വീര്യം കുറഞ്ഞ മദ്യം: ആദ്യശ്രമം 2007ല്‍; നിരസിച്ചവര്‍ പിന്നീട് അംഗീകരിച്ചു, ഒടുവില്‍ റദ്ദാക്കി

2007 ജനുവരി 23നാണ് ബക്കാർഡി മാർട്ടിനി ഇന്ത്യ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി, വീര്യം കുറഞ്ഞ മദ്യം വില്പന നടത്തുന്നതിനായി അപേക്ഷ നൽകിയത്.
വീര്യം കുറഞ്ഞ മദ്യം: ആദ്യശ്രമം 2007ല്‍; നിരസിച്ചവര്‍ പിന്നീട് അംഗീകരിച്ചു, ഒടുവില്‍ റദ്ദാക്കി
Published on
Updated on

കേരളത്തില്‍ 'വീര്യം കുറഞ്ഞ' മദ്യവില്പനയ്ക്ക് ശ്രമം തുടങ്ങിയത് 2007ല്‍. എന്നാല്‍ സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരായതിനാല്‍ അന്ന് ബക്കാർഡിയുടെ അപേക്ഷ നിരസിക്കപ്പെട്ടു. പിന്നീട് നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, അപേക്ഷ എക്സൈസ് വകുപ്പ് മന്ത്രിയുടെ പരിഗണനയ്ക്കുവച്ചു. തുടര്‍ന്ന് 2009ല്‍ പ്രൊപ്പോസല്‍ അംഗീകരിച്ചു. ഇതനുസരിച്ചുള്ള തുടര്‍നടപടികള്‍ക്കായി സര്‍ക്കാര്‍ എക്സൈസ് കമ്മീഷണര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു എന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. 2007ല്‍ പി.കെ. ഗുരുദാസൻ എക്സൈസ് മന്ത്രിയായിരിക്കെയായിരുന്നു നടപടികള്‍.

2007 ജനുവരി 23നാണ് ഡൽഹി ആസ്ഥാനമായ ബക്കാർഡി മാർട്ടിനി ഇന്ത്യ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി, അന്നത്തെ എക്സൈസ് വകുപ്പ് മന്ത്രി പി.കെ. ഗുരുദാസന് വീര്യം കുറഞ്ഞ മദ്യം വില്പന നടത്തുന്നതിനായി രേഖാമൂലം അപേക്ഷ നൽകിയത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്പന വിജയകരമായി നടക്കുന്നുണ്ടെന്നും, അതുവഴി സംസ്ഥാനത്തിന് കൂടുതൽ വരുമാനം ഉണ്ടാക്കാമെന്നും, വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാമെന്നും ഒക്കെയായിരുന്നു കമ്പനി അവകാശപ്പെട്ടത്. ബിയറിന്റെ വീര്യത്തിനോടടുത്ത് നിൽക്കുന്ന കൃത്രിമ രുചി ചേർത്തതും (​​​ഫ്ലേവേഡ്) അല്ലാത്തതുമായ വിഭാഗം മദ്യത്തിനു വേണ്ടി നികുതി ഘടന തയ്യാറാക്കാനുമായിരുന്നു കമ്പനിയുടെ ആവശ്യം.

തീരുമാനം എടുക്കുന്നതിനായി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച ആ അപേക്ഷ, 2007 ഫെബ്രുവരി 22ന് വിശദമായ റിപ്പോർട്ടിനായി കമ്മീഷണർ, മേഖലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർക്ക് അയച്ചുകൊടുത്തു. വീര്യം കുറഞ്ഞ മദ്യം പുതിയ തലമുറയെ മദ്യത്തിലേക്ക് ആകർഷിക്കുമെന്നും, തുടർന്ന് വീര്യം കൂടിയ മദ്യത്തിലേക്ക് അത് വഴി ഒരുക്കുമെന്നും മറ്റുമുള്ള പ്രതികൂല റിപ്പോർട്ടാണ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർ നൽകിയത്.

