കളമശേരി: കളമശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ടയിൽ പ്രധാന ഡീലർ പിടിയിൽ. ഒഡിഷ സ്വദേശി അജയ് പ്രധാനെ കളമശേരി പൊലീസാണ് പിടികൂടിയത്. നേരത്തെ പിടിയിലായവർക്ക് അജയ് പ്രധാൻ വൻ തോതിൽ ലഹരി കൈമാറിയത്. കേസിൽ ഇതുവരെ നാല് ഇതര സംസ്ഥാനക്കാരും മൂന്ന് വിദ്യാർഥികളും അറസ്റ്റിലായിട്ടുണ്ട്.
മാർച്ച് 13നായിരുന്നു കേസിനാസ്പദമായ സംഭവം. രഹസ്യവിവരത്തെ തുടർന്ന് കളമശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയിൽ രണ്ട് കിലോയോളം വരുന്ന കഞ്ചാവ് ശേഖരം പിടികൂടുകയായിരുന്നു. സംഭവത്തിൽ മൂന്നു വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ സ്വദേശി ആദിത്യന്‍ , കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്.
കേസിൽ പ്രതികളായ നാല് വിദ്യാർഥികളെയും കോളേജിൽ നിന്നും പുറത്താക്കിയിരുന്നു. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ പുറത്താക്കിയത്. പുറത്താക്കപ്പെട്ട വിദ്യാർഥികൾക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് കോളേജ് അധികൃതർ അറിയിച്ചിരുന്നു.
ഹോസ്റ്റലിലെ രണ്ട് മുറികളിൽ നിന്നായാണ് രണ്ട് കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ആദിൽ, ആകാശ് എന്നിവരുടെ മുറിയിൽ നിന്ന് 1.97 കിലോഗ്രാം കഞ്ചാവും, അഭിരാജ്, ആദിത്യൻ എന്നിവരുടെ മുറിയിൽ നിന്ന് 9.7 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.