന്തപുരം ശ്രീചിത്ര പുവർ ഹോമിലെ രണ്ട് പെൺകുട്ടികളെ കാണാതായി

മാലൂർ പഞ്ചായത്ത് ഓഫീസിന് സമീപം കെ.പി.ആർ നഗറിലെ രാമകൃഷ്ണന്റെ പറമ്പിനോട് ചേർന്ന ഇടവഴിയിലാണ് പുലർച്ചെ പന്നിക്കെണിയില്‍ പുലി കുടുങ്ങിയത്. പുലർച്ചെ മൂന്നരയോടെ വീട്ടിലെ പശു ഭയന്ന് കരയുന്ന ശബ്ദം കേട്ട് ടോര്‍ച്ചുമായി പുറത്തിറങ്ങിയ രാമകൃഷ്ണൻ . ഇരുട്ടില്‍ പുലിയുടെ തിളങ്ങുന്ന കണ്ണുകള്‍ കണ്ടു. പേടിച്ചരണ്ട് വീടിനകത്തേക്ക് ഓടിക്കയറി , നാട്ടുകാരെ വിവരം അറിയിച്ചു.

ജനവാസ മേഖലയിൽ പുലിയെ കണ്ടതോടെ പ്രദേശത്ത് ഭീതിക്കൊപ്പം ജനക്കൂട്ടവും തടിച്ച് കൂടി. കെണിയിൽ നിന്ന് കുതറിമാറാൻ ശ്രമിക്കുന്ന പുലി ഏത് നിമിഷവും കെണി പൊട്ടിച്ച് ജനക്കൂട്ടത്തിന് നേരെ ചാടുമെന്ന ഭീതിയിലായിരുന്നു നാട്ടുകാര്‍. ഒടുവിൽ വടംകെട്ടി പോലീസും ആർ.ആർ.ടി സംഘവും പ്രതിരോധ വലയം തീർത്തു . ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് ലഭിച്ചതോടെ, വയനാട്ടിൽ നിന്നെത്തിയ വെറ്ററിനറി സർജൻ ഏലിയാസ് റാവൂത്തർ ഉന്നം പിഴയ്ക്കാതെ മയക്കുവെടിയുതിർത്തു.

കെണി വച്ചത് കാട്ടുപന്നിക്ക്;   വീണുകുടുങ്ങി ചത്തത് പുലി
"അഭിപ്രായപ്രകടനം പക്വതയോടെ ആയിരുന്നില്ല"; പുലിക്കളിക്കെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വി.കെ. ശ്രീരാമൻ

അരമണിക്കൂറോളം നീണ്ട നിരീക്ഷണത്തിന് ശേഷം പുലിയെ വലയിലാക്കി ആറളത്തെ ആർആർടി കേന്ദ്രത്തിലേക്ക് മാറ്റി. വയനാട്ടിലേക്ക് മാറ്റാൻ തയാറെടുക്കുന്നതിനിടെ ഉച്ചയോടെ പുലി ചത്തു. രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടയിൽ കെണി മുറുകി ഉണ്ടായ ഗുരുതരമായ ആന്തരിക ക്ഷതമാണ് മരണകാരണം. കണ്ണവം വനമേഖലയിൽ നിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയുള്ള പ്രദേശമാണിത്. അനധികൃതമായി കെണിവെച്ച ആൾക്കായി വനംവകുപ്പ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് .

News Malayalam 24x7
newsmalayalam.com