

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കുള്ള പൊലീസ് സംരക്ഷണ ഉത്തരവ് ഹൈക്കോടതി പിന്‍വലിച്ചു. ലഭ്യമായ ഫോണ്‍ നമ്പറിലും വിലാസത്തിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് സംരക്ഷണ ഉത്തരവ് പിൻവലിച്ചത്. ഇത് പെണ്‍കുട്ടിയുടെ പതിവ് രീതിയായി മാറിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. പെണ്‍കുട്ടി നേരിട്ട് വന്ന് പൊലീസിനോട് ആവശ്യപ്പെട്ടാല്‍ സംരക്ഷണം നല്‍കാമെന്ന് ഹൈക്കോടതി അറിയിച്ചു.
കഴിഞ്ഞ ജൂണ്‍ 19 മുതലാണ് മൊണാലിസ ഭോസ്‌ലെക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും പൊലീസ് സംരക്ഷണം നല്‍കിയിരുന്നത്. ജീവന് ഭീഷണി ഉണ്ടെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടി ഹര്‍ജി നല്‍കിയിരുന്നു. ഇതേത്തുടർന്നാണ് സുരക്ഷ ഒരുക്കാൻ എറണാകുളം സെന്‍ട്രല്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കിയത്.
ഇക്കഴിഞ്ഞ മാർച്ച് 11ന് തിരുവനന്തപുരം അരുമാനൂര്‍ ശ്രീ നയിനാര്‍ ദേവ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. പ്രയാഗ്‌രാജിലെ കുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിറ്റിരുന്ന പെൺകുട്ടിയുടെ വീഡിയോ വൈറലായതോടെയാണ് ഇവർ ലോകശ്രദ്ധ നേടിയത്. പിന്നാലെ സിനിമാ അവസരങ്ങളും പെൺകുട്ടിയെ തേടിയെത്തിയിരുന്നു.