'വിഎസ്' ജനകോടികളെ ആവേശഭരിതരാക്കിയ രണ്ടക്ഷരങ്ങൾ, ഒരു വിപ്ലവായുസിന് അന്ത്യമായി: എം.ബി. രാജേഷ്

ഫേസ്ബക്കിൽ പങ്കുവെച്ച സുദീർഘമായ കുറിപ്പിലൂടെയാണ് അദ്ദേഹം വിഎസിനെപ്പറ്റിയുള്ള ഓർമകൾ പങ്കുവെച്ചത്
വിഎസ്, എം.ബി. രാജേഷ്
വിഎസ്, എം.ബി. രാജേഷ്Source: Facebook / MB Rajesh
Published on

വി.എസ്‌. അച്യുതാനന്ദനെ ഓർത്തെടുത്ത് മന്ത്രി എം.ബി. രാജേഷ്. ജനകോടികളെ ആവേശഭരിതരാക്കിയ രണ്ടക്ഷരങ്ങളാണ് വിഎസ്. ജനങ്ങള്‍ക്കിടയില്‍ ജലാശയത്തിലെ മത്സ്യമെന്നപോലെ ജീവിച്ച ജനനായകന്‍. അടിമുടി പോരാളിയായ നേതാവും ശക്തനായ ഭരണാധികാരിയുമെല്ലാമായിരുന്നു അദ്ദേഹമെന്നും എം.ബി. രാജേഷ് പറഞ്ഞു. ഫേസ്ബക്കിൽ പങ്കുവെച്ച സുദീർഘമായ കുറിപ്പിലൂടെയാണ് അദ്ദേഹം വിഎസിനെപ്പറ്റിയുള്ള ഓർമകൾ പങ്കുവെച്ചത്.

പുന്നപ്ര-വയലാർ സമരത്തിന്റെ മഹത്തായ സമരപാരമ്പര്യം നെഞ്ചേറ്റിയ വിഎസ് ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ മഹത്തായ സംഭാവന നൽകി. സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ എന്നീ നിലകളിൽ സജീവമായിരുന്ന ഒരു രാഷ്ട്രീയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഏത് ചുമതലയിലിരുന്നാലും ജനങ്ങളുടെയും നാടിന്റെയും പ്രശ്നങ്ങളായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ പരിഗണന. ചുമതലകളുടെ പരിധിയും പരിമിതിയും ആ വിപ്ലവകാരിയെ നിശബ്ദനാക്കിയില്ലെന്നും എം.ബി. രാജേഷ് പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

ഒരു വിപ്ലവായുസിന് അന്ത്യമായി. സിപിഐ എമ്മിന്റെ സ്ഥാപക നേതാക്കളിൽ ജീവിച്ചിരുന്ന അവസാനത്തെ ആളായ വി എസ് 102 വയസ്സ് പിന്നിട്ടാണ് നമ്മെ വിട്ടുപോയിരിക്കുന്നത്. പക്ഷെ വി എസ് പതിപ്പിച്ച പാദമുദ്രകൾ നമുക്ക് എന്നും വഴികാട്ടും. ജനകോടികളെ ആവേശഭരിതരാക്കിയ രണ്ടക്ഷരങ്ങളാണ് വി എസ്. ജനങ്ങള്‍ക്കിടയില്‍ ജലാശയത്തിലെ മത്സ്യമെന്നപോലെ ജീവിച്ച ജനനായകന്‍. അടിമുടി പോരാളിയായ നേതാവ്, ശക്തനായ ഭരണാധികാരി എന്നിവയെല്ലാമായിരുന്നു അദ്ദേഹം.

പുന്നപ്ര-വയലാർ സമരത്തിന്റെ മഹത്തായ സമരപാരമ്പര്യം നെഞ്ചേറ്റിയ വി എസ് ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ മഹത്തായ സംഭാവന നൽകി. സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, ഭരണപരിഷ്കാര കമീഷൻ ചെയർമാൻ എന്നീ നിലകളിൽ സജീവമായിരുന്ന ഒരു രാഷ്ട്രീയജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഏത് ചുമതലയിലിരുന്നാലും ജനങ്ങളുടെയും നാടിന്റെയും പ്രശ്നങ്ങളായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ പരിഗണന. ചുമതലകളുടെ പരിധിയും പരിമിതിയും ആ വിപ്ലവകാരിയെ നിശബ്ദനാക്കിയില്ല.

