കോട്ടയം: നിവേദനം നൽകാനായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞ് നാട്ടുകാരൻ. കേന്ദ്ര മന്ത്രി കലുങ്ക് സംവാദ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. തുടർന്ന് ബിജെപി പ്രവർത്തകർ ചേർന്ന് ഇയാളെ തള്ളിമാറ്റി. മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്നാണ് ബിജെപി പ്രവർത്തകരുടെ വാദം.
കോട്ടയം പള്ളിക്കത്തോട് താമസിക്കുന്ന ആലപ്പുഴ സ്വദേശി ഷാജി ആണ് നിവേദനം നൽകാനായി എത്തിയത്. എന്നാൽ സുരേഷ് ഗോപിയുടെ വാഹനം നിർത്തിയിരുന്നില്ല. ഇതോടെ ഇയാൾ വാഹനം തടഞ്ഞുകൊണ്ട് മുന്നിലേക്ക് കയറി നിന്നു. പിന്നാലെയാണ് ബിജെപി പ്രവർത്തകരെത്തി ഷാജിയെ തള്ളി മാറ്റിയത്.
അതേസമയം സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഉപകരണക്ഷാമ പ്രതിസന്ധിയിൽ മാധ്യമങ്ങളെ പഴിച്ച് രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ചോദ്യം ചോദിച്ച ആളെ താൻ അവഹേളിച്ചു എന്ന് വരുത്തിയാൽ മെഡിക്കൽ കോളേജിന് പണം കിട്ടുമെന്നാണ് സുരേഷ് ഗോപിയുടെ പരിഹാസം. ഡോ. ഹാരിസ് വിഷയം വന്നപ്പോൾ അദ്ദേഹത്തെ ചവിട്ടിത്തേച്ചെന്നും വിമർശനമുണ്ട്.