"എന്ത് തൊഴിലുറപ്പാണ് കേരളത്തിലുള്ളത്? ഒരു ലിസ്റ്റ് എങ്കിലും നീട്ടിയോ?"; നീതിയെ അടിച്ചമർത്താനുള്ള ശ്രമം സർക്കാരിന് നല്ലതല്ലെന്ന് വളർമതി

"മാനസികമായും കായികമായും സൈബർ ബുള്ളിയിങ് നേരിടേണ്ടി വരുന്നുണ്ട്. ഒളിവിൽ പോകേണ്ട അവസ്ഥയിലേക്ക് എത്തി. ഞാനൊരു കുറ്റവാളിയല്ല. ഗാന്ധിജി കാണിച്ച മാർഗ്ഗത്തിലൂടെയാണ് സമരം," വളർമതി വിമർശിച്ചു
S. Valarmathi
എൽപിഎസ്‌ടി സമരനേതാവ് എസ്. വളർമതി
Published on: 
Updated on: 

തിരുവനന്തപുരം: എൽപിഎസ്‌ടി സമരത്തെ അടിച്ചമർത്താനുള്ള ശ്രമം മാത്രമാണ് നടക്കുന്നതെന്നും സർക്കാർ നടപടിയിൽ തൃപ്തരല്ലെന്നും സമരനേതാവ് എസ്. വളർമതി. "മാനസികമായും കായികമായും സൈബർ ബുള്ളിയിങ് നേരിടേണ്ടി വരുന്നുണ്ട്. ഒളിവിൽ പോകേണ്ട അവസ്ഥയിലേക്ക് എത്തി. ഞാനൊരു കുറ്റവാളിയല്ല. ഗാന്ധിജി കാണിച്ച മാർഗ്ഗത്തിലൂടെയാണ് സമരം. ബലമായി ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നത്. സർക്കാരിന് എങ്ങനെയാണ് ഈ രീതിയിൽ പെരുമാറാൻ കഴിയുന്നത്? പകലൊന്നും ഡോക്ടർമാർ പരിശോധിക്കുന്നില്ല. ചികിത്സ എടുക്കില്ല എന്ന് മാത്രമാണ് തീരുമാനം. പരിശോധന നടത്തുന്നതിൽ പ്രശ്നമില്ല. രാത്രികാലങ്ങളിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ശ്രമം. സമരത്തെ തുടർച്ചയായി അടിച്ചമർത്താനാണ് ശ്രമം. നീതിക്ക് വേണ്ടിയുള്ള സമരത്തിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ല. സമരക്കാരോട് ശത്രുതയില്ല എന്ന് മുഖ്യമന്ത്രിയുടെ പറച്ചിൽ മാത്രമുള്ളു. പക്ഷേ എങ്ങനെയാണ് സർക്കാർ പെരുമാറിയത് എന്ന് ജനങ്ങൾ കണ്ടതാണ്. ആശുപത്രിയിലേക്ക് കൊണ്ടുപോയാൽ എന്ത് സംഭവിക്കും എന്ന് ആശങ്കയുണ്ട്," വളർമതി മാധ്യമങ്ങളോട് പരാതിപ്പെട്ടു.

"സർക്കാറിൻ്റെ സമീപനം ശരിയാണോ? ചർച്ചയിൽ ഒരു കാര്യം പറയുകയും മാധ്യമങ്ങളോട് മറ്റൊരു കാര്യം പറയുകയും ചെയ്യുന്നു. ഈ രീതിയിലാണോ പെരുമാറേണ്ടത്? പ്രതിപക്ഷത്തിരുന്നപ്പോൾ എല്ലാ സമരത്തോടും അനുഭാവവും അനുകമ്പയും ആയിരുന്നു. ആരെയും കൊന്നിട്ട് കടന്നുകളഞ്ഞ ആളല്ല ഞാൻ. നീതിയെ അടിച്ചമർത്താനുള്ള ശ്രമം സർക്കാരിന് നല്ലതല്ല. സാമ്പത്തിക ബാധ്യതയുടെ എന്ത് കണക്കാണ് സർക്കാർ ഇതുവരെ പുറത്തുവിട്ടത്. ഇതുവരെയുള്ള ഏതെങ്കിലും റിപ്പോർട്ട് പുറത്തുവിട്ടോ? അനുപാതം കുറച്ചാൽ ലിസ്റ്റിലുള്ള ആരും കയറില്ല എന്നാണ് പറയുന്നത്," വളർമതി വിമർശിച്ചു.

