നിലമ്പൂരിൽ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. നിലമ്പൂരിൽ എം.സ്വരാജിനെ സ്ഥാനാർഥിയാക്കി സിപിഐഎമ്മിൻ്റെ വമ്പൻ പ്രഖ്യാപനം. അഭിമാനപ്പോരിൽ പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കാനാണ് സിപിഐഎം സെക്രട്ടറിയേറ്റിൽ തീരുമാനം. ഉഗ്രൻ രാഷ്ട്രീയ പോരാട്ടത്തിന് നിലമ്പൂർ സാക്ഷിയാകും എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. നിർണായക വാർത്ത ആദ്യം കേരളത്തെ അറിയിച്ചത് ന്യൂസ് മലയാളം.
എകെജി സെൻററിൽ വാർത്താസമ്മേളനത്തിന് പിന്നാലെയാണ് സിപിഐഎം സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. നിലമ്പൂർ സ്വദേശി തന്നെ പോരാട്ടത്തിന് എത്തിയതിൻ്റെ ആവേശത്തിലാണ് സിപിഐഎം പ്രവർത്തകർ. മലപ്പുറത്ത് നിന്ന് തന്നെയായിരുന്നു സ്വരാജ് തന്റെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. എസ്എഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു സ്വരാജ്. കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ ചെയർമാൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിരുന്നു. മുൻ തൃപ്പൂണിത്തുറ എംഎൽഎ കൂടെയായിരുന്ന സ്വരാജ്, തൃപ്പുണിത്തുറയിൽ രണ്ട് തവണ കെ. ബാബുവിനോട് തോറ്റിരുന്നു.
എം. സ്വരാജിനെ പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിപ്പിക്കണമെന്ന താൽപര്യം മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി.ഷബീർ, നിലമ്പൂർ മുൻസിപ്പാലിറ്റി ചെയർമാൻ മാട്ടുമ്മൽ സലീം , എസ്എഫ്ഐ ദേശീയ പ്രസിഡൻറ് വി.പി സാനു എന്നിവരുടെ പേരുകളായിരുന്നു പാർട്ടിയുടെ സജീവ പരിഗണനയിലുള്ളത്. സ്വതന്ത്ര സ്ഥാനാർഥിയെങ്കില്‍ നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഷിനാസ് ബാബുവിനെ മത്സരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.