പതിനഞ്ചാമത്തെ വയസിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായ വിഎസ് അന്ത്യശ്വാസം വരെ ആ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു. ദാരിദ്ര്യവും കഷ്ടപ്പാടുകളും ചൂഴ്ന്നുനിന്ന യാതനാനിർഭരമായ ബാല്യമായിരുന്നു വിഎസിന്റേത്. പ്രതിബന്ധങ്ങളെ ഇച്ഛാശക്തി കൊണ്ട് തരണം ചെയ്യാനുള്ള കഴിവ് ബാല്യകാലത്തെ ആ ചുറ്റുപാടുകളിൽ നിന്ന് ആർജിച്ചതാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം ആരംഭിച്ച നാളുകളിൽ വർഗ്ഗശത്രുക്കളുടെയും പൊലീസിന്റെയും കൊടിയ മർദനവും ജയിൽവാസവുമെല്ലാം കരളുറപ്പോടെ നേരിടാനും അദ്ദേഹത്തിന് കരുത്തായത് ഈ കഠിനമായ ബാല്യകാല ജീവിതാനുഭവങ്ങൾ തന്നെയാകണം.

വളരെ ചെറിയ പ്രായത്തിൽ പാർട്ടിയുടെ ഉയർന്ന ഘടകങ്ങളിൽ പ്രവർത്തിക്കാൻ അവസരം കിട്ടിയ അദ്ദേഹം വളരെ സുപ്രധാനമായ ചുമതലകളും ഏറ്റെടുത്തു. 1957 ലെ ദേവികുളം ഉപതെരഞ്ഞെടുപ്പിൽ റോസമ്മ പുന്നൂസിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ചുമതല വഹിച്ചു. 1957 ലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഭാവി ഈ ഉപതെരഞ്ഞെടുപ്പിനെ ആശ്രയിച്ചാണിരുന്നത്. വിഎസിന്റെ കഴിവിലും കാര്യക്ഷമതയിലും പാർട്ടിക്കുണ്ടായിരുന്ന വിശ്വാസത്തെ തെളിയിക്കുന്നതാണ് അന്ന് വിഎസിന് ലഭിച്ച ചുമതല.

ഒരു പതിറ്റാണ്ടുകാലം പാർട്ടി സംസ്ഥാന സെക്രട്ടറിയായും പൊളിറ്റ് ബ്യൂറോ അംഗമായും എൽഡിഎഫ് കൺവീനറായും പ്രവർത്തിച്ച അദ്ദേഹം പല തവണ എംഎൽഎയും പിന്നീട് മുഖ്യമന്ത്രിയുമായി. കേരളം കണ്ട ഏറ്റവും ശക്തനായ പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ്.

2000ൽ എസ് എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി ആയ ശേഷമാണ് വിഎസിനെ വ്യക്തിപരമായി പരിചയപ്പെടാൻ അവസരം ലഭിച്ചത്. ആ പരിചയപ്പെടൽ ഒരു സമരപ്പന്തലിൽ വെച്ചായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി തൊട്ടടുത്ത ആഴ്ച തന്നെ കൊല്ലം എസ്എൻ കോളേജിൽ മാസങ്ങളായി നടന്ന സമരത്തിന്റെ നേതൃത്വം നേരിട്ട് ഏറ്റെടുക്കേണ്ടിവന്നു. എസ്എൻ കോളേജിന് മുന്നിലെ സമരപ്പന്തലിൽ ഞാൻ നിരാഹാര സത്യഗ്രഹം ആരംഭിച്ചു. അന്ന് എൽഡിഎഫ് കൺവീനറായിരുന്ന വി എസ് സമരപ്പന്തലിൽ എന്നെ കാണാനെത്തി. വി എസുമായി ആദ്യം സംസാരിക്കുന്നത് അന്നാണ്. പിന്നീട് എൽഡിഎഫ് കൺവീനർ എന്ന നിലയിലും പ്രതിപക്ഷനേതാവ് എന്ന നിലയിലും വിദ്യാഭ്യാസപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പ്രക്ഷോഭങ്ങളുടെ പിന്തുണ തേടുന്നതിനുമായൊക്കെ അദ്ദേഹവുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞു.

