

ആലപ്പുഴ: സാംബശിവ റാവുവിന്റെ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മന്ത്രി എം. ലിജു. കായംകുളത്തുള്ള ഒരുമാതിരിപ്പെട്ട ആളുകളെ ഒക്കെ തനിക്ക് അറിയാം. ആലപ്പുഴയില്‍ വര്‍ഷങ്ങളായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നയാളാണ് താന്‍. പല കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. സാംബശിവ റാവു പറഞ്ഞ കാര്യങ്ങലും അന്വേഷിക്കാമെന്നും മന്ത്രി പറഞ്ഞു.
സ്ഥാനം ഒഴിയും മുന്‍പ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതി വിവരങ്ങള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ടായി സാംബശിവ റാവു സമര്‍പ്പിച്ചിരുന്നു. സൗത്ത് സോണ്‍ ജോയിന്റ് കമ്മീഷണര്‍ എസ്. വിനോദ്, ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണര്‍ അജയ് എന്നിവര്‍ ബാറുടമകളില്‍ നിന്നും പണം സ്വീകരിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. നേരത്തേ പറഞ്ഞിരുന്നെങ്കില്‍ അന്നേ അന്വേഷിക്കുമായിരുന്നു. നെടുമ്പാശ്ശേരിയില്‍ ലൈസന്‍സ് നല്‍കിയത് ഉള്‍പ്പെടെ എല്ലാം അന്വേഷിക്കും. വിരമിച്ച ഉദ്യോഗസ്ഥരെ കുറിച്ച് വരെ അന്വേഷിക്കണം എന്നാണ് തന്റെ അഭിപ്രായം. അഴിമതിക്കെതിരായ എല്ലാ നിലപാടുകള്‍ക്കും തന്റെ പിന്തുണയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി വിളിച്ചിട്ട് ഇന്നയാള്‍ക്ക് പൈസ കൊടുത്തിട്ടുണ്ടോ എന്ന് ചോദിക്കേണ്ടതില്ല. അതിനാണ് ഉദ്യോഗസ്ഥന്മരുള്ളത്. അവര്‍ അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
എം.വി. ഗോവിന്ദനും മന്ത്രി മറുപടി നല്‍കി. കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ ബിയര്‍ വൈന്‍ പാര്‍ലര്‍ കണ്‍വര്‍ഷന്‍ തടയിട്ടതില്‍ ഗോവിന്ദന് ബുദ്ധിമുട്ടുണ്ടാകും. ഗോവിന്ദന്റെ കാലത്താണല്ലോ അത് നടന്നതെന്നും മന്ത്രി പരിഹസിച്ചു. എക്‌സൈസ് മന്ത്രിയുടെ മുകളിലും യുഡിഎഫ് സര്‍ക്കാരിന്റെ മുകളിലും ഒരു ഉദ്യോഗസ്ഥനും കയറില്ല.
നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന വാദം ആവര്‍ത്തിച്ചാണ് എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തു നിന്നും സാംബശിവ റാവു പടിയിറങ്ങിയത്. വെറുതെ അങ്ങ് സ്ഥാനമൊഴിഞ്ഞില്ല. പോകുന്നതിനു മുന്‍പായി പുറംകാഴ്ചയില്‍ എല്ലാം സുതാര്യമെന്നു അവകാശപ്പെടുന്ന വകുപ്പിലെ യഥാര്‍ത്ഥ കൃത്യവിലോപം രേഖാമൂലം സര്‍ക്കാരിലേക്ക് കൈമാറിയിട്ടാണ് മടക്കം. സാംബശിവ റാവുവിന്റെ റിപ്പോര്‍ട്ടില്‍ കൈക്കൂലി നല്‍കിയ ബാറുടമയുമായി മന്ത്രി എം ലിജുവിന് അടുത്ത ബന്ധമുണ്ടെന്നും പരാമര്‍ശമുണ്ട്.
ഉദ്യോഗസ്ഥരുടെ ട്രാന്‍സ്ഫര്‍ ലിസ്റ്റ് തയ്യാറാക്കുന്നതില്‍ മന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുകള്‍ നടന്നതായും എസ് സാംബശിവ റാവു നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമണക്കുന്നുണ്ട്.
ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സാംബശിവ റാവുവിന് കമ്മീഷന്‍ സ്ഥാനം നഷ്ടപ്പെട്ടത് ചട്ട പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതിന്. അതേസമയം വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം ബാര്‍ ഉടമകളില്‍ നിന്നും പണം സ്വീകരിക്കുന്നതിന്റെ വിവരങ്ങളാണ് കൈമാറിയ റിപ്പോര്‍ട്ടില്‍ ഉള്ളത്. സൗത്ത് സോണ്‍ ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ എസ് വിനോദ് മൂവാറ്റുപുഴ ഗംഗ ബാര്‍ ഹോട്ടലില്‍ നിന്നും 50,000 രൂപ സ്വീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതിക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്ന മന്ത്രിയുടെ മണ്ഡലത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അജയ് ബാറുകള്‍ സന്ദര്‍ശിക്കുമ്പോള്‍ സ്വീകരിക്കുന്നത് മുപ്പതിനായിരം രൂപ. ഇതേ ഉദ്യോഗസ്ഥന്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനായി റോമാ സെന്റര്‍ എന്ന ബാര്‍ ഉടമയില്‍ നിന്നും കൈപ്പറ്റിയത് ഇരുപതിനായിരം രൂപ എന്നും റിപ്പോര്‍ട്ടില്‍ എസ് സാംബശിവ റാവു വ്യക്തമാക്കുന്നു.
പണം കൈപ്പറ്റുന്നതിലെ ഗൗരവം വര്‍ധിക്കുന്നത് ബാര്‍ ഉടമകള്‍ക്ക് മന്ത്രിയുമായുള്ള ബന്ധത്തിലാണ്. കായംകുളം റോമാ സെന്റര്‍ ബാറുടമ രതീഷും മന്ത്രിയും തമ്മില്‍ അടുത്ത വ്യക്തി ബന്ധമുള്ളതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ഇനി കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് എക്‌സൈസ് മന്ത്രി തന്നെയെന്ന് സിപിഐഎം ആരോപിച്ചു.
ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിലും നടപടിക്രമങ്ങളില്‍ വീഴ്ച വന്നതായാണ് സാംബ ശിവറാവു വ്യക്തമാക്കുന്നത്. എക്‌സൈസ് കമ്മീഷണറുടെ അനുമതിയില്ലാതെ നടന്ന 32 ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ മന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ ഉണ്ടായ എന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. പണം സ്വീകരിക്കല്‍ മാത്രമല്ല, ബിനാമി ഇടപാടുകളും ബാര്‍ ഉടമകളെ സ്വാധീനിച്ച് സമ്മാനം സ്വീകരിക്കലും വകുപ്പില്‍ സുലഭമെന്നു മന്ത്രിക്ക് മുന്‍പാകെ റിപ്പോര്‍ട്ടിലൂടെ സാംബശിവ റാവു അറിയിക്കുന്നു.
എന്നാല്‍ എക്‌സൈസ് കമ്മീഷണര്‍ക്കെതിരായ നടപടിയില്‍ വെള്ളാപ്പള്ളി നടേശന്റെ പിന്തുണ എം ലിജുവിനാണ്. മന്ത്രിക്ക് മുകളിലല്ല ഉദ്യോഗസ്ഥന്‍ എന്നാണ് വെള്ളാപ്പള്ളിയുടെ നിലപാട്.