വീര്യം കുറഞ്ഞ മദ്യം: ആദ്യശ്രമം 2007ല്‍; നിരസിച്ചവര്‍ പിന്നീട് അംഗീകരിച്ചു, ഒടുവില്‍ റദ്ദാക്കി
ഇത് കേരളമാണ്, മഴ പെയ്താല്‍ റോഡിൽ കുഴികളുണ്ടാകും: പി.കെ. ബഷീര്‍

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും, വീര്യം കുറഞ്ഞ മദ്യം സർക്കാർ നയങ്ങൾക്ക് എതിരായതിനാലും അപേക്ഷ നിരസിച്ചതായി 2008 ജൂലൈ 29ന് ബക്കാർഡി മാർട്ടിനി കമ്പനിയെ എക്സൈസ് കമ്മീഷണർ അറിയിച്ചു. എന്നാൽ പിന്നീട്, ബക്കാർഡി മാർട്ടിനി കമ്പനിയുടെ പ്രൊപ്പോസൽ നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എക്സൈസ് വകുപ്പ് മന്ത്രിയുടെ പരിഗണനയ്ക്കു വയ്ക്കുകയും, 2009 ഏപ്രിൽ 18ന് മന്ത്രി പി.കെ. ഗുരുദാസൻ കമ്പനിയുടെ പ്രൊപ്പോസൽ അംഗീകരിക്കുകയും ചെയ്തു. അതുപ്രകാരം പ്രൊപ്പോസൽ സർക്കാർ അംഗീകരിച്ചതായും തുടർനടപടികൾ സ്വീകരിക്കണമെന്നും 2009 ഏപ്രിൽ 22ന് സർക്കാർ, എക്സൈസ് കമ്മീഷണർക്ക് നിർദേശം നൽകി. ഇതിന്റെ ഭാഗമായി, നിലവിലുള്ള വിദേശമദ്യ ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ 2009 ജൂലൈ ഏഴിന് സർക്കാർ എക്സൈസ് കമ്മീഷണർക്ക് നിർദേശവും നൽകി.

വീര്യം കുറഞ്ഞ മദ്യം: ആദ്യശ്രമം 2007ല്‍; നിരസിച്ചവര്‍ പിന്നീട് അംഗീകരിച്ചു, ഒടുവില്‍ റദ്ദാക്കി
മരുന്ന് മാറി നൽകി ചികിത്സയിലായിരുന്ന രോഗി മരിച്ച സംഭവം: കല്ലാച്ചിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം

സർക്കാർ ഉത്തരവനുസരിച്ച് എക്സൈസ് കമ്മീഷണർ നിയമഭേദഗതികളുടെ കരട് വിജ്ഞാപനം തയ്യാറാക്കി 2009 ഒക്ടോബർ 27ന് സർക്കാരിന് സമർപ്പിച്ചു. വിഷയം പൊതുജനമധ്യത്തി​ലെത്തുകയും മദ്യവിരുദ്ധ സമിതി പ്ര​ക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. 2010 ഫെബ്രുവരി 12ന് തൃശൂരിലായിരുന്നു ‘മദ്യക്കോള വിരുദ്ധ സമരം ’ എന്നറിയപ്പെട്ട പ്രക്ഷോഭത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം. ജെയിംസ് മുട്ടിക്കൽ ചെയർമാനും, ഇ.എ. ജോസഫ് ജനറൽ കൺവീനറും, കെ.കെ. ഷാജഹാൻ, എം.പി. ജോയ്, എൻ.കെ. കുട്ടപ്പൻ വൈസ് ചെയർമാൻമാരുമായ സമിതി ഭാരവാഹികൾ, മദ്യവിരുദ്ധ ജനകീയ മുന്നണി, മദ്യവിരുദ്ധ സമിതി, മദ്യ നിരോധന സമിതി, എസ്ഐഒ, തുടങ്ങിയ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളും, കെസിബി സി അടക്കമുള്ള മതമേലധ്യക്ഷന്മാരും വിഷയം ഏറ്റെടുത്തു. പ്രതിഷേധം കനത്തതോടെ എക്സൈസ് മന്ത്രി പി.കെ. ഗുരുദാസൻ തന്നെ, 2010 മാർച്ച്‌ ഒന്‍പതിന് അനുമതി റദ്ദാക്കിയുള്ള ഉത്തരവും പുറപ്പെടുവിച്ചു.

News Malayalam 24x7
newsmalayalam.com