2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിഎസ് മലമ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. അന്ന് പാർട്ടി പാലക്കാട് ജില്ലാ കമ്മിറ്റി അംഗം കൂടിയായ എനിക്ക് നേരത്തേ നിശ്ചയിച്ച തെരഞ്ഞെടുപ്പ് ചുമതല ഒറ്റപ്പാലം മണ്ഡലത്തിലായിരുന്നു. വി എസിന്റെ സ്ഥാനാർത്ഥിത്വം തീരുമാനിച്ച ശേഷം വി എസ് എന്നെ എ കെ ജി സെന്ററിൽ വിളിച്ചുവരുത്തി മലമ്പുഴയിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടു. കാരണം, വി എസിന്റെ എതിർ സ്ഥാനാർഥി, അന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് ആയിരുന്ന സതീശൻ പാച്ചേനി ആയിരുന്നു. 'കോൺഗ്രസിന്റെ വിദ്യാർത്ഥിനേതാവ് മത്സരിക്കുന്ന സാഹചര്യത്തിൽ രാജേഷ് മലമ്പുഴയിൽ കേന്ദ്രീകരിച്ച് നമ്മുടെ വിദ്യാർത്ഥികളെ എല്ലാം സംഘടിപ്പിച്ച് പ്രത്യേകമായിട്ടുള്ള പരിപാടികൾ ആസൂത്രണം ചെയ്യണം' എന്ന് വി എസ് ആവശ്യപ്പെട്ടു. വി എസ് തന്നെ പാർട്ടി നേതൃത്വവുമായി സംസാരിച്ച് എന്റെ ചുമതല ഒറ്റപ്പാലത്തുനിന്ന് മലമ്പുഴയിലേക്ക് മാറ്റി നിശ്ചയിക്കാൻ ഏർപ്പാടാക്കുകയും ചെയ്തു.

2001 ലെ തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥികളെ അണിനിരത്തി മലമ്പുഴയിൽ ആവേശകരമായ പ്രവർത്തനം തന്നെ നടത്തി. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും കൊടും വേനലിൽ ഏഴു ദിവസം നീണ്ടുനിന്ന ആവേശകരമായ വിദ്യാർത്ഥിജാഥ നയിച്ചു. മലമ്പുഴ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും അനേകം തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രസംഗിച്ചു. വി എസിന്റെ ചിട്ടകളും രീതികളും അടുത്തു മനസ്സിലാക്കാൻ കഴിഞ്ഞു. രാവിലെ കൃത്യസമയമാകുമ്പോൾ ജൂബയുടെ കൈ തെറുത്തു കയറ്റിക്കൊണ്ട് മുഖത്തൊരു ചെറിയ പുഞ്ചിരിയുമായി വി എസ് താമസസ്ഥലത്തുനിന്ന് പുറത്തേക്കുവരും. സ്ഥാനാർത്ഥികളുടെ പതിവ് പ്രകടനങ്ങളോ നിറഞ്ഞ ചിരിയോ ഒന്നും വി എസിൽ കാണാനാകില്ല. കൈ രണ്ടും തലയ്ക്കുമുകളിൽ ഉയർത്തിപ്പിടിച്ചുകൊണ്ട് വി എസിന്റെ മാത്രം ശൈലിയിലുള്ളൊരു പ്രത്യേകമായ കൈകൂപ്പൽ മാത്രമാണ് അദ്ദേഹത്തിൽ നിന്നുണ്ടാവുക. അപൂർവമായി മുഖത്തൊരു പുഞ്ചിരി വിരിയും. ആ തെരഞ്ഞെടുപ്പ്, പക്ഷെ പ്രതീക്ഷിച്ചത്ര അനായാസമായിരുന്നില്ല. നാലായിരത്തോളം വോട്ടുകൾക്കാണ് മലമ്പുഴ പോലൊരു മണ്ഡലത്തിൽ വി എസ് വിജയിച്ചത്.

