തൃശൂർ: രാമവർമപുരത്തെ പൊതുകളിസ്ഥലം ഏറ്റെടുത്ത് സംഗീത കോളേജിന് കൈമാറാനുള്ള റവന്യൂവകുപ്പ് നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ. രാമവർമപുരം യുപി സ്കൂളിന്റെ കളിസ്ഥലം കൂടിയായ മൈതാനം ഏറ്റെടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും, സംഗീത കോളേജിന്, പകരംസ്ഥലം കണ്ടെത്തണമെന്നുമാണ് ആവശ്യം. ഇക്കാര്യങ്ങളുന്നയിച്ച് നാട്ടുകാർ ഒത്തുചേർന്ന് കഴിഞ്ഞ ദിവസം മൈതാനത്ത് പ്രതിഷേധ സംഗമവും നടത്തിയിരുന്നു.
വിയ്യൂർ - പാടുക്കാട് നിവാസികൾക്ക് വൈകാരികമായ അടുപ്പമുണ്ട് രാമവർമപുരത്തെ യുപി സ്കൂളിനോട് ചേർന്നുള്ള മൈതാനത്തോട്. വിവിധ തലമുറകൾ പരിശീലിക്കുകയും കളിക്കുകയും ചെയ്ത ഇവിടെ നിന്നും രാജ്യാന്തര - ദേശീയ താരങ്ങൾ പോലും വളർന്ന് വന്നിട്ടുണ്ട്. എന്നാൽ മൈതാനം ഉൾപ്പെടുന്ന രണ്ട് ഏക്കർ 30 സെന്റ് സ്ഥലം ഏറ്റെടുത്ത് സംഗീത കോളേജ് നിർമിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇക്കാര്യം റവന്യൂ വകുപ്പ് നടപടി ക്രമങ്ങളിൽ നിന്ന് തന്നെ വ്യക്തമായതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി സംഘടിച്ചത്.
വർഷങ്ങൾക്ക് മുൻപ് ചില പദ്ധതികൾക്കായി ഗ്രൗണ്ട് ഏറ്റെടുക്കാനുള്ള നീക്കം റവന്യൂ വകുപ്പ് നടത്തിയിരുന്നു. എന്നാൽ നാട്ടുകാർ എതിർപ്പുമായി എത്തിയതോടെ സ്ഥലം ഏറ്റെടുത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക - വിദ്യാഭ്യാസ സമുച്ചയം നിർമിക്കുമെന്നാണ് മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ ഉൾപ്പടെയുള്ളവർ ഉറപ്പ് നൽകിയത്. കാലങ്ങളേറെ കഴിഞ്ഞിട്ടും അന്ന് നൽകിയ ഉറപ്പ് ഇനിയും പാലിക്കപ്പെട്ടിട്ടില്ല. ഇതോടെയാണ് മൈതാനം കൈവിട്ടു പോകാതിരിക്കാനുള്ള നീക്കങ്ങൾക്ക് നാട്ടുകാർ ചേർന്ന് തുടക്കമിട്ടത്.
തൃശൂർ നഗരത്തിൽ തന്നെയുള്ള ചെമ്പൂക്കാവിലാണ് നിലവിൽ എസ്ആർവി ഗവൺമെന്റ് മ്യൂസിക് കോളേജ് പ്രവർത്തിക്കുന്നത്. സ്ഥാപനത്തിന് പുതിയ കെട്ടിടം നിർമിക്കാൻ രാമവർമപുരത്തെ കളിസ്ഥലം ഉൾപ്പെടുന്ന ഭൂമി ഏറ്റെടുത്ത് കൊണ്ടുള്ള ഉത്തരവ്, ജനുവരി 13നാണ് റവന്യൂ വകുപ്പ് പുറത്തിറക്കിയത്. ഇതിന്റെ ഭാഗമായി സ്ഥലം അളന്ന് തിരിക്കുന്നതടക്കമുള്ള നടപടികൾക്കായി ഉദ്യോഗസ്ഥരെത്തിയിരുന്നു. ഇതോടെയാണ് തങ്ങളുടെ കളിസ്ഥലം ഇല്ലാതാക്കാനുള്ള നീക്കങ്ങൾ നടന്ന് വരുന്നതായി പ്രദേശവാസികൾ മനസിലാക്കുന്നതും പ്രതിഷേധ പരിപാടികൾക്ക് തുടക്കമിടുന്നതും.