തിരുവനന്തപുരം: നയപ്രഖ്യാപന വിവാദത്തിലെ ഗവർണർ സർക്കാർ പോര് കൂടുതൽ കനക്കുന്നു. ഗവർണർ അയച്ച അതീവ രഹസ്യ സ്വഭാവമുള്ള കത്തിനെക്കുറിച്ച് സ്പീക്കർ നടത്തിയ പ്രതികരണത്തിന് എതിരെ ലോക് ഭവൻ രംഗത്തെത്തി. ഗവർണറുടെ കത്ത് തനിക്ക് ലഭിക്കുന്നതിന് മുൻപേ മാധ്യമങ്ങൾക്ക് ലഭിച്ചു എന്ന സ്പീക്കറുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് ലോക് ഭവൻ അറിയിച്ചു. ഭരണഘടനാ തലവൻ അയക്കുന്ന കത്തുകൾക്ക് വാർത്താസമ്മേളനം വിളിച്ച് മറുപടി പറയുന്നത് കീഴ് വഴക്കങ്ങളുടെ ലംഘനമാണ് എന്നും ലോക് ഭവൻ അറിയിപ്പിൽ ചൂണ്ടിക്കാട്ടി.
ഗവർണറുടെ കത്ത് ആദ്യം ലഭിച്ചത് മാധ്യമങ്ങൾക്കാണ്. മാധ്യമങ്ങൾക്ക് കൊടുത്ത കത്തിൻ്റെ കോപ്പിയാണ് സ്പീക്കറുടെ ഓഫീസിന് ലഭിച്ചത്. അതിനൊന്നും മറുപടി ഇല്ല. വളരെ രഹസ്യ സ്വഭാവം ഉള്ളതെന്നാണ് കത്തിൽ എഴുതിയിരുന്നത്. നേരിട്ട് കത്ത് ലഭിച്ചാൽ മറുപടി കൊടുക്കുമെന്നുമെന്നുമായിരുന്നു സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞത്. ഇതിനെതിരെയാണ് ലോക്ഭവൻ രംഗത്തെത്തിയത്.