തുടർന്ന് പ്രതിപക്ഷ നേതാവായി പ്രവർത്തിക്കെ വിദ്യാഭ്യാസ മേഖലയിലെ പ്രക്ഷോഭങ്ങളുടെയും മറ്റും ഭാഗമായി വി എസിന്റെ ഇടപെടൽ പലപ്പോഴും ആവശ്യമായി വരികയും പിന്തുണ ലഭിക്കുകയും ചെയ്തിട്ടുണ്ട്. 2009 ൽ പാലക്കാട് നിന്ന് ഞാൻ ആദ്യമായി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തത് അന്ന് മുഖ്യമന്ത്രിയായിരുന്ന വി എസ് ആയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം വി എസിന്റെ സാന്നിധ്യവും ഉണ്ടായി. 2014 ൽ രണ്ടാമത് മത്സരിക്കുമ്പോഴും വി എസ് രംഗത്തുണ്ടായിരുന്നു. . 2019 ൽ ഞാൻ മത്സരിച്ചപ്പോഴേക്കും വി എസിനെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിത്തുടങ്ങിയിരുന്നു. രണ്ടു ദിവസം മാത്രമാണ് അദ്ദേഹം മണ്ഡലത്തിലെ പരിപാടികൾക്ക് ഉണ്ടായത്. എങ്കിലും അദ്ദേഹത്തിന്റെ പരിപാടികൾക്ക് അന്നും വലിയ ആൾക്കൂട്ടമായിരുന്നു.

എം പി ആയിരിക്കെ പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ നിരന്തരമായി വി എസിന്റെ കൂടി മാർഗനിർദേശം തേടിയാണ് പ്രവർത്തിച്ചത്. കോച്ച് ഫാക്ടറിയുടെ സ്ഥലമെടുപ്പ് കുറ്റമറ്റ നിലയിൽ പൂർത്തിയാക്കാൻ കഴിഞ്ഞതിൽ വി എസിന്റെ നിർണായകമായ സഹായമുണ്ടായിരുന്നു. ആദ്യ ഘട്ടത്തിൽ എതിർപ്പുയർത്താൻ ചില ശക്തികൾ സംഘടിതമായി ശ്രമിച്ചെങ്കിലും അതിനെയൊക്കെ തരണം ചെയ്യാൻ കഴിഞ്ഞത് മുഖ്യമന്ത്രി എന്ന നിലയിൽ വി എസിന്റെ ഇടപെടൽ കൊണ്ട് കൂടിയാണ്. കോച്ച് ഫാക്ടറിയുടെ ആവശ്യത്തിന് ഡൽഹിയിൽ കേന്ദ്ര മന്ത്രിമാരെ കാണുന്നതിന് പലപ്പോഴും വി എസിനൊപ്പം പോയിട്ടുണ്ട്. മറ്റു ചില വികസന പദ്ധതികളുമായും മറ്റും ബന്ധപ്പെട്ടും വി എസ് ആവശ്യപ്പെട്ടപ്പോഴെല്ലാം അദ്ദേഹത്തോടൊപ്പം ഡൽഹിയിൽ കേന്ദ്ര മന്ത്രിമാരെ കാണാൻ പോയിട്ടുണ്ട്. അതിലൊരു ശ്രദ്ധേയമായ കൂടിക്കാഴ്ച അന്ന് കേന്ദ്ര ധനകാര്യ മന്ത്രി ആയിരുന്ന പ്രണബ് മുഖർജിയുമായിട്ടുള്ളതായിരുന്നു. പ്രണബ് മുഖർജി വി എസിനോട് കാണിച്ച പ്രത്യേകമായ ആദരവും പരിഗണനയും എനിക്ക് ഒരു പുതിയ അനുഭവമായിരുന്നു.

