

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐ ഉയര്‍ത്തുന്ന വിയോജിപ്പിനെ കണ്ടില്ലെന്ന് നടിക്കില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനം അംഗീകരിക്കില്ല. സംസ്ഥാനത്തിന്റെ സാഹചര്യമനുസരിച്ച് വിദ്യാഭ്യാസ നയത്തില്‍ മാറ്റം വരുത്തിക്കൊണ്ട് പദ്ധതി നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും എം.എ. ബേബി പറഞ്ഞു.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും. സംസ്ഥാന നിലപാട് വ്യക്തമാക്കിയ ശേഷം ആവശ്യമെങ്കില്‍ കേന്ദ്ര നേതൃത്വം ഇടപെടുമെന്നും എം.എ. ബേബി പറഞ്ഞു.
'ഇടതുപക്ഷ മുന്നണി ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ അറിയിച്ചത്. എല്‍ഡിഎഫ് ഇക്കാര്യം ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും,' എം.എ. ബേബി പറഞ്ഞു.
പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് അര്‍ഹതപ്പെട്ട കേന്ദ്ര ഫണ്ട് വാങ്ങിയെടുക്കുന്നതിനായാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. കേരളത്തിന് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. മുഖ്യമന്ത്രിയും, മന്ത്രിമാരും കേന്ദ്രത്തെ സമീപിക്കുന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. സിപിഐ എതിര്‍പ്പ് ഉന്നയിക്കുന്നതില്‍ തെറ്റ് പറയാനില്ലെന്നും വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്നുമായിരുന്നു ടി.പി. രാമകൃഷ്ണന്‍ പറഞ്ഞത്.
കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ ദേശീയതലത്തില്‍ നടപ്പിലാക്കുന്നതിനോട് വിയോജിപ്പുണ്ട്. അത്തരം എതിര്‍പ്പ് സിപിഐ ഉന്നയിക്കുന്നതില്‍ തെറ്റില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ പൊതുവെ ഉയര്‍ന്നുവന്ന പ്രശനത്തില്‍ പറഞ്ഞിരിക്കുന്നത് കേരളത്തിന് അര്‍ഹതപ്പെട്ട കേന്ദ്രഫണ്ട് വാങ്ങിയെടുക്കാനാവശ്യമായ് സമീപനം സ്വീകരിക്കണമെന്നാണ്. അതിനുള്ള സമരങ്ങളും ആശയപരമായ എതിര്‍പ്പും ഉന്നയിക്കുന്നതിലും ഒരുതരതത്തിലും പുറകോട്ട് പോകില്ലെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, പദ്ധതിക്ക് എതിരെ സിപിഐ മുഖപത്രമായ ജനയുഗത്തില്‍ ലേഖനം ഉയര്‍ന്നു വന്നിരുന്നു. ആര്‍എസ്എസ് തിട്ടൂരത്തിന് വഴങ്ങി നിലപാടും നയവും ബലി കഴിക്കുകയല്ല വേണ്ടതെന്നും ഈ നയ വ്യതിയാനം ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണെന്നുമാണ് ലേഖനത്തിലെ പരാമര്‍ശം.