

കൊല്ലം: നടിയെ ആക്രമിച്ച കേസിൽ കേരളം പിന്തുണ നൽകുന്നത് അതിജീവിതയ്ക്ക് ആണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. കേരളത്തിലെ ജനങ്ങൾ നിയമ സാക്ഷരത ഉള്ളവരാണ്. കോടതി വിധിയിൽ ജനം സാമാന്യ നീതി പ്രതീക്ഷിക്കും. അതിനെ അട്ടിമറിക്കുന്ന വിധി വന്നു എന്നാണ് ജനം മനസിലാക്കുന്നത്. വിധിയിൽ കേരളത്തിലെ പൊതു മനസിന് ആവലാതിയുണ്ട്. സമീപകാലത്തെ കോടതി വിധികളും കോടതികളുടെ നിലപാടുകളും ആശങ്കയുണ്ടാക്കുന്നതാണെന്നും എം.എ. ബേബി പറഞ്ഞു.
രാഹുൽ ഈശ്വറിനെ അറസ്റ്റു ചെയ്തതും പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തതുമായ കോടതിനടപടി ശരിയാണ്. എന്നാൽ, ലൈംഗികാതിക്രമം നടത്തിയ രാഹുൽ മാങ്കൂട്ടത്തിലിന് നീതിന്യായവ്യവസ്ഥ ജാമ്യം നൽകിക്കൊണ്ടേയിരിക്കുന്നു. നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ നിന്നുണ്ടായ വിധി കേരളത്തെ ഞെട്ടിച്ചു. എല്ലാ കുറ്റവാളികൾക്കും ശിക്ഷ ലഭിക്കാനുള്ള ഉറച്ച നിലപാട് സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്നും അതിജീവിതയുടെ നീതിക്ക് വേണ്ടിയുള്ള നിലപാടിനൊപ്പമാണ് താനെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂല ജനവിധി ഉണ്ടാവുമെന്നും എം.എ. ബേബി പറഞ്ഞു. ജനങ്ങൾ ജീവിത അനുഭവങ്ങളെ മുൻ നിർത്തിയാണ് വോട്ട് ചെയ്തത്. അത് ഇടത് മുന്നണിക്ക് ഗുണം ചെയ്യും. ശബരിമല വിഷയം ജനം തിരിച്ചറിവോടെ പരിശോധിക്കും. കുറ്റക്കാരെ പിടികൂടുന്നതിൽ സർക്കാരിന് അമാന്തമില്ല. ജനങ്ങൾക്ക് മുന്നിൽ ഒന്നും മറച്ചുവയ്ക്കാനില്ലെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.