തദ്ദേശപ്പോര് | അഞ്ച് വർഷത്തിനിടെ രണ്ട് അധ്യക്ഷൻമാർ, മികച്ച പ്രകടനം; കാസർഗോഡ് നഗരസഭയിൽ ഇത്തവണ വിധി എന്താകും?

പിന്നാക്കം നിൽക്കുന്ന ജില്ലയാണെങ്കിലും അടിസ്ഥാന സൗകര്യങ്ങളും പശ്ചാത്തല സൗകര്യങ്ങളും ഉറപ്പ് വരുത്താൻ കാസർഗോഡ് നഗരസഭയ്ക്ക് സാധിച്ചു
കാസർഗോഡ് നഗരസഭ
കാസർഗോഡ് നഗരസഭsource: facebook
Published on

അഞ്ച് വർഷത്തിനിടെ രണ്ട് അധ്യക്ഷൻമാർ ഭരിച്ച നഗരസഭയാണ് കാസർഗോഡ്. പിന്നാക്കം നിൽക്കുന്ന ജില്ലയാണെങ്കിലും അടിസ്ഥാന സൗകര്യങ്ങളും പശ്ചാത്തല സൗകര്യങ്ങളും ഉറപ്പ് വരുത്താൻ കാസർഗോഡ് നഗരസഭയ്ക്ക് സാധിച്ചു. തെരുവോര കച്ചവടക്കാരെ കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് പുനരധിവസിപ്പിക്കാനായി എന്നതും നേട്ടമാണ്.

ആരോഗ്യം, പശ്ചാത്തല വികസനം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ മേഖലകളിലൂന്നിയായിരുന്നു കാസർഗോഡ് നഗരസഭയുടെ കഴിഞ്ഞ 5 വർഷത്തെ പ്രവർത്തനം. തളങ്കര നുസ്രത് നഗർ, അണങ്കൂർ പച്ചക്കാട് എന്നിവിടങ്ങൾക്ക് പുറമേ നെല്ലിക്കുന്ന് ബീച്ച് റോഡിലും ഹെൽത്ത് വെൽനസ് സെന്റർ ആരംഭിക്കാൻ നഗരസഭയ്ക്ക് സാധിച്ചു. നഗരത്തിലെ തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ബസ്‌സ്റ്റാന്റ് പരിസരത്ത് നഗരസഭ നിർമിച്ച 'സ്ട്രീറ്റ് വെന്റേഴ്സ് ഹബ്ബ്' തുറന്നുകൊടുത്തു.

2016 ൽ തുടങ്ങി ചുവപ്പുനാടയിൽ കുടുങ്ങി പാതിവഴിയിലായിരുന്ന നഗരസഭയുടെ ആശ്രയ ഭവന നിർമാണ പദ്ധതിക്ക് പുതുജീവൻ നൽകാനും ഭരണ സമിതിക്കായി. സ്വന്തമായി ഭൂമിയോ സ്ഥലമോ ഇല്ലാത്ത 14 കുടുംബങ്ങളുടെ പുനരധിവാസത്തിനായി നുള്ളിപ്പാടിയിൽ 450 സ്ക്വയർ ഫീറ്റ് വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

നഗരസഭാ കോൺഫറൻസ് ഹാളിന് സമീപം 75 ലക്ഷം രൂപയോളം ചെലവിൽ 2,700 സ്ക്വയർ ഫീറ്റ് വിസ്‌തൃതിയിൽ രണ്ട് നിലകളിലായി നിർമ്മിക്കുന്ന കോൺഫറൻസ് ഹാൾ കം ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ നിർമ്മാണം നടന്നു വരികയാണ്. മാലിന്യ നിർമാർജ്ജന, ശുചിത്വ മേഖലയിൽ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കാസർഗോഡ് നഗരസഭയിലെ കേളുഗുഡ്ഡെയിലുള്ള ഡംപ്പ്സൈറ്റ് ബയോ റെമഡിയേഷൻ ചെയ്ത് ഭൂമി വീണ്ടെടുക്കുന്ന പദ്ധതിക്കും തുടക്കം കുറിച്ചു . ഏകദേശം 1.1 ഏക്കറിലായി 16,573 മെട്രിക്ക് ടണിൽ അധികം മാലിന്യം നീക്കം ചെയ്ത് ഭൂമി വീണ്ടെടുക്കുന്നതിന് 3.53 കോടി രൂപയാണ് കെ.എസ്. ഡബ്ല്യു എംപി നഗരസഭയ്ക്ക് അനുവദിച്ചത്.

വിദ്യാനഗർ ഇന്റസ്ട്രിയൽ എസ്റ്റേറ്റിൽ നിർമിക്കുന്ന റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി കെട്ടിടത്തിനും തുടക്കം കുറിച്ചു കഴിഞ്ഞു. ടൂറിസം വികസനത്തിന്റെ ഭാഗമായി അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി 75.5 ലക്ഷം രൂപ ചെലവിൽ കാസർഗോഡ് നെല്ലിക്കുന്ന് ബീച്ചിൽ നിർമിക്കുന്ന ബീച്ച് പാർക്ക് പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും പ്രാദേശികമായുള്ള റോഡുകളുടെ നവീകരണത്തിനുമായുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com