

എറണാകുളം: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് പിൻവലിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം. സ്വരാജ്. ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ നല്‍കിയ അപ്പീലാണ് എം. സ്വരാജ് പിന്‍വലിച്ചത്.അപ്പീല്‍ അപ്രസക്തമായി എന്ന് എം സ്വരാജ് സുപ്രിം കോടതിയെ അറിയിച്ചു.
യുഡിഎഫ് എംഎൽഎ കെ. ബാബുവിൻ്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി തള്ളിയതിനെ തുടർന്നാണ് എം.സ്വരാജ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നത്. കേസിൽ കെ.ബാബുവിൻ്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ എം.സ്വരാജിൻ്റെ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ഇതേ തുടർന്നായിരുന്നു സ്വരാജ് സുപ്രീം കോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പ് സമയത്ത് വീടുകളിൽ വിതരണം ചെയ്ത വോട്ടേഴ്സ് സ്ലിപ്പിനൊപ്പം അയ്യപ്പൻ്റെ ചിത്രം ഉപയോഗിച്ചുവെന്നായിരുന്നു സ്വരാജിൻ്റെ ഹർജി. മതത്തെ ഉപയോഗിച്ചുള്ള പ്രചാരണം ജനപ്രാതിനിധ്യ നിയമത്തിൻ്റെ ലംഘനമാണെന്നായിരുന്നു വാദം. കെ.ബാബു സ്വരാജിനെതിരെ 992 വോട്ടുകൾക്കാണ് തൃപ്പൂണിത്തുറയിൽ വിജയിച്ചത്.