S. Valarmathi
'ഓപ്പണ്‍ ദ ഡയറി, ഡാഡീ'; തര്‍ക്കത്തിനിടെ പ്രതികരണവുമായി ഉണ്ണിത്താന്റെ മകന്‍ അമല്‍

"ഞാൻ ജോലിക്ക് കയറാൻ വേണ്ടിയല്ല സമരം. ഒന്നാം റാങ്കുകാരന് ജോലി ലഭിച്ചില്ലെങ്കിൽ എന്ത് സിസ്റ്റമാണ് കേരളത്തിലുള്ളത്? എന്ത് തൊഴിലുറപ്പാണ് സംസ്ഥാനത്തുള്ളത്? തൊഴിലിടമല്ല പി.എസ്.സി എങ്കിൽ ആ സ്ഥാപനത്തിന് എന്താണ് വില? എച്ച്.ടി.വി പോസ്റ്റുകളുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക് സർക്കാർ പുറത്തുവിടട്ടെ. നിയമസഭയിൽ അടക്കം വിഷയം പരിശോധിച്ച് വരികയാണെന്നാണ് മന്ത്രിയുടെ മറുപടി. നാല് കാര്യങ്ങൾ അംഗീകരിച്ച് തരുമെന്നാണ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. പക്ഷേ മാസങ്ങൾക്കു മുമ്പ് മറ്റൊരു വാർത്താസമ്മേളനവും ഉണ്ടായി. 18 ലിസ്റ്റുകളുടെ കാലാവധി നീട്ടുമെന്ന് പ്രഖ്യാപനം നടന്നെങ്കിലും ഏതെങ്കിലും ഒരു ലിസ്റ്റ് എങ്കിലും നീട്ടിയോ? ലിസ്റ്റ് നീട്ടണം എന്നാവശ്യപ്പെട്ട് കത്ത് നൽകിയതിൻ്റെ എന്തെങ്കിലും രേഖകൾ പുറത്തുവിട്ടോ?," വളർമതി ചോദിച്ചു.

"സമരം അടിച്ചമർത്താനുള്ള ശ്രമം മാത്രമാണ് നടക്കുന്നത്. സമരത്തെ എങ്ങനെയാണ് അന്യായമായി വ്യാഖ്യാനിക്കുന്നത്? സർക്കാർ നടപടിയിൽ തൃപ്തരല്ല, സമരം തുടരും. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഇടപെടേണ്ട രീതി ഇതല്ല. പ്രശ്നത്തിന് ലളിതമായ പരിഹാരങ്ങൾ കണ്ടെത്തണം. പരിഹരിക്കാൻ ആഗ്രഹമില്ലാത്തവർക്ക് അടിച്ചമർത്താൻ മാത്രമേ കഴിയൂ. രണ്ട് വർഷത്തെ വിരമിക്കൽ ഒഴിവുകൾ നമുക്ക് നൽകാമെന്നാണ് അവസാനമായി പറഞ്ഞത്. വിരമിക്കൽ ഒഴിവുകൾ എങ്ങനെ ഞങ്ങൾക്ക് നൽകാൻ കഴിയും എന്ന് പരിശോധിച്ചതിനു ശേഷം ചർച്ചയ്ക്ക് വിളിച്ചാൽ മതി. രണ്ടു വർഷത്തേക്ക് പരിഹാരം കണ്ടെത്തിക്കഴിഞ്ഞാൽ കുറച്ചു പേരുടെ സ്വപ്നങ്ങൾ സഫലീകരിക്കാൻ കഴിയും. എച്ച്.ടി.വിയിൽ ഇതിനോടകം ആളുകളുണ്ട്. അഞ്ചിൽ നാല് നൽകി എന്ന പല്ലവി പറയാതിരിക്കുക," വളർമതി വിമർശിച്ചു.

S. Valarmathi
സൈബര്‍ ആക്രമണത്തില്‍ പങ്കില്ല : രാഹുല്‍ മാങ്കൂട്ടത്തില്‍