

തിരുവനന്തപുരം: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽപെട്ടവർക്ക് സഹായഹസ്തവുമായി പ്രമുഖ വ്യവസായി എം.എ. യൂസഫലി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. ദുരന്തബാധിതർക്ക് തൃശൂർ ജില്ലാ കളക്ടർ വഴിയാണ് ധനസഹായം ലഭ്യമാക്കുക. എക്സ് പോസ്റ്റിലൂടെയാണ് യൂസഫലി സഹായവിവരം അറിയിച്ചത്.
തൃശൂരിലുണ്ടായത് ദുഃഖകരമായ സംഭവമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഉത്സവങ്ങൾ മനുഷ്യരെ ആഹ്ലാദിപ്പിക്കാനുള്ളതാണ്. എന്നാൽ, ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം സംഭവങ്ങൾ ദുഃഖം ഉണ്ടാക്കുന്നതാണ്. സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം കുറ്റമറ്റ രീതിയിൽ നടക്കട്ടെ. തുടർച്ചയായി ഉത്സവമേളകളിൽ അപകടമുണ്ടാക്കുന്നു. ഗൗരവകരമായ ചിന്തകൾ ആവശ്യമാണ്. നിർബന്ധമായും മുൻകൈയെടുക്കേണ്ടത് ബന്ധപ്പെട്ട ഉത്സവക്കമ്മിറ്റികളും മതപണ്ഡിതന്മാരുമാണ്. ദയവായി മുൻവിധി ഒന്നും കൂടാതെ അതേപറ്റി ചിന്തിക്കണം. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് ഉത്സവമേളകളുടെ മാറ്റുകൂട്ടാൻ ശ്രമിക്കുന്നത് അടിക്കടി ദുരന്തം ഉണ്ടാക്കുന്നു. അതേപ്പറ്റി ചിന്തിക്കാൻ എല്ലാവർക്കും കടമയുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
ആചാരത്തിൻ്റെ ഭാഗമായുള്ള വെടിക്കെട്ട് വേണ്ടെന്ന് പറയാൻ താൻ ആളല്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല. ഇതിൽ ആർക്കും എതിർപ്പ് വരാൻ സാധ്യത ഇല്ല. വെടിക്കെട്ടുകൾ കരുതലോടെ നടത്താൻ വേണ്ട നടപടികൾ വേണം. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജിലെത്തി പി.കെ. കുഞ്ഞാലിക്കുട്ടി സന്ദർശിച്ചു.