തൃശൂർ: മുണ്ടത്തിക്കോട് പടക്കപ്പുരയിലെ സ്ഫോടനത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി,രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, തൃശൂർ എംപി സുരേഷ് ഗോപി എന്നിവരും സംഭവത്തിൽ അനുശോചനം അറിയിച്ചു. ആലത്തൂർ എംപി കെ. രാധാകൃഷ്ണൻ അപകട സ്ഥലം സന്ദർശിച്ചു.
മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖപ്പെടട്ടെയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. വാർത്ത ഹൃദയഭേദകമാണെന്നും സ്ഫോടനത്തിൽ ബാധിക്കപ്പെട്ടവരോടൊപ്പം നിൽക്കുന്നുവെന്നും രാഹുൽ ഗാന്ധി കുറിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒപ്പമാണെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നതായും പ്രിയങ്ക ഗാന്ധി എംപി എക്സിൽ കുറിച്ചു. പുറ്റിങ്ങലിന് ശേഷമുണ്ടായ ഏറ്റവും വലിയ ദുരന്തം എന്നാണ് കെ.സി. വേണുഗോപാൽ എംപി പറഞ്ഞത്. പരിക്കേറ്റവർക്ക് ധനസഹായം നൽകുന്നതിൽ പെരുമാറ്റ ചട്ടത്തിൽ കുടുക്കേണ്ട കാര്യമില്ല. സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിക്കണമെന്നും പ്രഖ്യാപിച്ചത് കൂടാതെ കൂടുതൽ തുക കേന്ദ്രം അനുവദിക്കണമെന്നും കെസി പറഞ്ഞു.
അപകടത്തിൽ മരിച്ചവർക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആദരാഞ്ജലികൾ നേർന്നു. "തൃശൂര്‍ പൂരത്തിൻ്റെ ഒരുക്കങ്ങള്‍ക്കിടെ പടക്ക നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനം ഞെട്ടിക്കുന്നതും കേരളത്തെയാകെ സങ്കടത്തിലാക്കുന്നതും ആണ്. 13 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും നിരവധി തൊഴിലാളികള്‍ക്ക് ഗുരുതര പൊള്ളലേറ്റെന്നുമുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അപകടത്തില്‍ ഉൾപ്പെട്ടവരെല്ലാം ദിവസ വേതനക്കാരായ സാധാരണ തൊഴിലാളികളാണ്. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ സര്‍ക്കാര്‍ ഉറപ്പാക്കണം. മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു," വി.ഡി. സതീശൻ അറിയിച്ചു.
"സ്ഫോടന വാർത്ത അതീവ ദുഃഖത്തോടെയും നടുക്കത്തോടെയുമാണ് അറിഞ്ഞത്. ഉപജീവനത്തിനായി പണിയെടുത്തു കൊണ്ടിരുന്ന സാധാരണക്കാരായ മനുഷ്യർക്ക് മേൽ ഇത്തരമൊരു ദുരന്തം വന്നുപതിച്ചു എന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ല. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങളുടെ വിയോഗത്തിൽ എന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ കുടുംബങ്ങളുടെ തീരാനഷ്ടത്തിൽ പങ്കുചേരുന്നു," തൃശൂർ എംപി സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
അപകടം നടന്ന മുണ്ടത്തിക്കോട് ആലത്തൂർ ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമാണ്. എംപി കെ. രാധാകൃഷ്ണനും സ്ഥലം എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളിയും അപകട സ്ഥലത്ത് എത്തി. സാധ്യമായ എല്ലാത്തരത്തിലും രക്ഷാപ്രവർത്തനം നടത്തുമെന്ന് കെ. രാധാകൃഷ്ണൻ എം.പി. പറഞ്ഞു. അപകടസ്ഥലത്ത് എത്രപേർ ഉണ്ടായിരുന്നു എന്നത് കൃത്യമായി പറയാൻ ഇപ്പോൾ സാധിക്കില്ല. എന്നാൽ രാത്രി വൈകിയും പരിശോധന നടത്തുമെന്നും, എല്ലാ വിവരങ്ങളും പരിശോധിച്ച് മാത്രമേ സ്ഥിരീകരണം നടത്താനാകൂ എന്നും എംപി വ്യക്തമാക്കി. സാധ്യമായ എല്ലാ രീതിയിലുമുള്ള രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെന്നും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും നേതൃത്വത്തിൽ ഇടപെടലുകൾ തുടരന്നുണ്ടെന്നും കെ രാധാകൃഷ്ണൻ എംപി വ്യക്തമാക്കി. പരിമിതികൾ ഉണ്ടെങ്കിലും പരിശോധന രാത്രിയും തുടരുമെന്നും, രക്ഷാപ്രവർത്തനം നടത്തുന്നവരോട് ജാഗരൂഗരായിരിക്കാന്‍ ആവശ്യപ്പെട്ടു എന്നും വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി പറഞ്ഞു.