

ലൈംഗിക പീഡന പരാതിയെത്തുടർന്ന് ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്നാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുന്നത്. ഉച്ചയോടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്നാണ് വിവരം.
അതിജീവിത പരാതി നൽകിയ വാർത്ത പുറത്തു വന്നതിനെ തുടർന്ന് രാഹുലിൻ്റെ രണ്ടു ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു. കുറച്ചു നേരം മുമ്പ് ഇയാളുടെ ഫോണുകൾ സ്വിച്ച് ഓൺ ആയെങ്കിലും എവിടെയാണുള്ളതെന്നതിനെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ഗർഭച്ഛിദ്രം നടത്താൻ മരുന്ന് വാങ്ങി നൽകിയ ഇയാളുടെ സുഹൃത്ത് ജോബി ജോസഫും ഇപ്പോൾ ഒളിവിലാണ്.
ഇതിനിടയിൽ രാഹുൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായ വിവരവും പുറത്തു വന്നിരുന്നു. നിർബന്ധിത ഗർഭച്ഛിദ്രം, ബലാത്സംഗം, വിശ്വാസ വഞ്ചന തുടങ്ങി ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കുഞ്ഞുണ്ടായാൽ രാഷ്ട്രീയ ഭാവി തകരുമെന്നും ഇയാൾ പെൺകുട്ടിയോട് പറഞ്ഞിരുന്നു.
ഇന്ന് രാവിലെയാണ് അതിജീവിതയുടെ പരാതിയിൽ രാഹുലിനെതിരെ പൊലീസ് കേസെടുത്തത്. സീറോ എഫ്ഐആർ ആണ് രാഹുലിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന, ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്.
ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് പത്തനംതിട്ട സ്വദേശിയും വ്യവസായിയുമായ ജോബി ജോസഫ് ആണെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇയാൾ മരുന്നെത്തിച്ചതെന്നും മൊഴിയിലുണ്ട്. ഇയാളും നിലവിൽ ഒളിവിലാണ്.