നാടിനും ജനങ്ങൾക്കും വേണ്ടിയുള്ള സമരം തുടരും, ഷൗക്കത്തിന് അഭിനന്ദനങ്ങൾ: എം. സ്വരാജ്

"ഒരു വർഗീയവാദിയുടെയും പിന്തുണയും ഒരു കാലത്തും പാർട്ടിക്ക് ആവശ്യമില്ല. ഇനിയും എത്ര പരാജയപ്പെട്ടാലും നിലപാട് അത് തന്നെയാണ്"
M. Swaraj
എം. സ്വരാജ്Source: News Malayalam 24x7
Published on

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പ്രതികരണവുമായി എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. തെരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്തിന് അഭിനന്ദനങ്ങൾ അറിയിച്ച സ്വരാജ്, രാഷ്ട്രീയ പോരാട്ടമായി മുന്നോട്ടുപോകാനാണ് എൽഡിഎഫ് ശ്രമിച്ചതെന്ന് പ്രതികരിച്ചു. മറ്റുള്ളവർ വിവാദങ്ങൾ ഉയർത്തി കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ഞങ്ങൾ പിടികൊടുത്തില്ല, ഞങ്ങളുടേതായ നിലയിൽ മുന്നോട്ട് പോയെന്നും സ്വരാജ് കൂട്ടിച്ചേർത്തു.

വികസന കാര്യങ്ങൾ, ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ തുടങ്ങിയവ ജനങ്ങളുമായി ചർച്ച ചെയ്യാൻ ശ്രമിച്ചെന്ന് സ്വരാജ് പ്രതികരിച്ചു. അത് ആ നിലയിൽ ജനങ്ങൾ പരിഗണിച്ചോ എന്നത് റിസൾട്ട് വരുമ്പോൾ സംശയമുണ്ട്. വരും ദിവസങ്ങളിൽ അത്തരം കാര്യങ്ങൾ സുക്ഷ്മമായി പരിശോധിക്കും. ഉൾക്കൊള്ളേണ്ട കാര്യങ്ങൾ ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യങ്ങൾ ബോധ്യപ്പെടുത്തും. ജനങ്ങൾക്ക് വേണ്ടി കൂടുതൽ കരുത്തോടെ ഈ തെരഞ്ഞെടുപ്പിൽ നിന്ന് ഉൾക്കൊണ്ട കാര്യങ്ങളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകുമെന്ന് സ്വരാജ് പറഞ്ഞു.

ഭരണവിരുദ്ധ വികാരമാണെന്ന് പറഞ്ഞാൽ, സർക്കാരിൻ്റെ ഭരണപരിഷ്കാരങ്ങളും നടപടികളും ജനങ്ങൾ തള്ളിക്കളഞ്ഞു എന്ന് പറയേണ്ടി വരും. എന്നാൽ, സർക്കാരിൻ്റെ ഭരണത്തിൻ്റെ വിലയിരുത്തലാണ് ഇതെന്ന് കരുതുന്നില്ലെന്നും ഞങ്ങൾ മുന്നോട്ടുവെച്ച രാഷ്ട്രീയം, കറ കളഞ്ഞ മതനിരപേക്ഷ നിലപാട്, കേരളത്തിൻ്റെ സമഗ്രമായ വികസനം ഇത്തരം കാലങ്ങളിൽ എന്തെങ്കിലും പിശകുണ്ടെന്ന് ഇപ്പോഴും തോന്നുന്നില്ല. എല്ലാ തെരഞ്ഞെടുപ്പിലും മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം ശരിയായി വിലയിരുത്തപ്പെടണമെന്നില്ലെന്നും സ്വരാജ് പറഞ്ഞു.

M. Swaraj
News Malayalam 24x7 I Live Updates | Kerala Latest News | Malayalam News Live

"ഞങ്ങൾ ഞങ്ങളുടേതായ നിലയിൽ മുന്നോട്ട് പോയി, ഞങ്ങളായി തന്നെ സംവദിക്കാൻ കഴിഞ്ഞു, റിസൾട്ടിൽ പ്രതിഫലിച്ചില്ലെങ്കിലും ആ കാര്യങ്ങളിലെല്ലാം അഭിമാനമാണുള്ളത്. ഞാനായി തന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞു. ഏതെങ്കിലും തരത്തിൽ ഒത്തുതീർപ്പിനോ വിട്ടുവീഴ്ചയ്ക്കോ പോകേണ്ടതായി വന്നില്ല. പരാജയപ്പെട്ട് നിൽക്കുമ്പോഴും പറയുന്നു, ഒരു വർഗീയവാദിയുടെയും പിന്തുണയും ഒരു കാലത്തും പാർട്ടിക്ക് ആവശ്യമില്ല. ഇനിയും എത്ര പരാജയപ്പെട്ടാലും നിലപാട് അത് തന്നെയാണ്. ശരിയായ നിലപാട് എപ്പോഴും അംഗീകരിക്കണമെന്നില്ല. ജയിച്ചാലും തോറ്റാലും ജനങ്ങൾക്കും നാടിനും വേണ്ടിയുള്ള സമരം തുടരു"മെന്നും സ്വരാജ് കൂട്ടിച്ചേർത്തു.

11077 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം. 76,314 വോട്ടുകളാണ് ഷൗക്കത്ത് നേടിയത്. 65,237 വോട്ടുകള്‍ നേടിയ എല്‍ഡിഎഫിന്റെ എം. സ്വരാജ് രണ്ടാമതെത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com