പൊതുവിൽ ഗൗരവക്കാരനും കർക്കശക്കാരനുമായിട്ടുള്ള വി എസ് പക്ഷെ നല്ല സരസനുമായിരുന്നു. അപൂർവമായി മാത്രമേ അദ്ദേഹം തമാശ പറയാറുള്ളൂവെങ്കിലും അദ്ദേഹത്തിന്റെ നർമ്മബോധം അവിശ്വസനീയമായിരുന്നു. രസകരമായ പരാമർശങ്ങൾ അദ്ദേഹം നടത്തുന്നത് കേൾക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരു ദിവസം ഡൽഹിയിൽ പാർട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിനായി എത്തിയ വി എസിനെ അന്ന് എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ ഞാനും പി കൃഷ്ണപ്രസാദും കെ കെ രാഗേഷും സന്ദർശിച്ചു. രാഗേഷ് എസ് എഫ് ഐ അഖിലേന്ത്യാ കേന്ദ്രത്തിൽ പ്രവർത്തിക്കാനായി എത്തിയിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളു. രാഗേഷ് ഡൽഹിയിലെ കേന്ദ്രത്തിലേക്ക് പ്രവർത്തനം മാറ്റിയെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ രാഗേഷിനോട് വി എസിന്റെ ചോദ്യം: 'ഹിന്ദിയൊക്കെ അറിയാമോ?'. അപ്പോൾ രാഗേഷിന്റെ മറുപടി, 'കേട്ടാൽ മനസ്സിലാകും' എന്നായിരുന്നു. അപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ട് വി എസ് പതിവ് ശൈലിയിൽ നീട്ടിയൊരു ചോദ്യം: 'പറയുന്നത് കേട്ടാൽ ആ പറയുന്നത് ഹിന്ദിയാണെന്ന് മനസ്സിലാകും അല്ലേ ?'. എന്നിട്ട് വീണ്ടുമൊരു പൊട്ടിച്ചിരി. ആ ചിരിയിൽ ഞങ്ങളെല്ലാവരും പങ്കാളികളായി. എന്നിട്ട് രാഗേഷിന് വി എസിന്റെ ഉപദേശം, 'ഡൽഹിയിൽ പ്രവർത്തിക്കുമ്പോൾ ഹിന്ദി നന്നായി പറയാൻ പരിശീലിക്കണം. ഉത്തരേന്ത്യയിലൊക്കെ ധാരാളം യാത്ര ചെയ്യണം. എന്നിട്ട് ഗൗരവത്തോടെ പറഞ്ഞു, 'ഉത്തരേന്ത്യയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഹിന്ദി കൊണ്ടേ പ്രയോജനമുള്ളൂ. വർഷങ്ങളായി ഡൽഹിയിൽ പ്രവർത്തിക്കുന്ന സഖാവ് വിജയരാഘവനോടൊക്കെ സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കണം'.

ആധുനിക കേരളത്തിന്റെ നിർമിതിയിലും വികാസത്തിലും നിർണായക പങ്കു വഹിച്ച പ്രധാനപ്പെട്ട നേതാവാണ് സഖാവ് വി എസ് . കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെയും ആലപ്പുഴയിലെ പാവപ്പെട്ട മനുഷ്യരെയും സംഘടിപ്പിച്ച് ജന്മിമാർക്കും മാടമ്പിമാർക്കുമെതിരായി വർഗസമരം നയിച്ച് വളർന്നുവന്ന വി എസ് മലയാളികളുടെ മാത്രമല്ല, ഇന്ത്യയിലാകെയുള്ള ഇടതുപക്ഷ പ്രവർത്തകർക്ക് ആവേശവും പ്രചോദനവുമാണ്. ഈ ശൂന്യത നികത്താനാവില്ല. എന്നാൽ വി എസ് ഉയർത്തിപ്പിടിച്ച രാഷ്ട്രീയം കാത്തുസൂക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാൻ കഴിയും. വി എസിന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ബന്ധുക്കളുടെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

സഫലവും സമ്പൂര്‍ണവുമായ ആ വിപ്ലവജീവിതത്തിന്,

വിപ്ലവ തേജസ്സിന് അന്ത്യാഭിവാദ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com