തൃശൂർ: മണ്ണൂത്തിയിൽ ഗൃഹനാഥനെ കെട്ടിയിട്ട് മർദിച്ച് വൻ കവർച്ച. 45 പവൻ സ്വർണാഭരണങ്ങൾ കവർന്ന് മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഒല്ലൂക്കര സ്വദേശി സോമശേഖരന്റെ വീട്ടിലാണ് ഇന്ന് പുലർച്ചെ വൻ കവർച്ച നടന്നത്.
പുലർച്ചെ മൂന്ന് മണിയോടെയാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മണ്ണുത്തി ഒല്ലൂക്കര സ്വദേശിയായ സോമശേഖരന്റെ വീടിൻ്റെ പുറകുവശത്തെ വീടിന്റെ ഗ്രിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയത്. ഉറക്കത്തിലായിരുന്ന 72 വയസുകാരനായ സോമശേഖരനെ കിടപ്പുമുറിയിൽ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്ന് രക്ഷപ്പെടുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ച 43 പവനും സോമശേഖരന്റെ കഴുത്തിലെ രണ്ടു പവൻ മാലയും അടക്കം 45 പവൻ സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്. കവർച്ചക്കാരായ മൂന്നുപേരും ഹിന്ദി സംസാരിക്കുന്നവരായിരുന്നു എന്നാണ് ഗൃഹനാഥൻ മൊഴി നൽകിയതായി പൊലീസ് പറയുന്നത്.
മോഷ്ടാക്കൾ രക്ഷപ്പെട്ടതോടെ കെട്ടഴിച്ച് പുറത്തേക്ക് ഓടിവന്ന സോമശേഖരൻ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ തന്നെ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക തെളിവെടുപ്പ് നടത്തി. ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ സമീപത്തെ മഠം വരെ മോഷ്ടാക്കൾ എത്തിയതായി പൊലീസ് നായ കണ്ടെത്തി. ഫോറൻസിക് സംഘം വീടിനുള്ളിൽ നടത്തിയ തെളിവെടുപ്പിൽ ചില വിരലടയാളങ്ങൾ അടക്കം കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ചു കൊണ്ടാണ് നിലവിൽ പൊലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്.