തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തന സമയം നീട്ടിയത് പ്രതിപക്ഷത്തിൻ്റെ സമ്മതത്തോടെ എന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. അനുകൂല നിലപാട് പ്രതിപക്ഷം സർക്കാരിനെ അറിയിച്ചിരുന്നു. നിലവിൽ ടൂറിസം മേഖലകളിലെ ബാറുകളുടെ പ്രവർത്തന സമയം രാത്രി 12 വരെയാണ്. ഇതുവച്ച് സമയം ഏകീകരിക്കുകയാണ് ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു. ബാറുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചു എന്നത് തെറ്റായ പ്രചരണമാണ്. ടൂറിസം കേന്ദ്രങ്ങളിലെ സമയക്രമം എല്ലായിടത്തും ബാധകമാക്കുകയാണ് ചെയ്തതെന്നും, അയൽ സംസ്ഥാനങ്ങളിലെ സ്ഥിതി കൂടി പരിഗണിച്ചാണ് തീരുമാനമെടുത്ത് എന്നും എം.ബി. രാജേഷ് പറഞ്ഞു.
ലൈസൻസ് ഫീസ് ഏറ്റവും കൂടുതൽ ഈടാക്കുന്നത് കേരളത്തിലാണ്. ഒരേ ഫീസാണ് കേരളത്തിൽ എല്ലാ ബാറുകൾക്കും ഈടാക്കുന്നത്. ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് 5 ലക്ഷം രൂപ കൂടുതൽ അടച്ചാൽ പുലർച്ചെ 3 മണി വരെ പ്രവർത്തിക്കാമെന്നും അറിയിച്ചിട്ടുണ്ട്. ഫയൽ നീക്കം വേഗത്തിലല്ല, പതുക്കെയാണ് നടന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സർക്കാരിന് മുന്നിൽ ബാറിൻ്റെ പ്രവൃത്തി സമയം കൂട്ടുക എന്ന ആവശ്യം നേരത്തെയുണ്ട്. തെരഞ്ഞെടുപ്പ് ഡീലെന്ന കത്തോലിക്കാ സഭ ആരോപണം സർക്കാരിനെ കുറിച്ചായിരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ ആകെ 1379 മദ്യശാലകൾ മാത്രമാണ് ഉള്ളത്. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇതിനേക്കാൾ ഉണ്ട്. ഇവിടെ മാത്രം എന്തോ പ്രശ്നം എന്ന് അവതരിപ്പിക്കുന്നത് ശരിയല്ല. ഇടതു സർക്കാരിൻ്റെ മദ്യ നയത്തെ തീരുമാനം സാധിക്കില്ല. മദ്യ വർജ്ജനമാണ് സർക്കാരിൻ്റെ നയം. മദ്യവർജ്ജന സമിതിയുൾപ്പെടെ ബോധവൽക്കരണം നടത്തുന്നുണ്ടല്ലോ എന്നും മന്ത്രി അറിയിച്ചു.
ഒരു മണിക്കൂർ നേരത്തെ അടച്ചത് കൊണ്ട് ആരെങ്കിലും മദ്യം വേണ്ടെന്ന് വെക്കുമോ? വ്യക്തികൾ മദ്യം വേണ്ട എന്ന് വെക്കുകയാണ് വേണ്ടത് എന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തിൻ്റേത് ഇരട്ടത്താപ്പും കാപട്യവും നിറഞ്ഞ നിലപാടാണ്. വിവാദമുണ്ടാകില്ല എന്ന സൂചന കിട്ടിയപ്പോഴാണ് തീരുമാനം എടുത്തത്. വിഷയം എൽഡിഎഫിൽ ചർച്ച ചെയ്യേണ്ടവരോട് ചർച്ച ചെയ്തിട്ടുണ്ട്. ഉത്തരവ് ഇറങ്ങിയത് പത്രവാർത്തകളിലൂടെ അറിഞ്ഞു എന്ന എൽഡിഎഫ് കൺവീനരുടെ പ്രതികരണം. അദ്ദേഹം പറഞ്ഞത് ഉത്തരവിൻ്റെ കാര്യമായിരിക്കും എന്നും മന്ത്രി പറഞ്ഞു.
നായനാരും വിഎസും മത്സരിച്ച് ജയിച്ച മണ്ഡലമാണ് മലമ്പുഴ എന്ന് മറക്കരുത്. പഴയ പേർസണൽ സ്റ്റാഫ് വിസ്മയമാണ് കോൺഗ്രസ് നടത്തുന്നത്. രമേശ് ചെന്നിത്തലക്ക് രണ്ട് മാസം കഴിഞ്ഞാൽ സ്വസ്ഥമായി ഇരുന്ന് സീരിയൽ കാണാൻ ജനങ്ങൾ അവസരം നൽകുമെന്നും, 40കൊല്ലം മുൻപത്തെ പിആർ അഭ്യാസം നടത്തുന്ന കെ.സി. വേണുഗോപാലിനെ ജെൻസിയൊക്കെ പരിഹസിക്കുകയാണ് എന്നും മന്ത്രി എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.